നെടുമ്പാശേരി: കൃഷി വകുപ്പിന്റെ കീഴിലുള്ള കേരള ആഗ്രോ മിഷണറി കോര്‍പ്പറേഷനി (കാംകോ)ലെ പരിഷ്കാരങ്ങള്‍ സ്ഥാപനത്തെ പ്രതിസന്ധിയിലാക്കി. സംസ്ഥാന സര്‍ക്കാര്‍ വ്യവസ്ഥകള്‍ പാലിച്ച് സാധന സാമഗ്രികള്‍ക്ക് ഇ-ടെണ്ടര്‍ വിളിക്കണമെന്ന നിര്‍ദേശമാണ് വിനയായത്. ഇ ടെണ്ടര്‍ മുഖേനയാക്കിയപ്പോള് ചില അംഗീകൃത വിതരണക്കാര്‍ വിട്ടുപോയി. മാത്രമല്ല, ടെണ്ടര്‍ വഴിയെത്തിയ വിതരണക്കാര്‍ സമയത്ത് ഘടകങ്ങള്‍ എത്തിക്കുന്നില്ല. കൂടാതെ വിലവര്‍ദ്ധനവും ആവശ്യപ്പെട്ടു.
സാങ്കേതിക ബുദ്ധിമുട്ട് സര്‍ക്കാരിനെ ബോധ്യപ്പെടുത്തി കാംകോ മാനേജ്മെന്റ് സ്വന്തം നിലയില്‍ സാധനസാമഗ്രികള്‍ വാങ്ങുന്നതിന് സുതാര്യമായ നിയമം തയാറാക്കി അംഗീകാരത്തിനായി സമര്‍പ്പിച്ച് രണ്ട് വര്‍ഷമായിട്ടും ഫലം കണ്ടിട്ടില്ല. കൊവിഡിനുശേഷം ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയാണെങ്കിലും സ്പെയര്‍ പാര്‍ട്ട്സുകളുടെ ദൗര്‍ലഭ്യം ഉത്പാദനത്തെ ബാധിച്ചിരിക്കുകയാണ്. നടപ്പ് സാമ്പത്തിക വര്‍ഷം 15,000 ലക്ഷ്യമിട്ടിരുന്ന പവര്‍ടില്ലറിന്റെ ഉത്പാദനം നിലവില്‍ പാതിമാത്രമാണ്. മാര്‍ച്ച് മാസം അവസാനിച്ചാലും 10,000 കടക്കില്ല. മാള യൂണിറ്റില്‍ റീപ്പര്‍ ഉത്പാദനം ലക്ഷ്യം 4000 ആണെങ്കിലും 1500ലാണ് എത്തിയത്.
കമ്പനി ഉത്പാദന ഘടകങ്ങള്‍ പ്രത്യേക രൂപകല്‍പ്പന വേണ്ടതും, നല്കുന്ന കമ്പനികള്‍ ഇതിനായി ടൂള്‍ – ടിക് എന്നിവ നിര്മിക്കേണ്ടതുമാണെന്നത് സി ആന്‍ഡ് എജിയെ ബോദ്ധ്യപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് പ്രത്യേക പര്‍ച്ചേയ്സ് നിയമം രൂപീകരിക്കുന്നതിന് സി ആന്‍ഡ എ.ജി ശുപാര്‍ശ ചെയ്തെങ്കിലും ഇതിനെതിരായ പ്രചാരണങ്ങള്‍ ഇ-ടെണ്ടര്‍ നടപ്പാക്കാന്‍ കമ്പനിയെ നിര്‍ബന്ധിതമാക്കിയത്.
ടില്ലര്‍, പവര്‍ ടില്ലര്‍,ഗാര്ഡന് ടില്ലര്‍, പമ്പ് സെറ്റ്, ബ്രഷ് കട്ടര്‍ എന്നിവയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. 12,000 ത്തോളം പവര്‍ ടില്ലറും 3000 ത്തോളം പവര്‍ റീപ്പറും ആണ് പ്രതിവര്‍ഷം ഇവിടെ പ്രധാനമായും ഉത്പാദിപ്പിച്ചിരുന്നത്. അത്താണി, കളമശേരി, പാലക്കാട്, മാള, കണ്ണൂര്‍ വലിയ വെളച്ചം എന്നിവിടങ്ങളിലാണ് കാംകോയ്ക്ക് യൂണിറ്റുകള്‍ ഉള്ളത്. 700 ഓളം തൊഴിലാളികളാണ് കാംകോയിലെ എല്ലാ യൂണിറ്റുകളിലായി പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: