കാസര്‍കോട്: കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയെന്ന പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയില്‍ കാസര്‍കോട് കളക്ടര്‍ കളക്ടര്‍ ഡി.സജിത് ബാബുവിന്റെ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ട് പത്ത് ദിവസം പിന്നിട്ടിട്ടും കളക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് പോലും നല്‍കിയിട്ടില്ല.
വോട്ടെടുപ്പ് നടന്ന ഡിസംബര്‍ പതിനാലിന് ആലക്കോട് ചെര്‍ക്കളപ്പാറ ജിഎല്‍പി സ്‌കൂളില്‍ വ്യാപക കള്ളവോട്ട് നടന്നെന്ന് പ്രിസൈംഡിംഗ് ഓഫീസറായ കെ.എം ശ്രീകുമാര്‍ ഫേസ്ബുക്കിലൂടെയാണ് വെളിപ്പെടുത്തിയത്. കള്ളവോട്ട് തടയാനായി വോട്ടര്‍മാരുടെ ഐഡി പരിശോധിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ കാല്‍വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബൂത്തിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.
ഫേസ്ബുക്ക് കുറിപ്പ് വലിയ വിവാദമായതോടെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ജില്ലയിലെ മുഖ്യവരണാധികാരിയായ കളക്ടറോട് സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് തേടി പത്ത് ദിവസം കഴിഞ്ഞിട്ടും ഇതുവരെ നല്‍കിയിട്ടില്ല. പരാതിക്കാരാനായ പ്രിസൈഡിംഗ് ഓഫീസറോട് വിശദീകരണം പോലും കളക്ടര്‍ ആവശ്യപ്പെട്ടിട്ടില്ല. ദൃശ്യങ്ങള്‍ പരിശോധിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്കും കളക്ടര്‍ കടന്നിട്ടില്ലെന്നാണ് വിവരം.
സമയപരിധി പറഞ്ഞിട്ടില്ലെന്നാണ് അന്വേഷണത്തിലെ മെല്ലെപ്പോക്കിന് കളക്ടർ നല്‍കുന്ന വിശദീകരണം. കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ തുടര്‍ നടപടികളിലേക്ക് നീങ്ങാനാകുവെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: