തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ പരിരക്ഷാമേഖലയില്‍ ലോകോത്തര ചികിത്സാ സംവിധാനങ്ങളും സജ്ജീകരണങ്ങളുമായി തിരുവനന്തപുരം കിംസ്ഹെല്‍ത്തില്‍ പുതിയ ടവര്‍ ‘കിംസ്ഹെല്‍ത്ത് ഈസ്റ്റ്’ ഒരുങ്ങി. 4.6 ലക്ഷം ചതുരശ്രയടിയിലാണ് 10 നിലയിലുള്ള പുതിയ ബ്ലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്. കിംസ്ഹെല്‍ത്തിന്റെ മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമായി മുന്നൂറുകോടി രൂപ ചെലവഴിച്ചാണ് സമ്പൂര്‍ണമായും പരിസ്ഥിതിസൗഹൃദമായ ഈ പുതിയ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.
അത്യാധുനിക ഓപ്പറേഷന് തിയേറ്ററുകള്‍, കേന്ദ്രീകൃത നിരീക്ഷണമുള്ള 75 കിടക്കകളുള്ള ഐസിയു, റോബോട്ടിക് സര്‍ജറി യൂണിറ്റ്, ഹൈപ്പര്‍ബാറിക് ഓക്സിജന്‍ സൗകര്യം, വിശാലമായ ബെര്‍ത്തിംഗ് സ്യൂട്ടുകള്‍, ഡെലിവറി റൂമുകള്‍, 170 എസി മുറികള്‍, വെല്‍നെസ് സെന്റര്‍, ഫാര്‍മസി, കഫെറ്റീരിയ തുടങ്ങിയവയാണ് പുതിയ കെട്ടിടത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്.
വൃക്ക, കരള്‍, ഹൃദയം, ശ്വാസകോശം എന്നിവ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയകള്‍ക്കുള്ള വിഭാഗവും പ്രത്യേക മാതൃശിശു വിഭാഗവും ഇവിടെ പ്രവര്‍ത്തിക്കും. ഫീറ്റല്‍ മെഡിസിന്, പെരിനാറ്റോളജി, അഡ്വാന്‍സ്ഡ് കാര്‍ഡിയാക് ആന്‍ഡ് ന്യൂറോസര്‍ജറി, പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി, 30 കിടക്കകളുള്ള അത്യാധുനിക നവജാതശിശു ചികിത്സാ വിഭാഗവും ഐസിയുവും അനുബന്ധ സേവനങ്ങളും പുതിയ ബ്ലോക്കിലുണ്ട്.
സ്വകാര്യത ഉറപ്പാക്കുന്ന ഡെര്‍മെറ്റോളജി, കോസ്മെറ്റോളജി, പ്ലാസ്റ്റിക് സര്‍ജറി വിഭാഗങ്ങള്‍, എംആര്‍ഐയും സ്പെക്ട് സ്കാനും അഡ്വാന്‍സ്ഡ് അള്‍ട്രാസൗണ്ട് മെഷീനുകളും ഉള്‍പ്പെടുന്ന റേഡിയോളജി യൂണിറ്റ്, ഫാസ്റ്റ്ട്രാക്ക് കണ്‍സള്‍ട്ടേഷനോടുകൂടിയ വെല്‍നെസ് സെന്റര്‍, എക്സിക്യുട്ടീവ് ഫിസിക്കല്‍സ്, സാമൂഹ്യ അകലവും ശുചിത്വവും ഉറപ്പുവരുത്തി എല്ലാ പ്രായക്കാര്‍ക്കുമുള്ള വാക്സിനേഷന് സേവനങ്ങള്‍, റസ്റ്റോറന്റ്, ഫാര്‍മസി, ഹെല്‍ത്ത് സ്റ്റോര്‍, റീട്ടെയ്ല്‍ ഔട്ട്ലെറ്റുകള് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. 800ല്‍പരം പേര്‍ക്ക് നേരിട്ടും അല്ലാതെയും ഇവിടെ ജോലി ലഭിക്കും.
മഹാമാരി നിരവധി പാഠങ്ങള്‍ പഠിപ്പിച്ചതായി കിംസ്ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം ഐ സഹദുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൃത്യമായ രോഗനിര്‍ണയം, രോഗപ്രതിരോധം, തുടര്‍ചികിത്സ, കരുതല്‍ എന്നിവ സമന്വയിപ്പിച്ച് ആരോഗ്യ പരിചരണത്തിന് പുതിയ സമീപനം നല്‍കേണ്ടതുണ്ട്. നൂതന ആരോഗ്യപരിരക്ഷ പ്രദാനം ചെയ്യുന്നതിലൂടെ ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും കിംസ്ഹെല്‍ത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രതീകമായിരിക്കും പുതിയ കിംസ്ഹെല്‍ത്ത് ഈസ്റ്റ്. പൊതു- സ്വകാര്യ-പങ്കാളിത്തവും സ്വകാര്യ- സ്വകാര്യ – പങ്കാളിത്തവുമാണ് വികസനത്തിന് ഉദാത്ത മാതൃകകളെന്നും ഭാവിയെ പുനര്‍നിര്‍വ്വചിക്കാന്‍ പര്യാപ്തമായ ഇത്തരം ആശയങ്ങള്‍ക്ക് കരുത്തേകേണ്ട സമയമിതാണെന്നും അദ്ദേഹം വ്യക്തമാക്കി.
പരിസ്ഥിതി സൗഹാര്‍ദ്ധമായാണ് കിംസ്ഹെല്‍ത്ത് ഈസ്റ്റിന്റെ നിര്‍മ്മാണം. കെട്ടിടത്തിനാവശ്യമായ ഊര്‍ജ്ജലഭ്യതയ്ക്ക് സൗരോര്‍ജ്ജ പാനലുകളും വെള്ളത്തിന് മഴവെള്ള സംഭരണിയും സജ്ജമാക്കിയിട്ടുണ്ട്. ആശുപത്രികളില്‍ രാജ്യത്ത് ആദ്യമായി ഗ്രീന്‍ ബില്‍ഡിംഗ് പ്ലാറ്റിനം റേറ്റ് സര്ട്ടിഫിക്കേഷന് നേടുന്നതിനുള്ള പരിശ്രമത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് ദശാബ്ദത്തിന് മുന്നേ കിംസ്ഹെല്ത്തായിരുന്നു ആധുനിക മെഡിക്കല്‍ പരിചരണത്തില്‍ പുത്തന്‍ പ്രവണതകള്‍ക്ക് തുടക്കമിട്ടതെന്ന് കിംസ്ഹെല്‍ത്ത് വൈസ് ചെയര്മാന് ഡോ.ജി വിജയരാഘവന് പറഞ്ഞു. 2021 ല്‍ പുതിയ ഈസ്റ്റ് ബ്ലോക്കിലൂടെ കേരളത്തിലെ ജനങ്ങള്‍ക്കായി ചികിത്സാരംഗത്ത് അത്യാധുനിക വികാസങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയാണ്. മുന്‍കാലങ്ങളിലെന്ന പോലെ പൊതുജനങ്ങള്‍ ഈ പുതിയ സേവനങ്ങളും ഇരുകൈനീട്ടി സ്വീകരിക്കും എന്നത് ഉറപ്പാണ്. കിംസ്ഹെല്‍ത്തിലെ മിതമായ നിരക്കിലുള്ള ചികിത്സ പൊതുജനങ്ങള്‍ പ്രകീര്ത്തിച്ചിട്ടുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിജിറ്റല്‍വല്‍ക്കരണം ഉള്‍പ്പെടെ അത്യാധുനിക സാങ്കേതിക സൗകര്യങ്ങളൊരുക്കുന്നതിനും ലോകോത്തര ചികിത്സാമാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുന്നതിനും പുറമേ പരിചയസമ്പന്നതയും വൈദഗ്ധ്യവും പ്രതിബദ്ധതയുമുള്ള പ്രൊഫഷണലുകളിലൂടെ ഗുണമേന്മയുള്ള പരിചരണം നല്‍കാനാണ് ശ്രമിക്കുന്നതെന്ന് കിംസ്ഹെല്‍ത്ത് ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഡോ. ഷെറീഫ് സഹദുള്ള പറഞ്ഞു.
കിംസ്ഹെല്‍ത്ത് രണ്ട് ദശാബ്ദങ്ങള്‍ പൂര്‍ത്തീകരിച്ചതായി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഇ എം നജീബ് അറിയിച്ചു. 900 ല്‍പരം ഡോക്ടര്‍മാരും 6000 ആരോഗ്യപരിരക്ഷാ പ്രൊഫഷണലുകളുമായി ആറ് രാജ്യങ്ങളില്‍ ഗ്രൂപ്പിന്റെ സാന്നിധ്യമുണ്ട്. കിംസ്ഹെല്‍ത്ത് ഈസ്റ്റിന്റെ പൂര്‍ത്തീകരണത്തോടെ കിടക്കകളുടെ ശേഷി 900 ആയി വര്‍ദ്ധിച്ചതിനാല്‍ ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമുള്പ്പെടെയുള്ള ആകെ കിടക്കളുടെ ശേഷി 2,000 ഉയര്‍ന്നു. ഇന്ത്യ, ബഹ്റിന്, ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലെ ആശുപത്രികളിലൂടേയും മെഡിക്കല്‍ സെന്ററുകളിലൂടേയും 2.5 ദശലക്ഷത്തോളം പ്രാദേശിക, രാജ്യാന്തര രോഗികള്‍ക്കാണ് വര്‍ഷം തോറും കിംസ്ഹെല്‍ത്ത് ചികിത്സ ലഭ്യമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ജെറി ഫിലിപ്പും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: