കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സീനിയോറ്റി മറികടന്ന് പിവിസി നിയമനം. സിന്‍ഡിക്കേറ്റ് തീരുമാനം വിവാദത്തില്‍. സര്‍വ്വകലാശാലയിലെ ഏറ്റവും സീനിയറായ പ്രൊഫസറെ മറികടന്നാണ് മറ്റൊരാളെ പിവിസി സ്ഥാനത്ത് നിയമിക്കാന്‍ ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തത്. 2009 മുതല്‍ ബയോടെക്നോളജി വകുപ്പില്‍ പ്രൊഫസറായ അധ്യാപകനെ മാറ്റിനിര്‍ത്തി ഇതേ വകുപ്പിലുള്ള സീനിയോറിറ്റിയില്‍ അഞ്ചാം സ്ഥാനക്കാരനെയാണ് ക്രമവിരുദ്ധമായി നിയമിക്കുന്നത്. സര്‍വകലാശാലയിലെ മൊത്തം അധ്യാപകരെ എടുത്താല്‍ ഇദ്ദേഹത്തിന്റെ സീനിയോറിറ്റി 15 ല്‍ താഴെയാണ് .
അറിയപ്പെടുന്ന ഗവേഷകനും ഇന്ത്യന്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലും അമേരിക്കന്‍ സര്‍വകലാശാലകളിലും പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം നടത്തിയിട്ടുള്ളയാളുമായ ആളെയാണ് തഴഞ്ഞത്. ഇടതുപക്ഷ അധ്യാപക സംഘടനയുടെ മുന്‍ പ്രസിഡണ്ട് കൂടിയാണ് ഇദ്ദേഹം. നിയമനം ലഭിച്ച ജൂനിയര്‍ അധ്യാപകന് ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ളയാളായതും തിരുവനന്തപുരത്തെ ചില നേതാക്കളുമായി സൗഹൃദമുള്ളതുമാണ് നിയമനനീക്കത്തിന് പിന്നിലെന്നറിയുന്നു.
നിലവിലെ വൈസ് ചാന്‍സലറുടെ ഏകപക്ഷീയവും ഏകാധിപത്യപരവുമായ നടപടികളില്‍ പ്രതിഷേധിച്ച് പ്രോ വൈസ് ചാന്‍സലര്‍ ആയിരുന്ന പ്രഫസര്‍ പി.ടി. രവീന്ദ്രന് ജനുവരി ഒന്നിന് രാജിവെച്ച് ഒഴിഞ്ഞിരുന്നു. യുജിസി റഗുലേഷന് 2010 പ്രകാരം സര്‍വകലാശാലയിലെ ഏറ്റവും സീനിയര്‍ ആയ പ്രൊഫസര്‍ ആയിരിക്കണം പ്രോ വൈസ് ചാന്‍സലര്‍. ആ മാനദണ്ഡം അനുസരിച്ചായിരുന്നു പ്രൊഫ. പി.ടി. രവീന്ദ്രനെ പ്രോ വൈസ് ചാന്‍സലര്‍ ആക്കിയിരുന്നത്. എന്നാല്‍ യുജിസി റഗുലേഷന് 2018 അനുസരിച്ച് വൈസ് ചാന്‍സലര്‍ നിര്‍ദ്ദേശിക്കുന്ന ആരെ വേണമെങ്കിലും പ്രോ വൈസ് ചാന്‍സലറായി സിണ്ടിക്കേറ്റിന് നിയമിക്കാം എന്ന നിയമം ഉപയോഗപ്പെടുത്തിയാണ് ഇപ്പോള്‍ ജൂനിയര്‍ അധ്യാപകനെ പിവിസിയാക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാലയിലെ ഇടതുപക്ഷ സിന്‍ഡിക്കേറ്റ് നിയമത്തിലെ ഈ പഴുത് ഉപയോഗിച്ച് സ്വന്തക്കാരനെ നിയമിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വരുന്ന നവമ്പര്‍ മാസത്തോടെ വൈസ് ചാന്‍സലറുടെ കാലാവധി അവസാനിക്കും. യുജിസി ചട്ടം അനുസരിച്ച്, വൈസ് ചാന്‍സലറുടെ കാലാവധി കഴിയുമ്പോള്‍ പ്രോ വൈസ് ചാന്‍സലറും പുറത്താകും. അതായത് കേവലം 10 മാസത്തില്‍ താഴെയുള്ള കാലാവധിയിലേക്കാണ്, നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്ക്കുന്ന സമയത്ത്, സീനിയോറിറ്റി മറികടന്നുള്ള പ്രോ വൈസ് ചാന്‍സലര്‍ നിയമനം നടത്താന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുകൊണ്ടുള്ള പിണറായി സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനമാണ് ഇതിനു പിന്നിലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: