തിരുവനന്തപുരം: സംസ്ഥാനത്ത് വസ്തു കെട്ടിട രജിസ്ട്രേഷന് അധിക നികുതി ഏര്‍പ്പെടുത്തുന്നു. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമായി. സംസ്ഥാന സര്‍ക്കാരിന്റെ കാലാവധി തീരാനിരിക്കേയാണ് അധിക നികുതി എര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങുന്നത്. ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ പ്രകാരമാണ് ഈ നടപടി. എന്നാല്‍ ജനങ്ങള്‍ക്ക് ഇത് അധിക ബാധ്യതയാകും.
ഒരു ലക്ഷം രൂപയിലേറെ വിലയുള്ള ഭൂമി കെട്ടിട രജിസ്ട്രേഷനുകള്‍ക്കായി ഇനി മുതല്‍ രണ്ട് ശതമാനം അധിക നികുതി നല്‍കണമെന്നാണ് തീരുമാനം. നിലവില്‍ ഭൂമി ഇടപാടുകള്‍ക്ക് എട്ട് ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും രണ്ട് ശതമാനം രജിസ്ട്രേഷന് ഫീസുമാണ് ഈടാക്കുന്നത്. പുതിയ നികുതി കൂടി വരുന്നതോടെ രജിസ്ട്രേഷന് ചിലവ് ഭൂമി/കെട്ടിട ന്യായവിലയുടെ 12 ശതമാനമായി ഉയരും.
അതേസമയം 25,000 രൂപയോ അതില്‍ കൂടുതല്‍ വിലയുമുള്ള ഭൂമിയുടെയോ കെട്ടിടങ്ങളുടെയോ രജിസ്ട്രേഷന് വിലയുടെ ഒരു ശതമാനം നികുതിയായി ശേഖരിച്ച് ജില്ലാ പഞ്ചായത്തുകള്‍ക്കു കൈമാറുമെന്നായിരുന്നു മുന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് അധ്യക്ഷനായ കമ്മിഷന് ശുപാര്‍ശ ചെയ്തത്.
എന്നാല്‍ ഇത് ഒരു ലക്ഷം രൂപയിലേറെയുള്ള ഇടപാടുകള്‍ക്ക് രണ്ട് ശതമാനം എന്ന തരത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇത്തരത്തില്‍ പിരിക്കുന്ന അധിക നികുതിയുടെ തുക രജിസ്ട്രേഷന് വകുപ്പ് പിരിച്ചെടുത്ത് അതതു ജില്ലാ പഞ്ചായത്തുകള്‍ക്ക് കൈമാറണമെന്നാണ് ധനവകുപ്പ് തീരുമാനമെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: