അഹമ്മദാബാദ്: ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് മാറ്റാന്‍ തീരുമാനിച്ച് ഗുജറാത്ത് സര്‍ക്കാര്‍. ‘കമലം’ എന്നാണ് ഡ്രാഗണ്‍ ഫ്രൂട്ടിന് പുതിയ പേര് നല്‍കിയിരിക്കുന്നത്. താമരയുടെ ആകൃതിയെ സൂചിപ്പിക്കുന്ന ഫലമായതിനാലാണ് കമലം എന്ന പേര് നല്‍കിയിരിക്കുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. ‘ഡ്രാഗണ്‍’ എന്ന പദം ഒരു ഫലത്തിന് അനുയോജ്യമല്ലെന്നും അതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി പറയുന്നു.
ചീഫ് മിനിസ്റ്റര്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഡെവലപ്‌മെന്റ് മിഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുമായി സംവദിക്കുന്നതിനിടെയാണ് ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് മാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്. ‘ഡ്രാഗണ്‍ ഫ്രൂട്ട് എന്നാണറിയപ്പെടുന്നതെങ്കിലും ആ പേര് ഒട്ടും ഉചിതമായി തോന്നുന്നില്ല. കമലം എന്നത് ഒരു സംസ്‌കൃത പദമാണ്. ആ ഫലത്തിന് താമരയുടെ ആകൃതിയുമുണ്ട്. അതുകൊണ്ടാണ് അതിനെ കമലം എന്നു വിളിക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ ഒരു രാഷ്‌ട്രീയവും ഇല്ല’ രൂപാണി പറഞ്ഞു.
ഡ്രാഗണ്‍ ഫ്രൂട്ടിന് കമലം എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഗുജറാത്ത് വനം വകുപ്പ് വഴി ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ സമിതിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. പേറ്റന്റിന് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷയും നല്‍കി.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, കച്ചും നവസാരിയും അടക്കം പ്രദേശങ്ങളില്‍ വലിയ അളവില്‍ ഡ്രാഗണ്‍ ഫ്രൂട്ട് ഉത്പാദിപ്പിക്കുന്നുണ്ട്. ഗുജറാത്തിലെ 150 ഓളം കര്‍ഷകര്‍ വലിയ തോതില്‍ ഇത് ഉത്പാദിപ്പിക്കുന്നുണ്ട്. വിദേശത്തും ഇത് കയറ്റുമതി ചെയ്യുന്നുണ്ട്.
2020 ജൂലൈ 26 ന് മാന്‍ കി ബാത്തിന്റെ എപ്പിസോഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡ്രാഗണ്‍ ഫ്രൂട്ടിനെ പറ്റി പരാമര്‍ശിച്ചിരുന്നു. ഡ്രാഗണ്‍ പഴം കൃഷി ചെയ്യുന്നതില്‍ കച്ചിലെ കര്‍ഷകര്‍ പ്രശംസനീയമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ”ഡ്രാഗണ്‍ ഫ്രൂട്ട്‌സിന്റെ ജനപ്രീതി നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് പ്രഭാതഭക്ഷണത്തില്‍ ഇതിന്റെ ഉപയോഗം ഗണ്യമായി വര്‍ദ്ധിച്ചു. രാജ്യം ഡ്രാഗണ്‍ ഫ്രൂട്ട് ഇറക്കുമതി ചെയ്യരുതെന്ന് കച്ചിലെ കര്‍ഷകര്‍ തീരുമാനിച്ചു, ഇതാണ് സ്വാശ്രയത്വമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: