ന്യൂഡല്‍ഹി: സുപ്രധാന വസ്തുതകളെക്കുറിച്ച് ധാരണയില്ലാതെ കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു. അരുണാചല്‍ പ്രദേശിലെ ഇന്ത്യയുടെ പ്രദേശത്ത് ചൈന ഗ്രാമം പണിയുന്നുവെന്ന് അവകാശപ്പെടുന്ന മാധ്യമവാര്ത്തയെക്കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രതികരണമാണ് കേന്ദ്രമന്ത്രിയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്. ട്വിറ്ററിലാണ് പേര് പരാമര്‍ശിക്കാതെ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചത്.
‘അദ്ദേഹത്തിന്റെ വാഗ്ദാനം ഓര്‍മയുണ്ടോ- ആര്‍ക്കു മുന്നിലും തലകുനിക്കാന്‍ ഞാന്‍ രാജ്യത്തെ അനുവദിക്കില്ല’ എന്നായിരുന്നു രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്. അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രി മുന്‍പ് നടത്തിയ പ്രസ്താവനയായിരുന്നു രാഹുല്‍ ഗാന്ധി ഓര്മപ്പെടുത്താന് ശ്രമിച്ചത്. വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടും ഒപ്പം ചേര്‍ത്തിരുന്നു. രാഹുല്‍ ഗാന്ധിക്കുള്ള മറുപടിയിൽ ട്വീറ്റില്‍ കിരണ്‍ റിജ്ജു പറഞ്ഞതിങ്ങനെ:
‘താങ്കള്‍ പറയുന്ന സ്ഥലങ്ങള്‍ വളരെക്കാലം നീണ്ട കോണ്‍ഗ്രസ് ഭരണകാലം മുതല്‍ ചൈനയുടെ കൈവശമാണ്. സുപ്രധാന വസ്തുകകളെപ്പറ്റി അറിയാതെയും ബോധവാനല്ലാതെയുമിരിക്കാന് ഒരു ദേശീയ നേതാവിന് എങ്ങനെ കഴിയുന്നു?’. എന്നാല്‍ റിപ്പോര്‍ട്ടില്‍ തെറ്റുകളുണ്ടെന്ന് ദേശീയ മാധ്യമമായ റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. എല്‍എസിയിലെ തര്‍ക്ക പ്രദേശത്താണ് ചൈന വീടുകള്‍ നിര്‍മിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: