തൃശൂര്‍: ഉപതെരഞ്ഞെടുപ്പ് നടന്ന തൃശൂര്‍ കോര്‍പറേഷനില്‍ പുല്ലഴി ഡിവിഷനില്‍ എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ്. കോണ്‍ഗ്രസ് നേതാവ് കെ. രാമനാഥന് ഇവിടെ 998 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സിറ്റിംഗ് സീറ്റ് പിടിച്ചത്.
ഇതോടെ തൃശൂര്‍ കോര്‍പറേഷനില്‍ യുഡിഎഫ്- എല്‍ഡിഎഫ് കക്ഷിനില 24 വീതമായി. ഇപ്പോള്‍ ഇവിടെ യുഡിഎഫ് വിമതനായി മത്സരിക്കുകയും പിന്നീട് എല്‍ഡിഎഫിന് ഒപ്പം ചേരുകയും ചെയ്ത വര്‍ഗ്ഗീസാണ് മേയര്‍. പുതിയ ജയത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ കോര്പറേഷന് പിടിക്കാന്‍ കച്ചമുറുക്കുകയാണ് യുഡിഎഫ്. രണ്ടുവര്‍ഷത്തെ മേയര്‍ സീറ്റ് വാഗ്ദാനം ചെയ്താണ് എല്‍ഡിഎഫ് വര്‍ഗ്ഗീസിനെ പിടിച്ചത്. എന്നാല്‍ ഇപ്പോള്‍ അഞ്ച് വര്‍ഷത്തെ മേയര്‍ സ്ഥാനം വര്‍ഗ്ഗീസിന് വാഗ്ദാനം ചെയ്ത് പുതിയ പ്രലോഭനനീക്കം നടത്തുകയാണ് യുഡിഎഫ്. ‘ഇപ്പോള്‍ ഇടതുമുന്നണിയില്‍ നില്‍ക്കുമെന്നും തന്റെ വാക്കിന് വിലയില്ലാതായാല്‍ മറ്റ് വഴികള്‍ തേടുമെന്നും’ ഉള്ള ഭീഷണി മുഴക്കിയിരിക്കുകയാണ് വര്‍ഗ്ഗീസ്.
അഡ്വ. മഠത്തില്‍ രാമന്‍കുട്ടിയായിരുന്നു പുല്ലഴിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കെ. രാമനാഥന് 2052 വോട്ടുകള്‍ നേടി. അഡ്വ. മഠത്തില്‍ രാമന്‍കുട്ടിയ്ക്ക് 1049 വോട്ടുകളേ ലഭിച്ചുള്ളൂ. വിജയം നിര്‍ണ്ണായകമായതിനാല്‍ വീറും വാശിയും നിറഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ ഇക്കുറി 82 ശതമാനം എന്ന റെക്കോഡ് പോളിംഗാണ് പുല്ലഴിയില്‍ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: