ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയോഗം, ഭൂരിപക്ഷ അംഗങ്ങളുടെ എതിര്‍പ്പിനും, കോലാഹലങ്ങള്ക്കുമിടയില് അജണ്ടകളൊന്നും പാസാക്കാതെ പിരിഞ്ഞു. ചെയര്മാന് അഡ്വ: കെ.ബി. മോഹന്‍ദാസ് ഏകാധിപതിയെപോലെ പെരുമാറുന്നുവെന്ന അംഗങ്ങളുടെ ആരോപണം ആവര്‍ത്തിച്ചതോടെ പ്രധാന ചര്ച്ചഅതിനെ ചുറ്റിപ്പറ്റിയായി.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു മാസത്തേക്ക് സാനിറ്റൈസേഷനു വേണ്ടിവരുന്ന നേച്ചര്‍ പ്രൊറ്റക്ടറ്റ് എന്ന ഹിന്ദുസ്ഥാന്‍ യുണി ലിവറിന്റെ ഉത്പന്നം വഴിപാട് നല്‍കുന്നതിലൂടെ ഗുരുവായൂര്‍ ക്ഷേത്രത്തേയും, ദേവസ്വത്തേയും പരസ്യ ചിത്രത്തിന് ഉപയോഗിച്ച് വഞ്ചിച്ചുവെന്നും, അതിന് നഷ്ടപരിഹാരമായി അവരില്‍നിന്നും ഒരു കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെടണമെന്നും ഭരണസമിതി അംഗങ്ങളായ അഡ്വ; കെ.വി. മോഹനകൃഷ്ണന്, കെ.വി. ഷാജി, കെ. അജിത്, എ.വി. പ്രശാന്ത് എന്നിവര്‍ ആവശ്യപ്പെട്ടു. ഈ ഉദ്യമം ഉദ്ഘാടനം ചെയ്ത ചെയര്മാന്, താനിത് അറിഞ്ഞിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് തര്‍ക്കത്തിന് തുടക്കമായത്.
ഇതിനിടെ മറ്റുവിഷയങ്ങള്‍ ചര്‍ച്ചചെയ്യണമെന്ന ചെയര്‍മാന്റെ നിര്‍ദ്ദേശത്തെ അംഗങ്ങള്‍ എതിര്‍ത്തു. ഈ വിഷയത്തില്‍ ചര്‍ച്ചവേണമെന്നും, ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ചെയര്‍മാനാണെന്നും അംഗങ്ങള്‍ തറപ്പിച്ചുപറഞ്ഞതോടെ യോഗത്തില്‍ ബഹളമായി.
ക്ഷേത്രകാര്യങ്ങളല്ലാതെ മറ്റൊന്നും ഇനി ചര്‍ച്ച ചെയ്യാന്‍ തയ്യാറല്ലെന്ന നിലപാടില്‍ ചെയര്മാന് ഉറച്ചുനിന്നതോടെ അജണ്ടകളൊന്നും പാസാക്കിയില്ല. അംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തിനൊടുവില്‍ പോലീസ് കേസിനുപുറമെ ഈ കമ്പനിയില്‍നിന്നും ഒരുകോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെടാനും, പരസ്യ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കുന്നതും, പ്രചരിപ്പിയ്ക്കുന്നതും വിലക്കികിട്ടുന്നതിനും, ഇവരുടെ പക്കലുള്ള ഇലക്ട്രോണിക്സ് രേഖകള്‍ തിരിച്ചുകിട്ടുന്നതിനും വക്കീല്‍നോട്ടീസ് അയയ്ക്കാനും യോഗത്തില്‍ തീരുമാനമായി. ഇന്നു നടക്കേണ്ടിയിരുന്ന യോഗവും മാറ്റിവെച്ചാണ് ഭരണസമിതി യോഗം പിരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: