നിരീശ്വരവാദികളും ഹിന്ദുവിരുദ്ധരുമായ കമ്യൂണിസ്റ്റുകള്‍ നയിക്കുന്ന ഇടതുമുന്നണി ഭരണത്തില്‍ ക്ഷേത്രങ്ങള്‍ അനുഭവിക്കുന്ന ദുര്‍ഗതിക്ക് തെളിവാണ് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാനത്തിനു പുറത്തുനിന്ന് കോടികള്‍ കടമെടുക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരുങ്ങുന്നത്. ദക്ഷിണേന്ത്യന്‍ സര്‍ക്കാരുകളില്‍നിന്നോ അവിടങ്ങളിലെ ദേവസ്വങ്ങളില്‍നിന്നോ സമ്പന്നവ്യക്തികളില്‍നിന്നോ കടമെടുക്കാനാണ് നീക്കം. ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പിണറായി വിജയന്റെ സര്‍ക്കാര്‍ ക്ഷേത്രങ്ങളോട് പുലര്‍ത്തുന്ന ശത്രുതാപരമായ സമീപനം കണക്കിലെടുക്കുമ്പോള്‍ ഇതല്ലാതെ മറ്റ് മാര്‍ഗമില്ലെന്നതാണ് സ്ഥിതി. തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിലെ വരുമാനം നിത്യനിദാന ചെലവുകള്‍ക്കുപോലും തികയാതെ തീരെ കുറഞ്ഞതോടെ ശബരിമലയില്‍നിന്ന് ലഭിക്കുന്ന വരുമാനംകൊണ്ടാണ് ക്ഷേത്രജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനുമൊക്കെ നല്കിപ്പോന്നത്. എന്നാല്‍ ശബരിമലയിലെ വരുമാനവും നിലച്ചതോടെ ഇതിനും കഴിയാതായി. ക്ഷേത്രങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. അധികവരുമാനം ഉള്ളപ്പോള്‍ യഥേഷ്ടം എടുത്തുപയോഗിക്കുന്ന സര്‍ക്കാര്‍, സാമ്പത്തിക ഞെരുക്കം വരുമ്പോള്‍ ദേവസ്വം ബോര്‍ഡിനെ കടക്കെണിയിലാക്കുന്നത് ശരിയല്ല. ശബരിമലയുടെ നഷ്ടം നികത്താന്‍ സര്‍ക്കാരിനാവില്ലെന്നുള്ള ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രഖ്യാപനവും, കടമെടുക്കാതെ നിവൃത്തിയില്ലെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിന്റെ പ്രതികരണവും ഇടതുഭരണത്തിലെ ക്ഷേത്ര നടത്തിപ്പുകളുടെ പരിതാപകരമായ അവസ്ഥ വ്യക്തമാക്കുന്നുണ്ട്.
യുവതീപ്രവേശനമാകാമെന്ന സുപ്രീംകോടതി വിധിയോടെ ശബരിമലയോട് പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നിഷേധാത്മക സമീപനമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ വരുമാനത്തില്‍ ഗണ്യമായ കുറവുവരുത്തിയത്. ഭക്തജനങ്ങളുടെ വികാരങ്ങളെ മുറിപ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഒന്നിനു പുറകെ ഒന്നായി സ്വീകരിച്ച നടപടികളില്‍ പ്രതിഷേധിച്ച് അവര്‍ കാണിക്ക അര്‍പ്പിക്കാനും മറ്റുംവിമുഖത പ്രകടിപ്പിക്കുകയായിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ മറവില്‍ തങ്ങളുടെ ഹിന്ദുവിരുദ്ധ അജണ്ട വിജയിപ്പിച്ചെടുക്കാന്‍ സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും കാണിച്ച വ്യഗ്രത വലിയ ജനകീയ പ്രതിഷേധത്തിനിടയാക്കി. ഭക്തര്‍ കാണിക്കയിട്ടില്ലെങ്കിലും ക്ഷേത്രങ്ങളെ സര്‍ക്കാര്‍ സഹായിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം. ഈ വാഗ്ദാനം പാലിക്കപ്പെട്ടില്ല. പ്രളയവും കൊവിഡും മൂലം ശബരിമലയില്‍നിന്നുള്ള വരുമാനം ഏതാണ്ട് പൂര്‍ണമായി നിലച്ചപ്പോള്‍ സര്‍ക്കാര്‍ കൈമലര്‍ത്തുകയാണ്. കടുത്ത നിരീശ്വരവാദിയായിരുന്നിട്ടും ക്ഷേത്രങ്ങളില്‍ വന്ന് ഭക്തന് ചമയുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്തന്നെ സര്‍ക്കാരിന്റെ ക്ഷേത്രവിരുദ്ധ നിലപാട് വ്യക്തമാക്കിയത് ഹിന്ദുക്കള്‍ക്ക് അനുഭവപാഠമാണ്.
ക്ഷേത്രങ്ങളെ കറവപ്പശുക്കളായി കാണുന്നവരാണ് ഇടതു-വലതു മുന്നണികള്‍. ഇക്കാരണത്താല്‍ ക്ഷേത്രഭരണം രാഷ്ട്രീയമുക്തമാക്കണമെന്ന ആവശ്യത്തെ ഇരുകൂട്ടരും പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയാണ്. ക്ഷേത്രങ്ങള്‍ രാഷ്ട്രീയമുക്തമാക്കണമെന്ന് ശുപാര്‍ശ ചെയ്യുന്ന കെ.പി. ശങ്കരന് നായര്‍ കമ്മീഷന് റിപ്പോര്‍ട്ട് മാറിമാറി കേരളം ഭരിച്ച സര്‍ക്കാരുകള്‍ തമസ്ക്കരിക്കുകയായിരുന്നു. ഹിന്ദുക്കളുടെ ദേവാലയങ്ങള്‍ മാത്രം സര്‍ക്കാര്‍ കയ്യടക്കിവച്ചിരിക്കുന്നത് മതേതരവിരുദ്ധമാണെന്നും, അവരുടെ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും, സ്വാഭാവിക നീതിക്ക് നിരക്കുന്നതല്ലെന്നും ഹിന്ദു സംഘടനകള്‍ ആവശ്യപ്പെടുമ്പോഴൊക്കെ ചാടിവീണ് സിപിഎമ്മും കോണ്‍ഗ്രസ്സും ഒരുപോലെ എതിര്‍ക്കാറുണ്ട്. തങ്ങള്‍ ഹിന്ദുവിരുദ്ധരാണെന്ന് കാണിക്കാനുള്ള അവസരമായാണ് അവര്‍ ഇതിനെ കാണുന്നത്. തിരുവിതാംകൂര്‍ ക്ഷേത്രങ്ങളുടെ സ്വത്ത് മുഴുവന്‍ ബ്രിട്ടീഷ് ഭരണകാലത്ത് കേണല്‍ മണ്‍റോ പിടിച്ചെടുത്തതാണ്. ഇതുവഴി ക്ഷേത്രങ്ങള്‍ ദരിദ്രമാവുകയും സര്‍ക്കാര്‍ സമ്പന്നമാവുകയും ചെയ്തു. ഈ വരുമാനം കണക്കാക്കി ക്ഷേത്രങ്ങള്‍ക്ക് വര്‍ഷാശനം നല്‍കണമെന്ന് പിന്നീട് നിശ്ചയിച്ചിട്ടുള്ളതും, ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതുമാണ്. പക്ഷേ അത് പാലിക്കപ്പെട്ടില്ല. ക്ഷേത്രങ്ങള്‍ക്ക് അര്‍ഹതപ്പെട്ടത് നല്കുന്നതിനു പകരം ക്ഷേത്രവരുമാനം കൊള്ളയടിക്കുകയാണ് ഉണ്ടായത്. ഇതും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഈ സ്ഥിതിക്ക് മാറ്റം വരുത്താന്‍ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള പ്രതികരണം ഹൈന്ദവ സംഘടനകളുടെ ഭാഗത്തു നിന്ന് ഉണ്ടായേ തീരൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക: