കൊല്ലം: ഡ്രൈവിങ് ടെസ്റ്റിന് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ വിവാദ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകുന്നവര്‍ കൊവിഡ് ബാധിതപ്രദേശത്ത് നിന്നല്ല എത്തുന്നതെന്നും രോഗലക്ഷണങ്ങളില്ലെന്നും ഗവ. ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കഴിഞ്ഞ ഡിസംബറില്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ സാക്ഷ്യപത്രം ലഭ്യമാക്കുന്നതിന് ഗവ. ഡോക്ടര്‍മാര്‍ അനധികൃതമായി പണം ഈടാക്കുന്നതും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും ജന്മഭൂമി കഴിഞ്ഞ 20ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മിക്ക ഡോക്ടര്‍മാരും ഡിഎംഒയെ ബന്ധപ്പെടാന്‍ പറഞ്ഞ് മടക്കിയയച്ച സാഹചര്യവുമുണ്ടായി. നാല് മാസമായി ഡ്രൈവിങ് ടെസ്റ്റ് മുടങ്ങിയിരുന്നതിനാല്‍ ടെസ്റ്റില്‍ പങ്കെടുക്കാന്‍ ഉള്ളവരുടെ അപേക്ഷകള്‍ ഏറെയാണ്. ഇതേത്തുടര്‍ന്ന്, വിവാദമായ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. തുടര്‍ന്ന് ഈ മാസം 12ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വന്നു. ഇതോടെ ഡ്രൈവിങ് ടെസ്റ്റിന് ഡോക്ടര്‍മാര്‍ നല്കുന്ന കോവിഡ് സര്‍ട്ടിഫിക്കറ്റിന് പകരം ഇനി രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ പത്രം മതിയാകും. ഡ്രൈവിങ് ടെസ്റ്റിന് ഒരു സമയം 20 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ലെന്നും പുതുക്കിയ ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: