തിരുവനന്തപുരം: സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 26ന് രാവിലെ ഒന്‍പതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ദേശീയ പതാക ഉയര്‍ത്തും. സായുധ സേന, പോലീസ്, പാരാമിലിറ്ററി, എന്‍.സി.സി പരേഡുകളും ചടങ്ങില്‍ നടക്കും.
കോവിഡ് പശ്ചാത്തലത്തില്‍ ക്ഷണിക്കപ്പെട്ട 100 പേര്‍ക്കായിരിക്കും പ്രവേശനം. ജില്ലാതല പരിപാടികളില്‍ മന്ത്രിമാര്‍ പതാക ഉയര്‍ത്തും. പരമാവധി 100 പേര്‍ക്കായിരിക്കും പ്രവേശനം. സബ് ജില്ലാ തലത്തില്‍ സബ് ജില്ലാ മജിസ്ട്രേറ്റുമാരും ബ്ലോക്ക് തലത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുമാണ് പതാക ഉയര്‍ത്തുക. പരമാവധി 75 പേര്‍ക്കാണ് ചടങ്ങില്‍ പ്രവേശനം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അധ്യക്ഷന്മാരാണ് പതാക ഉയര്‍ത്തുക. പരമാവധി 50 പേര്‍ക്കാണ് പ്രവേശനം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സ്കൂളുകളിലും നടക്കുന്ന പരിപാടികളില്‍ പരമാവധി 50 പേര്‍ക്കാണ് പ്രവേശനം. കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം, മാസ്ക്, സാനിറ്റൈസേഷന്‍ തുടങ്ങിയ എല്ലാ ആരോഗ്യ പ്രോട്ടോകോളുകളും ചടങ്ങുകളില്‍ പാലിക്കണം. പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും ചടങ്ങുകളില്‍ പ്രവേശനമുണ്ടായിരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: