അഞ്ചല്‍: ചന്തമുക്ക് തഴമേല്‍ റോഡില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഇലക്ട്രിസിറ്റി അഞ്ചല്‍ വെസ്റ്റ് ഓഫീസ് പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാതെ മാറ്റി. വട്ടമണ്‍ പാലത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ വീട് വാടകക്കെടുത്താണ് ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഇത് ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
വാഹനങ്ങള്‍ അമിത വേഗത്തില്‍ പോകുന്ന അഞ്ചല്‍-ആയൂര്‍ റോഡില്‍ പാലത്തിന് സമീപം അപകട മേഖലയിലാണ് ഇലക്ട്രിസിറ്റി ഓഫീസ് വാടകയ്ക്ക് എടുത്ത് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഓഫീസിന് മുന്നില്‍ ബസ്സ്റ്റോപ്പ് ഇല്ലാത്തതും ജനങ്ങളെ വലയ്ക്കുന്നു. അഞ്ചല്‍ ചന്തമുക്കിലെ തഴമേല്‍ റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഇലക്ട്രിസിറ്റി ഓഫീസില്‍ ജനങ്ങള്‍ എത്തുമ്പോഴാണ് ഓഫീസ് വട്ടമണ്‍ പാലത്തിന് സമീപത്ത് പ്രവര്‍ത്തനം ആരംഭിച്ചത് അറിയുന്നത്. സ്വന്തമായി വാഹനം ഇല്ലാത്തവര്‍ ഇവിടെ നിന്നും ഒരു കിലോമീറ്ററോളം നടന്ന് വേണം വട്ടമണ്‍ പാലത്തിന് സമീപം എത്താന്‍. വട്ടമണ്‍ പാലത്തിന് സമീപത്ത് സ്വകാര്യ വ്യക്തിയുടെ വീട് 25500 രൂപ വാടക വ്യവസ്ഥയിലെടുത്താണ് കെഎസ്ഇബി അധികൃതര്‍ ഓഫീസിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.
എന്നാല്‍ വിവിധ ആവശ്യങ്ങള്‍ക്ക് കെഎസ്ഇബി ഓഫീസിലെത്തുന്നവര്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ സൗകര്യം നോക്കി മാത്രമാണ് ഓഫീസിന്റെ പ്രവര്‍ത്തനം വട്ടമണ്‍ പാലത്തിന് സമീപത്തേക്ക് മാറ്റിയതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: