ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ചും ഇന്ത്യയെ ‘ജഗദ്ഗുരു’ എന്നു വിശേഷിപ്പിച്ചും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും രാഷ്ട്രീയ നേതാവുമായ ഷാ ഫൈസല്‍. കാശിയിലെ കോവിഡ് വാക്സിനേഷന് ഗുണഭോക്താക്കളുമായി ഓണ്‍ലൈന്‍ വഴി പ്രധാനമന്ത്രി സംവദിക്കുന്ന വീഡിയോ പങ്കുവച്ചായിരുന്നു ഷാ ഫൈസലിന്റെ പ്രതികരണം. വാക്സിനേഷന് പരിപാടി മാത്രമല്ലിത്. ഇത് സദ്ഭരണവും രാഷ്ട്രനിര്മാണവുമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം സ്ഥാനത്തെത്തിയ ആദ്യ കാശ്മീരിയാണ് ഷാ ഫൈസല്‍. പിന്നീട് രാജിവച്ച് 2019 ജനുവരിയില്‍ ജമ്മുകാശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ്(ജെകെപിഎം) എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു.
ജമ്മുകാശ്മീരിന്റൈ പ്രത്യേക പദവി നീക്കം ചെയ്തതിനു പിന്നാലെ ദല്‍ഹി വിമാനത്താവളത്തില്‍നിന്ന് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കുകയും ശ്രീനഗറിലുള്ള സെന്റോര്‍ ഹോട്ടലിലെ താത്ക്കാലിക തടങ്കല്‍ കേന്ദ്രത്തില്‍ പാര്‍പ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് വീട്ടിലേക്കുമാറ്റി വീട്ടുതടവിലാക്കി. ഓഗസ്റ്റ് 12ന് ജമ്മു കാശ്മീര്‍ ഭരണകൂടം ഇദ്ദേഹത്തിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
എന്നാല്‍ ഇതിനെ ഷാ ഫൈസല്‍ ദല്‍ഹി ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. പിന്നീട് ഇയാള്‍ക്കെതിരെ പൊതുസുരക്ഷാ നിയമം ചുമത്തിയിരുന്നു. മാസങ്ങള്‍ നീണ്ട തടങ്കലിനുശേഷം 2020 ജൂണില്‍ മോചിപ്പിച്ചു. പിന്നീട് അദ്ദേഹം ജെകെപിഎമ്മിന്റെ അധ്യക്ഷസ്ഥാനം രാജിവച്ചിരുന്നു. അന്നുമുതല്‍ ഭാവികാര്യങ്ങളില്‍ മൗനം പാലിച്ചുവരികയായിരുന്നു. പഴയ ട്വീറ്റുകള്‍ മായ്ച്ചുകളയുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: