ന്യൂദല്‍ഹി: ദല്‍ഹി നഗരത്തിലെ സിരാകേന്ദ്രമായ ചെങ്കോട്ടയിലും ഐടിഒയിലും സമരക്കാര്‍ പിടിമുറുക്കിയ സാഹചര്യത്തില്‍ ഈ പ്രദേശങ്ങളിലെ ടെലികോം, ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു. ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഈ നീക്കം. ചൊവ്വാഴ്ച അര്‍ദ്ധരാത്രിവരെയാണ് നിരോധനം.
സമരം സംബന്ധിച്ച അഭ്യൂഹങ്ങളും തെറ്റായ വാര്‍ത്തകളും പരക്കുന്നത് തടയാനായിരുന്നു ഈ നടപടി. ദല്‍ഹി പൊലീസ് സിംഘു, തിക്രി, ഘാസിപൂര്‍ അതിര്‍ത്തികളില്‍ കൃത്യമായ റൂട്ട് മാപ്പ് വരച്ചുനല്‍കി അതിലൂടെ ട്രാക്ടര്‍ റാലി നടത്താന്‍ അനുമതി നല്‍കിയിരുന്നെങ്കിലും ബികെയു (ഉഗ്രഹാന്‍), കര്‍ഷക മസ്ദൂര്‍ സംഘ് എന്നീ സംഘടനകളില്‍പ്പെട്ട പ്രവര്‍ത്തകര്‍ തള്ളിക്കയറുകയായിരുന്നു. അക്രമങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് കര്‍ഷകസമരങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ പ്രസ്താവിച്ചുകഴിഞ്ഞു.
ഇപ്പോഴും അക്രമികള്‍ ഉള്‍പ്പെടെയുള്ള സമരക്കാര്‍ ചെങ്കോട്ട പരിസരത്തും ഐടിഒ പരിസരത്തും തടിച്ചുകൂടിയിരിക്കുകയാണ്. ചെങ്കോട്ടിയില്‍ ഇതിനിടെ സമരത്തില്‍ ഒരു വിഭാഗക്കാര്‍ സിഖ് കൊടി നാട്ടിയതും അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. ഇത് ഖാലിസ്ഥാന്‍ വാദികളുടെ കൊടിയാണെന്നും ഖാലിസ്ഥാന്‍ വാദികളുടെ സംഘടനയായ നിരോധിക്കപ്പെട്ട സിഖ്സ് ഫോര്‍ ജസ്റ്റിസാണെന്നും വാദമുണ്ട്.
ദില്ലിയിലെ റിപ്പബ്ലിക് ദിനത്തില്‍ ഇരുട്ടിലാഴ്ത്തുമെന്ന് കഴിഞ്ഞയാഴ്ച സിഖ്സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. വൈദ്യുതി ബന്ധവും മറ്റും വിച്ഛേദിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: