ന്യുയോര്‍ക്ക്: ജിറാഫുകള്‍ എന്ന് കേട്ടാല്‍ ആദ്യം മനസിലെത്തുക ഉയരം കൂടിയ കഴുത്തുകളും നീളം കൂടിയ കാലുകളുമുള്ള ജന്തുക്കളെയാണ്. ഏറ്റവും ഉയരം കൂടിയ സസ്തനിയെന്ന് പഠിച്ചിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ കാലം മാറിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും ചെറിയ ജിറാഫുകളെ കണ്ടെത്തിക്കഴിഞ്ഞു.
സാധാരണയായി ജിറാഫുകള്‍ക്ക് 16 അടി ഉയരവും ആറടിയോളമുള്ള കാലുകളുമാണുള്ളത്. പക്ഷേ, ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ജിറാഫുകള്‍ക്കാകട്ടെ ഒമ്പത് അടി നാലിഞ്ചാണ് ഉയരം. കുള്ളന്‍ ജിറാഫുകളുടെ കഴുത്തുകള്‍ക്ക് നീളമുണ്ടെങ്കിലും കാലുകള്‍ ചെറുതാണ്. ഒറ്റനോട്ടത്തില്‍ ഇവയെ കണ്ടാല്‍ കുതിരയുടെ ശരീരത്തില്‍ ജിറാഫിന്റെ കഴുത്ത് പിടിപ്പിച്ച പോലെ തോന്നും.
ആഫ്രിക്കയിലെ ഉഗാണ്ടയിലാണ് ന്യുബിയന്‍, അങ്കോളന്‍ വിഭാഗത്തില്‍പ്പെടുന്ന ഇവയെ കണ്ടെത്തിയിരിക്കുന്നത്. മിഷേല്‍ ബട്ട്ലര്‍ ബ്രൗണ്‍, എമ്മ വെല്‍സ് എന്നീ ശാസ്ത്രഞ്ജര്‍ നടത്തിയ പഠനത്തില്‍ 2015ലാണ് കുള്ളന്‍ ജിറാഫുകളെ കണ്ടെത്തിയത്. ബിഎംസി റിസര്‍ച്ച് നോട്ടിലൂടെയാണ് ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്. ന്യുബിയന്‍ ജിറാഫിന് ഗിംലി എന്നും അങ്കോളന്‍ ജിറാഫിന് നൈഗല്‍ എന്നുമാണ് പേരിട്ടിരിക്കുന്നത്. എട്ടര അടിയാണ് നൈഗലിന്റെ ഉയരം. ഗിംലിയെ കണ്ടെത്തി മൂന്ന് വര്‍ഷം കഴിഞ്ഞാണ് നൈഗലിനെ കണ്ടെത്തിയത്.
ഡ്വാര്‍ഫിസമാണ് ജിറാഫുകളുടെ ഈ അവസ്ഥയ്ക്ക് കാരണമത്രെ. സ്കെലിറ്റല്‍ ഡിസ്പ്ലാസിയ എന്നും ഇത് അറിയപ്പെടുന്നു. എല്ലുകള്‍ക്ക് ഉണ്ടാകുന്ന വളര്ച്ചക്കുറവാണിത്.
മനുഷ്യന്, പട്ടി, പശു, പന്നി എന്നിവയിലെല്ലാം ഇത് കാണാറുണ്ടെങ്കിലും ജിറാഫുകളില്‍ കണ്ടെത്തുന്നത് ഇതാദ്യമാണ്. ഇതിനുള്ള കാരണവും അതുകൊണ്ട് തന്നെ അവ്യക്തമാണ്.മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായ ശാരീരികാവസ്ഥ ഈ ജിറാഫുകളുടെ ജീവിതം ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ആഹാരം കണ്ടെത്തുന്നതും ഇണചേരുന്നതും ഇവയ്ക്ക് പ്രയാസം സൃഷ്ടിക്കുന്നതായി ശാസ്ത്രഞ്ജര്‍ പറയുന്നു.
നൈഗലിനെ അവസാനമായി കണ്ടത് 2020 ജൂലൈയിലാണ്. എന്നാല്‍ 2017 മാര്‍ച്ചിന് ശേഷം ഗിംലിയെ കണ്ടിട്ടില്ല. ഇവയെ വീണ്ടും കാണുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: