ആലുവ: ആലുവ നഗരം വീണ്ടും ഗുണ്ടകളുടെ പിടിയിൽ. രാഷ്ടീയ നേതാക്കളുടെ പിന്തുണയോടെ വർഷങ്ങൾക്ക് മുമ്പ് സിറ്റി ബോയ്സ് എന്ന പേരിൽ ഒരു ഗുണ്ടാ സംഘം രൂപമെടുത്തുവെങ്കിലും ഇതിന് പിന്തുണ നൽകിയവരെ ഉൾപ്പെടെ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി താക്കീത് നൽകുകയായിരുന്നു. ഇപ്പോൾ രൂപം കൊണ്ടിരിക്കുന്ന ഗുണ്ടാ സംഘങ്ങളുടെ സംരക്ഷകാരായും ചില രാഷ്ടീയ നേതാക്കളുള്ളതായി പറയപ്പെടുന്നുണ്ട്. ഇപ്പോഴത്തെ ഗുണ്ടാ സംഘം കഞ്ചാവിനും മറ്റ് മയക്കുമരുന്നിനും അടിമകളായവരാണ്. സമ്പാത്തികമായി തീരെ മോശമല്ലാത്ത കുടുംബത്തിലെ യുവാക്കളാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്.
കൊച്ചിയിലെ ഒരു കുപ്രസിദ്ധ ഗുണ്ടാ സംഘത്തിനു വേണ്ടിയും ഇവർ അക്രമ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഗുണ്ടാസംഘത്തിൽപ്പെട്ട ഏതാനും യുവാക്കളെ കഴിഞ്ഞ ദിവസം ആയുധങ്ങളുമായി കളമശേരിയിൽ പോലീസ് പിടികൂടിയിരുന്നു. ഈ ഗുണ്ടാ സംഘത്തിന് നേതൃത്വം നൽകുന്നയാൾ ഇപ്പോൾ മറ്റൊരു കേസിൽ ജയിലിലാണ്. ആലുവ തോട്ടയ്‌ക്കാട്ടുകര ഭാഗത്തു മാത്രം ഗുണ്ടാപ്രവർത്തനങ്ങളും മയക്കമരുന്ന് ഇടപാടുകളുമായും ബന്ധമുള്ള 25 ഓളം യുവാക്കളുള്ളതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇവർക്കെതിരെ എന്തെങ്കിലും പരാതി നൽകിയാൽ തന്നെ ചെറിയ വകുപ്പ് ചുമത്തി കേസെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ തന്നെ വിട്ടയക്കുകയും ചെയ്യും. ആലുവ ശിവരാത്രി മണപ്പുറം കേന്ദ്രീകരിച്ച് മയക്കുമരുന്നുമാഫിയയെ നിയന്ത്രിക്കുന്നതും ഈ ഗുണ്ടാസംഘമാണെന്നാക്ഷേപമുണ്ട്
വീട്ടുകാർക്കും നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയാണ് കാര്യങ്ങൾ എത്തപ്പെട്ടിരിക്കുന്നത്. മയക്കുമരുന്നിന് അടിമകളായതിനാൽ എന്തും ചെയ്യാൻ ഇവർ മടി കാണിക്കുന്നുമില്ല. ഇതിനു മുമ്പ് ജോജി ചെറിയാൻ ആലുവ ഡിവൈഎസ്പിയായിരിക്കുമ്പോഴാണ് സിററി ബോയ്സിനെതിരെ കർശനമായ നിലപാട് സ്വീകരിച്ചത്. അന്നത്തെ ചില കോൺഗ്രസ്സ് നേതാക്കളുടെ അനുഗ്രഹാശിസുകൾ സിറ്റി ബോയ്സിനുണ്ടായിരുന്നിട്ടും അടിച്ചമർത്തുവാൻ കഴിഞ്ഞത് പോലീസിന്റെ ശക്തമായ ഇടപെടൽ കൊണ്ടു മാത്രമായിരുന്നു. അന്നത്തെ ഗുണ്ടാസംഘത്തിൽ ഉൾപ്പെട്ടിരുന്ന ചിലർ ഇന്ന് ആലുവയിലെ അറിയപ്പെടുന്ന ജനപ്രതിനിധികൾ കുടിയാണ്. മാറ്റിടങ്ങളിൽ ഗുണ്ടാ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന ഇവർ പല കേസുകളിലും പ്രതികളാകാറില്ല. ഇവർക്കു പകരം മറ്റാരെങ്കിലും കുറ്റമേറെറടുക്കുകയാണ് ചെയ്യുന്നത്. ഗുണ്ടാസംഘങ്ങൾ എന്തിനും മടിക്കാത്തവരായതിനാൽ സാധാരണക്കാർ നിസഹായരാകുകയാണ്. നിരവധി സ്ക്കൂൾ കുട്ടികളും ഇവരുടെ സംഘത്തിൽ കണ്ണികളാണെന്നന്നും പറയപ്പെടുന്നുണ്ട്. പോലീസ് പ്രത്യേകമായ ജാഗ്രത പാലിച്ചില്ലെങ്കിൽ തോട്ടയ്‌ക്കാട്ടുകര കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘം ആലുവായുടെ അധോലോക സംഘമായി മാറാനിടയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: