തിരുവനന്തപുരം: ഇന്നലെ അവസാനിച്ച പതിനാലാം നിയമസഭ കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ 22 സമ്മേളനങ്ങളിലായി ആകെ സമ്മേളിച്ചത് 232 ദിനങ്ങള്‍. ഈ കാലയളവില്‍ 6328 ചോദ്യങ്ങള്‍ നക്ഷത്രച്ചിഹ്നമിട്ട ചോദ്യങ്ങളുടെ ലിസ്റ്റിലും 66,154 ചോദ്യങ്ങള്‍ നക്ഷത്രച്ചിഹ്നമിടാത്ത ചോദ്യങ്ങളുടെ ലിസ്റ്റിലും ഉള്‍പ്പെടുത്തി ആകെ 72482 ചോദ്യങ്ങളാണ് സഭയില്‍ എത്തിയത്. ഇതില്‍ 2581 ചോദ്യങ്ങള്‍ക്ക് ഇതേവരെ സര്‍ക്കാര്‍ ഉത്തരം നല്‍കിയിട്ടില്ല. എം എല്‍ എമാര്‍ സഭയില്‍ കൊണ്ടുവരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി രേഖാമൂലം ലഭിക്കുക എന്നത് അവകാശമായിട്ടാണ് കരുതുന്നത്. എന്നിട്ടും ഇത്രയും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനിയില്ല എന്നത് നിസ്സാരമല്ല.
ചോദ്യോത്തര വേളകളില്‍ 645 ചോദ്യങ്ങള്‍ സഭാതലത്തില്‍ പരിഗണിക്കപ്പെടുകയും 5020 ഉപചോദ്യങ്ങള്‍ ഉന്നയിക്കുവാന്‍ അംഗങ്ങള്‍ക്ക് അവസരം ലഭിക്കുകയും ചെയ്തു.
ജനകീയ പ്രശ്‌നങ്ങളിലേക്ക് ബന്ധപ്പെട്ട മന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കാന്‍ 364 അവസരങ്ങളും പൊതു പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി 2072 സബ്മിഷനുകളും ഉണ്ടായി
വിവിധ സ്റ്റാറ്റിയൂട്ടുകള്‍ പ്രകാരം സഭയുടെ മേശപ്പുറത്തു വയ്‌ക്കേണ്ടതായ 5233 ഔദ്യോഗിക രേഖകളാണ് ഇക്കാലയളവില്‍ സഭയുടെ മേശപ്പുറത്തു വയ്‌ക്കപ്പെട്ടത്. 213 ഔദ്യോഗിക ബില്ലുകളും 62 അനൗദ്യോഗിക ബില്ലുകളും ഉള്‍പ്പെടെ 275 ബില്ലുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അവയില്‍ 87 ഗവണ്മെന്റ് ബില്ലുകളും 22 ധനവിനിയോഗ ബില്ലുകളും ഉള്‍പ്പെടെ 109 നിയമങ്ങള്‍ പാസ്സാക്കി.
കേരള മാരിടൈം ബോര്‍ഡ് ബില്‍ 2581 ചോദ്യങ്ങള്‍ ഗവര്‍ണ്ണര്‍ തിരിച്ചയച്ചു.കേരള (പ്രൊഫഷണല്‍ കോളേജുകള്‍ (മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം ക്രമവല്‍ക്കരിക്കല്‍)) ബില്ലിന് ഭരണഘടനയുടെ അനുച്ഛേദം 200 അനുസരിച്ച് ഗവര്‍ണ്ണര്‍ അനുമതി നിഷേധിച്ചതും പ്രധാന സംഭവമായി.
ചട്ടം 23 അനുസരിച്ചുള്ള 2 സ്റ്റാറ്റിയൂട്ടറി പ്രമേയങ്ങളും ചട്ടം 118 അനുസരിച്ചുള്ള 20 ഗവണ്മെന്റ് പ്രമേയങ്ങളും ഇക്കാലയളവില്‍ സഭ പാസ്സാക്കുകയുണ്ടായി.
സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തുന്ന ഒരു പ്രമേയം സഭ വോട്ടിനിട്ടു തള്ളുകയും സ്പീക്കറെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെടുന്ന മറ്റൊരു പ്രമേയം അവതരണ ത്തിനുശേഷം ഭരണ ഘടനയില്‍ വ്യവസ്ഥ ചെയ്യുന്ന പ്രകാരമുള്ള ഭൂരിപക്ഷമില്ലാത്തതിനാല്‍ സഭാ തലത്തില്‍ പരാജയപ്പെടുകയും ചെയ്തു.
ഈ സഭാകാലയളവില്‍ ഡി.വി. ഗാലറിയില്‍ 1259ഉം സ്പീക്കേഴ്‌സ് ഗാലറിയില്‍ 24062 ഉം പബ്ലിക് ഗാലറിയില്‍ 40403ഉം ഉള്‍പ്പെടെ ആകെ 65724 സന്ദര്‍ശകര്‍ നിയമസഭാ നടപടികള്‍ വീക്ഷിക്കാനെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: