ആലപ്പുഴ: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സെക്യൂരിറ്റി കൗണ്‍സിലിലും മലയാളിത്തിളക്കം. ആലപ്പുഴ തണ്ണീര്‍മുക്കം കണ്ണങ്കര പള്ളിക്കു സമീപമുള്ള കളത്തില്‍ കുടുംബത്തിലെ ശാന്തി (45) ആണ് അമേരിക്കന്‍ പ്രസിഡന്റിന്റെ സെക്യൂരിറ്റി കൗണ്‍സില്‍ അംഗം എന്ന സുപ്രധാന സ്ഥാനത്തേയ്‌ക്ക് നിയമിതയായത്.
ജേര്‍ണലിസം യോഗ്യതയുള്ള ശാന്തി ജനിച്ചതും വളര്‍ന്നതും അമേരിക്കയിൽ തന്നെയാണ്. 60 വര്‍ഷം മുമ്പ് ബിഎസ്‌സി പാസായ ശേഷം ശാന്തിയുടെ പിതാവ് പ്രഫസര്‍ ഡോ.ജയിംസ് പിഎച്ച്ഡി ചെയ്യുന്നതിനായാണ് അമേരിക്കയിലേയ്‌ക്ക് വിമാനം കയറിയത്. തുടര്‍ന്ന് പിഎച്ച്ഡി നേടിയ ശേഷം അവിടെ കോളേജ് അദ്ധ്യാപകനായി ജീവിതമാരംഭിച്ചു. പ്രൊ. ലൂസിയ ആണ് ശാന്തിയുടെ മാതാവ്. പ്രൊഫസര്‍. ജയന്‍ സഹോദരനാണ്.
ശാന്തിയ്‌ക്ക് നാല് വയസുള്ളപ്പോഴാണ് അവസാനമായി കണ്ണങ്കര കളത്തില്‍ തറവാട്ടില്‍ എത്തുന്നത്. അതിനു ശേഷം ശാന്തിയുടെ പിതാവ് മരിക്കുന്നതു വരെ തറവാട്ടിലെ മൂത്ത ജേഷ്ടന്‍ ബേബിച്ചായനെ വിളിക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്തിരുന്നു. രണ്ടു കൊല്ലം മുമ്പ് ജയിംസ് മരിച്ചു. അതിനു ശേഷം കണ്ണങ്കര കുടുംബത്തിലേയ്‌ക്ക് ക്ഷേമാന്വേഷണങ്ങള്‍ ഉണ്ടായിട്ടില്ല. ജോലിത്തിരക്കുകള്‍ കാരണമാകാം ഫോണ്‍ വിളിക്കാത്തതെന്നാണ് ബേബിച്ചായന്‍ പറയുന്നത്. ഇപ്പോള്‍ ശാന്തി മോളെ കണ്ടാലൊന്നു അറിയാന്‍ കഴിയില്ല. കുഞ്ഞുംന്നാളിലെ ചെറിയ ഓര്‍മ്മകള്‍ മാത്രമാണ് ഈ വല്യപ്പച്ചന് ഉള്ളത്.
മാധ്യമങ്ങളില്‍ നിന്നാണ് ശാന്തി മോളുടെ സ്ഥാനലബ്ധിയെക്കുറിച്ച് അറിയാന്‍ കഴിഞ്ഞത് എന്ന് ബേബിച്ചായന്‍. അച്ചായന്റെ മക്കളും ജോലിയുമായി ബന്ധപ്പെട്ട് കേരളത്തിനു വെളിയില്‍ ആണ്. അതിനാല്‍ കര്‍ഷകനായിരുന്ന ബേബിച്ചായനും ഭാര്യ കത്രീനയും മാത്രമാണ് കണ്ണങ്കരവീട്ടിലെ താമസക്കാര്‍.
ചിത്രം ശാന്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: