ന്യൂദല്‍ഹി: കൊവിഡിനെതിരായ പോരാട്ടത്തിന് വലിയ പിന്തുണ നല്കുന്ന ഇന്ത്യയ്ക്കും പ്രധാനമന്ത്രിക്കും നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന. ‘നന്ദി ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോവിഡിനെതിരായ ആഗോള പോരാട്ടത്തിനുളള നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണയ്ക്ക്. ഒന്നിച്ചുനിന്ന് അറിവുകള്‍ പങ്കുവെക്കുകയാണെങ്കില്‍ മാത്രമേ ഈ വൈറസിനെ നമുക്ക് തടുക്കാനാവൂ. ജീവിതവും ജീവനുകളും രക്ഷിക്കാനാവൂ.’ ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ട്വീറ്റ് ചെയ്തു.
അയല്‍ രാജ്യങ്ങളിലേക്കും ബ്രസീല്‍, മൊറോക്കോ എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യ വാക്സിന് കയറ്റുമതി ചെയ്തിരുന്നു. ഇന്ത്യയില്‍ നിന്ന് ബ്രസീലിലേക്കുള്ള കോവിഡ് വാക്സിന് കയറ്റുമതിയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നന്ദിയറിച്ച് ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരോയുടെ ട്വീറ്റ് ചെയ്തിരുന്നു. ബ്രസീലിയന്‍ ഭാഷയിലായിരുന്നു ട്വീറ്റ്. എന്നാല്‍, ലക്ഷ്മണന്റെ ജീവന് രക്ഷിക്കാനുള്ള മൃതസഞ്ജീവനിക്കായി ഗന്ധമാദനപര്‍വതം കൈയിലേന്തി ആകാശത്തൂടെ നീങ്ങുന്ന ഹനുമാന്റെ ചിത്രമാണ് ട്വീറ്റിലുള്ളത്. ഒപ്പം, നമസ്കാര്‍, നന്ദിയറിയിക്കാന്‍ ധന്യവാദ് എന്നീ ഹിന്ദി വാക്കുകളാണ് ബൊല്‍സനാരോ ഉപയോഗിച്ചത്. ട്വീറ്റിന്റെ ഇംഗ്ലീഷ് പരിഭാഷ ആദ്യ റിപ്ലൈയായി ട്വീറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്ത് ആരംഭിക്കുന്ന ട്വീറ്റില്‍ കോവിഡ് പ്രതിസന്ധി തരണം ചെയ്യാനുള്ള ശ്രമത്തില്‍ ഇന്ത്യയെ പോലെ മഹത്തായ രാജ്യത്തിന്റെ പങ്കാളിത്തം ലഭിച്ചതില്‍ അതിയായ അഭിമാനമുണ്ടെന്ന് ബ്രസീല്‍ പ്രസിഡന്റ് കുറിച്ചു. ബ്രസീലിലേക്ക് വാക്സിന് കയറ്റി അയച്ച് ഇന്ത്യ നല്കിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു.
ആഗോളപ്രതിസന്ധി മറികടക്കാനുള്ള യജ്ഞത്തില്‍ ഉത്കൃഷ്ടനായ പങ്കാളിയെ ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് ബൊല്‍സനാരോ ട്വീറ്റില്‍ അറിയിച്ചു. രണ്ട് ദശലക്ഷം കോവിഷീല്‍ഡ് വാക്സിന് ഡോസുകളാണ് വെള്ളിയാഴ്ച ഇന്ത്യയില്‍ നിന്ന് ബ്രസീലിലേക്ക് അയച്ചത്.
ആരോഗ്യ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നത് തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെ പോരാടുന്നതില്‍ ബ്രസീലിന്റെ വിശ്വസ്ത പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ആരോഗ്യ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നത് തുടരുമെന്നും ബോല്‍സനാരോയുടെ ട്വീറ്റിന് മറുപടിയായി അദ്ദേഹം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: