കൊച്ചി: മാപ്പിള ലഹളയുടെ ഭാഗമായിമാറി, ഹിന്ദു കൂട്ടക്കൊലകള്‍ നടത്തിയതിന് ജയില്‍ ശിക്ഷയനുഭവിച്ചയാളെ വീരപുരുഷനായി ചിത്രീകരിച്ച നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ പ്രസംഗം വിവാദമാകുന്നു. സഭയില്‍ സംസാരിക്കരുതാത്ത സ്പീക്കര്‍ സംസാരിച്ചപ്പോള്‍ അബദ്ധംകൊണ്ട് ആറാട്ടു നടത്തിയ നിലയിലായി.
വ്യത്യസ്ത ജനുസാണ് ഞാനും എന്ന് സ്ഥാപിച്ച് പി. ശ്രീരാമകൃഷ്ണന് സംസാരിച്ചത് അദ്ദേഹത്തിനെതിരേ സ്വര്‍ണ, ഡോളര്‍ കള്ളക്കടത്തു കേസില്‍ ഉണ്ടായ ആരോപണങ്ങളെ തുടര്‍ന്ന് പ്രതിപക്ഷം സ്പീക്കര്‍ക്കെതിരേ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയപ്പോളായിരുന്നു. സ്വന്തം പൈതൃകവും പാര്‍ട്ടിയുടെ പാരമ്പര്യവും പറഞ്ഞ് നടത്തിയ രാഷ്ട്രീയ പ്രസംഗത്തില്‍ ഖുറാന് ഉദ്ധരിച്ചും മാപ്പിള ലഹള ഓര്‍മിപ്പിച്ചുമാണ് സ്വന്തം വിശ്വാസ്യത സ്ഥാപിച്ചത്. പക്ഷേ, പറഞ്ഞത് നുണയുടെ ചരിത്രമായിപ്പോയി.
മാപ്പിള ലഹളയെ മലബാര്‍ കലാപമെന്ന് വിശേഷിപ്പിച്ച് ശ്രീരാമകൃഷ്ണന് സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടായ, മാപ്പിള ലഹളയും മലബാര്‍ കലാപവുമല്ല, കര്‍ഷക ലഹളയാണെന്ന നിലപാട് മാറ്റിപ്പറഞ്ഞു. പിന്നീട് മാപ്പിള കര്‍ഷകര്‍ എന്ന് വിശേഷിപ്പിച്ച് കൂടുതല്‍ അബദ്ധത്തിലായി. ചരിത്ര വിശദീകരണത്തിലാണ് വമ്പന്‍ പിഴവ്, അല്ലെങ്കില്‍ ബോധപൂര്‍വം ചരിത്രം തെറ്റായി നിയമസഭയില്‍ പറഞ്ഞത്. അംഗങ്ങള്‍ തെറ്റായി പറഞ്ഞാല്‍ തിരുത്തുകയോ സഭാ രേഖകളില്‍നിന്ന് നീക്കുകയോ ചെയ്യേണ്ട ആളാണ് സ്പീക്കര്‍. പക്ഷേ, സ്പീക്കര്‍തന്നെയാണ് വ്യാജ ചരിത്രം അവതരിപ്പിച്ചത്.
സ്വന്തം പൈതൃകം പറയുമ്പോഴാണ്, ”മലബാര്‍ കലാപത്തില്‍ മാപ്പിള കര്‍ഷകര്‍ക്കൊപ്പം സമരത്തില്‍ പങ്കെടുത്ത് 14 വര്‍ഷം ജയില്‍ ജീവിതം അനുഭവിച്ച എം.പി. നാരായണമേനോന് എന്ന കോണ്‍ഗ്രസ് നേതാവിനെ”ക്കുറിച്ച് പറഞ്ഞത്. പക്ഷേ, നാരായണ മേനോന് ജയില്‍ ശിക്ഷ അനുഭവിച്ചത്, കൂട്ടക്കൊലകള്‍ക്ക് പ്രേരണയും ആഹ്വാനവും നല്‍കിയതിനായിരുന്നു. എസ്ജെസി നമ്പര്‍ 128/1922 ആയ കേസില്‍ കോടതി നല്കിയ വിധി ഉത്തരവില്‍ അക്കാര്യങ്ങള്‍ വ്യക്തമായി പറയുന്നുണ്ട്.
മാപ്പിള ലഹളയുടെ നൂറാം വര്‍ഷത്തില്‍ ബോധപൂര്‍വമാണ് ചരിത്രത്തിന്റെ ഈ വളച്ചൊടിക്കല്‍ നടത്തിയതെന്നാണ് കരുതുന്നത്. സഭാ രേഖകളില്‍ കയറിയ ഈ വിവരങ്ങള്‍ രേഖയില്‍നിന്ന് നീക്കാന്‍ യുഡിഎഫ്-എല്‍ഡിഎഫ് കക്ഷികളില്‍ ആരും ആവശ്യപ്പെടില്ല. നിയമസഭാ സമ്മേളനം കഴിയുകയും ചെയ്തു. ഇനി ഇതിനുള്ള നിയമ നടപടികള്‍ ആരെങ്കിലും നടത്തുമോ എന്നതും വിഷയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: