ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ദല്‍ഹി അതിര്‍ത്തികളില്‍ രണ്ടു മാസമായി തുടരുന്ന സമരത്തോട് ഇനി വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പതിനൊന്നാം വട്ട ചര്‍ച്ചയില്‍ കര്‍ഷക സംഘടനാ പ്രതിനിധികളെ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചു. ഇനി ചര്‍ച്ചയ്‌ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ കര്‍ഷക സംഘടനകള്‍ തീയതി അറിയിച്ചാല്‍ മതിയെന്നും കേന്ദ്ര മന്ത്രിമാര്‍ വ്യക്തമാക്കി.
ബാഹ്യശക്തികളുടെ കൈകളില്‍പ്പെട്ട കര്‍ഷക സംഘടനകള്‍ക്ക് ചര്‍ച്ചകളില്‍ തീരുമാനമെടുക്കാനാകില്ലെന്ന് ഉറപ്പായതോടെയാണ് കേന്ദ്രം നിലപാട് കൂടുതല്‍ കര്‍ക്കശമാക്കിയത്. നിയമങ്ങള്‍ നടപ്പാക്കുന്നത് 18 മാസത്തേക്ക് നീട്ടിവയ്‌ക്കാമെന്ന് കഴിഞ്ഞ ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം കര്‍ഷക സംഘടനകളുടെ യോഗം തള്ളി. പഞ്ചാബിലെ പ്രധാന 35 കര്‍ഷക സംഘടനകളില്‍ പന്ത്രണ്ട് സംഘടനകള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തോട് യോജിക്കുകയും സമരം അവസാനിപ്പിക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ പ്രതിപക്ഷ ബന്ധമുള്ള മറ്റു കര്‍ഷക സംഘടനകള്‍ ഇതംഗീകരിച്ചില്ല. നിയമം നിരുപാധികം പിന്‍വലിക്കാതെ സമരം നിര്‍ത്തില്ലെന്നായിരുന്നു ഇവരുടെ നിലപാട്. ഇതോടെ വോട്ടിങ് നടത്തുകയും സമരം അവസാനിപ്പിക്കണമെന്ന ഒരു ഡസനിലേറെ കര്‍ഷക സംഘടനകളുടെ നിലപാട് തള്ളുകയുമായിരുന്നു.
ചര്‍ച്ച ആരംഭിച്ചപ്പോള്‍ തന്നെ 18 മാസം നിയമം നടപ്പാക്കുന്നത് നീട്ടിവയ്‌ക്കാം എന്നത് രണ്ടു വര്‍ഷമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. എന്നാല്‍ തീരുമാനം പറയാന്‍ കര്‍ഷക സംഘടനാ പ്രതിനിധികളായി ചര്‍ച്ചയ്്‌ക്കെത്തിയവര്‍ക്ക് സാധിച്ചില്ല. ഇതോടെ കൂടുതല്‍ മികച്ച നിര്‍ദേശമുണ്ടെങ്കില്‍ അറിയിച്ചാല്‍ മതിയെന്ന കടുത്ത നിലപാട് വ്യക്തമാക്കി കേന്ദ്ര മന്ത്രിമാര്‍ മടങ്ങി. മുന്‍നിശ്ചയ പ്രകാരം റിപ്പബ്ലിക് ദിനത്തില്‍ തന്നെ ട്രാക്ടര്‍ പരേഡ് നടത്തുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികായത് പറഞ്ഞു.
സമരം അനന്തമായി നീളണമെന്ന് ആഗ്രഹിക്കുന്ന ശക്തികളുണ്ടെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ സമവായമുണ്ടാവരുത് എന്നാഗ്രഹിക്കുന്നത് അവരാണ്. ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന കര്‍ഷക സംഘടനകളുടെ ലക്ഷ്യം കര്‍ഷക ക്ഷേമമല്ലെന്നും കേന്ദ്രകൃഷിമന്ത്രി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: