ബ്രിസ്ബേന്‍: ഗാബയില്‍ വിജയക്കൊടി പാറിച്ച് ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി സ്വന്തമാക്കാന്‍ ഇന്ത്യക്ക് അവസരം. ബ്രിസ്ബേന്‍ ടെസ്റ്റില്‍ 328 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിക്കുന്ന ഇന്ത്യ നാലാം ദിനം മഴമൂലം നേരത്തെ കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ നാലു റണ്‍സ് എടുത്തു. അവസാന ദിവസത്തെ കളി ശേഷിക്കേ ജയത്തിന് 324 റണ്‍സ് മതി. പത്ത് വിക്കറ്റും കൈവശമുണ്ട്. പക്ഷെ മഴ ഇന്നും കളിച്ചാല്‍ വിജയമോഹങ്ങള്‍ മുങ്ങിപ്പോകും. സ്റ്റെമ്പെടുക്കുമ്പോള്‍ രോഹിത് ശര്‍മയും (4) ശഭ്മാന്‍ ഗില്ലും (0) പുറത്താകാതെ നില്ക്കുന്നു.
ഈ പരമ്പരയില്‍ അരങ്ങേറിയ പേസര്‍ മുഹമ്മദ് സിറാജിന്റെ കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടവും ഷാര്‍ദുല്‍ താക്കുറിന്റെ മിന്നുന്ന ബൗളിങ്ങുമാണ് ഇന്ത്യക്ക് വിജയപ്രതീക്ഷ നല്‍കിയത്. ഇരുവരും ചേര്‍ന്ന് രണ്ടാം ഇന്നിങ്സില്‍ ഓസീസിനെ 294 റണ്‍സിന് എറിഞ്ഞിട്ടു. ഇതോടെ, ആദ്യ ഇന്നിങ്സില്‍ 33 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യയുടെ വിജയലക്ഷ്യം 328 റണ്‍സായി.
സിറാജ് 19.5 ഓവറില്‍ 73 റണ്‍സ് വിട്ടുകൊടുത്താണ് അഞ്ചു വിക്കറ്റ് എടുത്തത്. ഷാര്‍ദുല്‍ താക്കുര്‍ 19 ഓവറില്‍ 61 റണ്‍സിന് നാലു വിക്കറ്റും വീഴ്ത്തി. വാഷിങ്ടണ്‍ സുന്ദര്‍ 18 ഓവറില്‍ 80 റണ്‍സിന് ഒരു വിക്കറ്റും എടുത്തു.
വിക്കറ്റ് നഷ്ടം കൂടാതെ 21 റണ്‍സിന് ഇന്നലെ കളി തുടങ്ങിയ ഓസ്ട്രേലിയയ്ക്ക് ഓപ്പണര്‍മാരായ ഹാരിസും വാര്‍ണറും ചേര്‍ന്ന് നല്ല തുടക്കം സമ്മാനിച്ചു. ആദ്യ വിക്കറ്റില്‍ 89 റണ്‍സ് കൂട്ടിച്ചേര്‍ത്തു. താക്കുറിന്റെ പന്തില്‍ ഹാരിസ് ഋഷഭ് പന്തിന് ക്യാച്ച് നല്‍കിയതോടെയാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത്. ഹാരിസ് 82 പന്തില്‍ എട്ട് ബൗണ്ടറിയുടെ പിന്‍ബലത്തില്‍ 38 റണ്‍സ് എടുത്തു. ഹാരിസിന് പിന്നാലെ വാര്‍ണറും വീണു. സുന്ദറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 75 പന്തില്‍ ആറു ബൗണ്ടറികളുടെ മികവില്‍ 48 റണ്‍സ് നേടി.
മൂന്നാമനായി ക്രീസിലെത്തിയ ലാബുഷെയ്നും പിടിച്ചുനില്‍ക്കാനായില്ല. 25 റണ്‍സുമായി കളിക്കളം വിട്ടു. സിറാജിന്റെ പന്തില്‍ ശര്‍മ പിടികൂടി. തുടര്‍ന്നെത്തിയ മാത്യു വേഡിനെ സിറാജ് പൂജ്യത്തിന് മടക്കി. അതേസമയം മുന്‍ നായകന് സ്റ്റീവ് സ്മിത്ത് ചെറുത്തുനിന്നു. ഒടുവില്‍ സിറാജിന് കീഴടങ്ങി. 74 പന്തില്‍ 55 റണ്‍സ് നേടി. ഏഴു പന്ത് അതിര്‍ത്തികടത്തി. സ്മിത്തിന് പിറകെ കാമറൂണ്‍ ഗ്രീനും പുറത്തായതോടെ ഓസീസ് തകര്‍ന്നു. ഗ്രീന്‍ 37 റണ്‍സ് നേടി. ക്യാപ്റ്റന്‍ ടിം പെയ്ന് 27 റണ്‍സിന് പുറത്തായി. മിച്ചല്‍ സ്റ്റാര്‍ക്ക് (1) ലിയോണ്‍ (13), ഹെയ്സല്‍വുഡ് (9) എന്നിവര്‍ അനായാസം കീഴടങ്ങി. പാറ്റ് കമ്മിന്‍സ് 28 റണ്‍സുമായി കീഴടങ്ങാതെ നിന്നു.
നാലു മത്സരങ്ങളുള്ള ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി പരമ്പര നിലവില്‍ സമനിലയാണ്. ഇന്ത്യയും ഓസീസും ഓരോ ടെസ്റ്റില്‍ വിജയിച്ചു. നിര്‍ണായകമായ നാലാം ടെസ്റ്റ് സമനിലയായാലും ഇന്ത്യക്ക് പരമ്പര നിലനിര്‍ത്താം.
സ്കോര്‍ബോര്‍ഡ്
ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ്:369, ഇന്ത്യ ഒന്നാം ഇന്നിങ്സ് 336, ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സ്: മാര്‍കസ് ഹാരിസ് സി പന്ത് ബി താക്കുര്‍ 38, ഡേവിഡ് വാര്‍ണര്‍ എല്‍ബിഡബ്ല്യു ബി വാഷിങ്ടണ്‍ സുന്ദര്‍ 48, മാര്‍നസ് ലാബുഷെയ്ന് സി ശര്‍മ ബി മുഹമ്മദ് സിറാജ് 25, സ്റ്റീവ് സ്മിത്ത് സി രഹാനെ ബി മുഹമ്മദ് സിറാജ് 55, മാത്യു വേഡ് സി പന്ത് ബി മുഹമ്മദ് സിറാജ് 0, കാമറൂണ്‍ ഗ്രീന്‍ സി ശര്‍മ ബി താക്കുര്‍ 37, ടിം പെയ്ന് സി പന്ത് ബി താക്കുര്‍ 27, പാറ്റ് കമ്മിന്‍സ് നോട്ടൗട്ട് 28, മിച്ചല്‍ സ്റ്റാര്‍ക് സി സെയ്നി ബി മുഹമ്മദ് സിറാജ് 1, നഥാന്‍ ലിയോണ്‍ സി അഗര്‍വാള്‍ ബി താക്കുര്‍ 13, ജോഷ് ഹെയ്സല്‍വുഡ് സി താക്കുര്‍ ബി മുഹമ്മദ് സിറാജ് 9, എക്സ്ട്രാസ് 13, ആകെ 294.
വിക്കറ്റ് വീഴ്ച: 1-89, 2-91, 3-123, 4-123, 5-196, 6-227, 7-242, 8-247, 9-274.
ബൗളിങ്: മുഹമ്മദ് സിറാജ് 19.5-5-73-5, ടി. നടരാജന് 14-4-41-0, വാഷിങ്ടണ്‍ സുന്ദര്‍ 18-1-80-1, ഷാര്‍ദുല്‍ താക്കുര്‍ 19-2-61-4, നവ്ദീപ് സെയ്നി 5-1-32-0.
ഇന്ത്യ: രണ്ടാം ഇന്നിങ്സ്: രോഹിത് ശര്‍മ നോട്ടൗട്ട് 4, ശുഭ്മാന്‍ ഗില്‍ നോട്ടൗട്ട് 0, ആകെ വിക്കറ്റ് നഷ്ടം കൂടാതെ നാലു റണ്‍സ്.
ബൗളിങ്: മിച്ചല്‍ സ്റ്റാര്‍ക്ക് 1-0-4-0, ജോഷ് ഹെയ്സല്‍വുഡ് 0.5-0-0-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: