ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ റാലിയില്‍ ദല്‍ഹി നഗരം യുദ്ധക്കളമായി മാറിയതിനിടയിലും പല ബുദ്ധിജീവികളും മാധ്യമപ്രവര്‍ത്തകരും കര്‍ഷകരെ വെള്ളപൂശാന്‍ ശ്രമിച്ചു. സമാന പ്രതികരമാണ് ഇന്ത്യ ടുഡേയിലെ മുതിര്‍ന്ന പത്രപ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായിയും നടത്തിയത്. റാലിക്കിടയിലെ കര്‍ഷകന്റെ മരണത്തെക്കുറിച്ച് തെറ്റായ വിവരമാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. പൊലീസ് വെടിവയ്പിലാണ് മരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
നിലവിലെ ക്രമസമാധാന നില വഷളാക്കാന്‍ തന്റെ ട്വീറ്റ് ഇടയാക്കിയേക്കാമെന്നുപോലും ചിന്തിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പെട്ടെന്നുള്ള അഭിപ്രായ പ്രകടനം. ‘ഐടിഒയില്‍ നടന്ന പൊലീസ് വെടിവയ്പില്‍ നവ്നീത് എന്ന 45-കാരന് മരിച്ചതായി ആരോപണം. കര്‍ഷകര്‍ എന്നോട് പറഞ്ഞു: ത്യാഗം വെറുതെയാകില്ല’- അദ്ദേഹം എഴുതി.
ത്രിവര്‍ണ പതാക പുതപ്പിച്ചു കിടത്തിയിരിക്കുന്ന മൃതദേഹത്തിന്റെ ചിത്രവും ട്വീറ്റിനൊപ്പം നല്‍കിയിരുന്നു. എന്നാല്‍ ട്രാക്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് മരണമുണ്ടായതെന്നായിരുന്നു സ്വന്തം മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്. പ്രതിഷേധത്തിന് പിന്നാലെ ഖേദം പോലും പ്രകടിപ്പിക്കാതെ രാജ്ദീപ് സര്‍ദേശായി ട്വീറ്റ് പിന്‍വലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: