വാഷിംഗ്ടണ്‍: ജോ ബൈഡന്റെ ജനാധിപത്യത്തെക്കുറിച്ചുള്ള പ്രസംഗത്തിന് ലോകമാകെ കൈയ്യടിച്ചപ്പോള്‍ അതിന് പിന്നിലെ തലച്ചോര്‍ ഇന്ത്യയില്‍ നിന്നാണെന്ന് അധികമാരും അറിഞ്ഞില്ല.
ബൈഡന് യുഎസ് പ്രസിഡന്റായതിന് ശേഷമുള്ള കന്നിപ്രസംഗത്തില്‍ “സ്വാതന്ത്ര്യത്തിന്റെ പരിശുദ്ധമായ അഗ്നി” തുടങ്ങി കുറിക്കുകൊള്ളുന്ന ഒട്ടേറെ പ്രയോഗങ്ങളുണ്ടായിരുന്നു. മാറ്റത്തിന് കൊതിച്ച അമേരിക്കന്‍ മനസ്സിന് ആവേശം കൊള്ളിക്കുന്ന ആശയത്തിന്റെ കനലുകളും ഉണ്ടായിരുന്നു. പക്ഷെ ഇതത്രയും കുറിച്ചത് വിനയ് റെഡ്ഡിയായിരുന്നു. യുഎസ് പ്രസിഡന്റിന്റെ ഉദ്ഘാടനപ്രസംഗത്തിന് ഏറെ പ്രാധാന്യമുണ്ട്. കാരണം അതാണ് ആ പുതിയ ഭരണത്തിന്റെ സഞ്ചാരപഥം നിര്‍ണ്ണയിക്കുന്നത്. അതിന് പിന്നില്‍ ഇന്ത്യയിലെ ചെറുപ്പക്കാരനായിരുന്നു എന്നറിഞ്ഞപ്പോള്‍ അമേരിക്കയിലെ മാത്രമല്ല, ലോകത്തിലെ മുഴുവന്‍ ഇന്ത്യക്കാരും അത്ഭുതം കൂറി.
ഇപ്പോള്‍ യുഎസ് പ്രസിഡന്റിന്റെ പ്രസംഗ എഴുത്തുസംഘത്തിലെ അമരക്കാരനാണ് വിനയ് റെഡ്ഡി എന്ന തെലുങ്കാനക്കാരനായ യുവാവ്. അമേരിക്കയിലെക്ക് 1970ല്‍ കുടിയേറിയ നാരായണ റെഡ്ഡിയുടെ മൂന്ന് മക്കളില്‍ ഒരാളാണ് വിനയ്. തെലുങ്കാനയില്‍ കരിം നഗര്‍ ജില്ലയിലെ പൊതിറെഡ്ഡിപ്പേട്ട എന്ന കുഗ്രാമത്തിലാണ് നാരായണ റെഡ്ഡി ജനിച്ചത്. ജോ ബൈഡന്റെ പ്രധാന പ്രസംഗ എഴുത്തുകാരനായി വിനയ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അന്ന് പൊതിറെഡ്ഡിപ്പേട്ടക്കാര്ക്ക് അത് ഉത്സവമായി.
യുഎസില്‍ നിയമം പഠിച്ച വിനയ് അവിടെ പ്രകൃതി സംരക്ഷണ ഏജന്‍സിയില്‍ സ്പീച്ച് റൈറ്ററായാണ് തുടക്കം. തുടര്‍ന്ന് യുഎസിലെ ആരോഗ്യ മാനവിക വകുപ്പിലും ജോലി ചെയ്തു. ഒബാമ രണ്ടാമതും യുഎസ് പ്രസിഡന്റായിരുന്നപ്പോള്‍ വൈസ് പ്രസിഡന്റായ ജോ ബൈഡന് വേണ്ടി അന്നേ വിനയ് പ്രസംഗങ്ങള്‍ എഴുതിനല്‍കിയിട്ടുണ്ട്. കമല ഹാരിസിന്റെ പരിഭാഷകനായും ജോലി ചെയ്തിട്ടുണ്ട്. ഇക്കുറി ബൈഡന്-ഹാരിസ് ടീം അമേരിക്കയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൊടുങ്കാറ്റായി ആഞ്ഞടിച്ചപ്പോള്‍ അവര്‍ക്ക് വേണ്ട പ്രസംഗങ്ങളും ആശയങ്ങളും നല്‍കിയത് വിനയ് റെഡ്ഡി തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: