പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന് പറഞ്ഞതുപോലെ പഴയ പദ്ധതികള്‍ പലതും പൊടിതട്ടിയെടുത്തതുപോലെയാണ് ധനമന്ത്രി തോമസ് ഐസക്ക് പുതിയ ബജറ്റില്‍ അവതരിപ്പിച്ച പദ്ധതികളില്‍ പലതും. 16910 കോടിയുടെ റവന്യൂകമ്മിയുള്ള ബജറ്റിലാണ് നാനാവര്ണ്ണങ്ങളി്ല് ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യുഡിഎഫ് ചെയ്തതിനേക്കാള്‍ മെച്ചത്തില് ഞങ്ങള്‍ ക്ഷേമപെന്ഷന് വിതരണം ചെയ്തു എന്ന് വാചകമടിക്കുകയല്ലാതെ ഉത്തരവാദിത്വത്തോടെ ഒരു ജനതയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ആര്‍ജ്ജവം എന്തായാലും ഈ ബജറ്റിലില്ല. ഐസക് തന്നെ പറഞ്ഞതുപോലെ തുടര്‍ഭരണം ഉറപ്പാക്കാനുള്ള ഒരു മായക്കാഴ്ച മാത്രമാണ് ഈ ബജറ്റിലെ മിന്നുന്ന വാഗ്ദാനങ്ങളില്‍ അധികവും. ധനകാര്യവിദഗ്ധരുടെ ഭാഷയില്‍ പറഞ്ഞാല്‍ കേരളമെന്ന യാഥാര്‍ത്ഥ്യത്തോട് പൊരുത്തമില്ലാത്ത ഒരു സാമ്പത്തികദിവാസ്വപ്നം സൃഷ്ടിക്കാന്‍ മാത്രമാണ് ഐസക്ക് മുതിര്‍ന്നത്.
കുട്ടനാടന്‍ പാക്കേജ് എന്ന 3,000 കോടി രൂപയുടെ ആകര്‍ഷക പദ്ധതി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും ഒരു രൂപ പോലും ചെലവഴിച്ചില്ല. ഇക്കുറി വീണ്ടും കുട്ടനാടന്‍ പാക്കേജ് പൊടിതട്ടിയെടുത്തിട്ടുണ്ട്. 2,400 കോടി ചെലവഴിക്കുമെന്നാണ് അവകാശവാദം.
വെള്ളൂര്‍ ന്യൂസ് പ്രിന്റ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ഒഴിവുള്ള സ്ഥലത്ത് ടയര്‍ നിര്‍മ്മാണ ശാല തുടങ്ങുമെന്നുമാണ് അവകാശവാദം. വന്‍കിട കുത്തകക്കമ്പനികള്‍ക്കെതിരെ സര്‍ക്കാര്‍ ടയര്‍കമ്പനികള്‍ക്ക് എത്രമാത്രം പിടിച്ചുനില്ക്കാന് സാധിക്കുമെന്ന് കണ്ടറിയണം.
കിഫ്ബി 12,000 കോടി ചെലവില്‍ കണ്ണൂര്‍ വിമാനത്താവളത്തിനടുത്ത് വ്യവസായപാര്‍ക്ക് സ്ഥാപിക്കുമെന്ന് പറയുന്നു. സ്ഥാപിച്ച വ്യവസായപാര്‍ക്കുകളില്‍ പലതിന്റെയും സ്ഥിതി ശോചനീയമാണ്. സ്വദേശീയരായ പലര്‍ക്കും അവിടെ വിജയഗാഥ തീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.
ആരോഗ്യമേഖലയ്ക്ക് കാര്യമായി യാതൊന്നും ലഭിച്ചിട്ടില്ല. 4,000 തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കും എന്ന് പറഞ്ഞുതുടങ്ങിയെങ്കിലും അത് കോന്നി, ഇടുക്കി, വയനാട് എന്നിവിടങ്ങളില്‍ പുതുതായി സ്ഥാപിക്കുാന്‍ പോകുന്ന മെഡിക്കല്‍ കോളെജുകളിലായിരിക്കും ഈ തൊഴിലവസരങ്ങളെന്ന് മന്ത്രി പറയുന്നു. അതായത് ഈ തൊഴിലവസരങ്ങള്‍ യാഥാര്‍ത്ഥ്യമാകാന്‍ എത്രകാലം കാത്തിരിക്കേണ്ടിവരുമെന്നറിയില്ലെന്നര്ത്ഥം.
കഴിഞ്ഞ ബജറ്റില്‍ മന്ത്രിയുടെ വീരവാദമായിരുന്ന കിഫ്ബിയെക്കുറിച്ച് ഈ ബജറ്റില്‍ വലിയ പരാമര്‍ശങ്ങളില്ല. 60000 കോടി രൂപ വിവിധ പദ്ധതികളില്‍ ചെലവഴിക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ വാചകമടിച്ചെങ്കിലും ആകെ 6,000 കോടിയുടെ പദ്ധതികള്‍ മാത്രമാണ് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. ഇക്കുറി ഐസക് വാചാലനായത് കെ-ഡിസ്കിനെക്കുറിച്ചാണ്. ഇതുവഴി ഡിജിറ്റല്‍ സങ്കേതങ്ങളിലൂടെ പുതിയ തൊഴിലവസരങ്ങള്‍ ഒരുക്കുമെന്ന ഈ പ്രഖ്യാപനം എത്രത്തോളം യാഥാര്‍ത്ഥ്യമാകുമെന്ന് കണ്ട് തന്നെയറിയണം. കേരളത്തെ വൈജ്ഞാനിക സമ്പദ് വ്യവസ്ഥയാക്കിമാറ്റുമെന്നാണ് അവകാശവാദം. എന്നാല്‍ കര്‍ണ്ണാടകം, തമിഴ്നാട്, മഹാരാഷ്ട്ര എന്നിങ്ങനെ ഏറെ മുന്നേറിയ സംസ്ഥാനങ്ങളോട് ഈ രംഗത്ത് കേരളത്തിന് എത്രത്തോളം മത്സരിച്ച് പിടിച്ച് നില്ക്കാന് കഴിയുമെന്ന് കണ്ടറിയണം.
ഇനി കാര്ഷികോല്പന്നങ്ങളുടെ തറവില എടുത്താല്‍ യാഥാര്‍ത്ഥ്യവുമായി ഒരു പൊരുത്തവുമില്ലാത്തതാണ്. തേങ്ങയുടെ 32 രൂപയും റബ്ബറിന്റെ 170 രൂപയും തീരെ കുറഞ്ഞ തുകകളാണെന്ന് കൃഷിക്കാര്‍ തന്നെ പറഞ്ഞിരിക്കുന്നു. വ്യാപാരികളെയും വ്യവസായികളെയും തൃപ്തിപ്പെടുത്തുന്ന യാതൊന്നും ഈ ബജറ്റിലില്ലാത്തതിനാല് തങ്ങള്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പരസ്യപ്രസ്താവന നടത്തിയിരിക്കുകയാണ് അവര്‍.
ഗായകന് ഉംപായിക്കും കലാമണ്ഡലം ഹൈദരലിക്കും സുഗതകുമാരിക്കും സ്മാരകങ്ങളും ഫണ്ടുകളും പ്രഖ്യാപിച്ചപ്പോള്‍ ജ്ഞാനപീഠം നേടിയ കവി അക്കിത്തത്തെ മറന്നുപോയത് മനപൂര്‍വ്വം തന്നെയാകാം.കാരണം കൊടിയുടെ നിറവും വോട്ടിന്റെ സാധ്യതയും നോക്കിയാണല്ലോ ജനങ്ങളുടെ നികുതിപ്പണം നീക്കുന്നത്.
പല പദ്ധതികള്‍ക്കും ഫണ്ടില്ല. ഒരു ധനകാര്യദിവാസ്വപ്നമാണ് തോമസ് ഐസക്ക് നടത്തിയിരിക്കുന്നത്. കടംവഴിയുള്ള ധനസമാഹരണവും പരോക്ഷനികുതിയും ആശ്രയിച്ചാണ് ഐസക് ഈ ക്ഷേമപദ്ധതികളത്രയും പ്രഖ്യാപിച്ചിരിക്കുന്നത്. ക്ഷേമപദ്ധതികളെ കോവിഡ് ഭീതി പരത്തിയ പശ്ചാത്തലത്തില്‍ സ്വീകാര്യമാണ്. എന്നാല്‍ ഈ ക്ഷേമപദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ അനുവദി്ക്കുന്ന അധികവായ്പാഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുമെന്ന അവകാശവാദത്തിനോട് യോജിക്കാന്‍ കഴിയില്ല.
ഇനി തൊഴില്‍ സൃഷ്ടിക്കുന്ന കാര്യമെടുക്കാം. ഇടതുസര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ 25 ലക്ഷം തൊഴിലവസരമാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍ പിഎസ് സി വഴി വെറും ഒരു ലക്ഷം പേര്‍ക്ക് മാത്രമാണ് തൊഴില്‍ നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ 20 ലക്ഷം തൊഴിലുകള്‍ വാഗ്ദാനം ചെയ്യുകയാണ് പുതിയ ബജറ്റില്‍.
കേരളം ഒരു കടക്കെണിയിലേക്ക് വീണുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ്. അതിന് കാരണം തനത് വരുമാനത്തിന്റെ അഭാവം തന്നെയാണ്. ഇപ്പോള്‍ കേരളം വായ്പയെടുക്കുന്ന ഫണ്ടില്‍ 67 ശതമാനവും റവന്യൂ ചെലവിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. ജനങ്ങളുടെ ഫണ്ട് സ്വരൂപിക്കുന്നതിലും പുറത്തുകൊണ്ടുവരുന്നതിലും സര്‍ക്കാര്‍ പരാജയപ്പെടുകയാണ്. സംസ്ഥാനത്തിന് ധനശേഖരണത്തിനുള്ള സാധ്യതകളില്ലെന്ന ഒരു ധാരണ മനപൂര്‍വ്വം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. പക്ഷെ ഇത് ശരിയല്ല. 1990-2000 വരെയാണ് കേരളത്തിന്റെ ആളോഹരി ഉപഭോക്തൃചെലവ്. അപ്പോള്‍ എന്തുകൊണ്ടാണ് ജനങ്ങളില്‍ നിന്നും കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ സര്‍ക്കാരിന് സാധിക്കാത്തത്. ഇതാണ് പ്രധാന ചോദ്യം. ഇതിന് ഫലപ്രദമായ ഉത്തരം കണ്ടെത്തിയേ തീരൂ. പകരം കേരളം ഇപ്പോഴും 60 ശതമാനത്തോളം വരുമാനത്തിന് ആശ്രയിക്കുന്നത് ലോട്ടറി, പെട്രോള്‍, മദ്യം, മോട്ടോര്‍വാഹനങ്ങള്‍ എന്നിവയില്‍ നിന്നുള്ള വരുമാനമാണെന്നതാണ് കഷ്ടം. അതിന് മാറ്റമുണ്ടാക്കാന്‍ ഐസക്കിന് കഴിഞ്ഞിട്ടില്ല. തകര്‍ന്ന സാമ്പത്തികവ്യവസ്ഥ മെച്ചപ്പെടുത്താനുള്ള ഒരു പോംവഴിയും ധനമന്ത്രി ബജറ്റില്‍ പറഞ്ഞിട്ടില്ല. പകരം കയ്യില്‍ കാശില്ലെന്ന് പറയാന്‍ സാംപത്തിക സര്‍വ്വേയില്‍ നൂറായിരം കാരണങ്ങള്‍ നിരത്തിയിട്ടുണ്ട്. രണ്ട് പ്രളയം, രണ്ട് മഹാമാരികള്‍, ഗള്‍ഫ് കാരുടെ തിരിച്ചുവരവ്, ജിഎസ്ടി നടപ്പാക്കല്‍, കേന്ദ്രസര്‍ക്കാരിന്റെ നിസ്സഹകരണം….അങ്ങിനെ നിരവധി കാരണങ്ങള്‍. പ്രതിസന്ധിയുടെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടാനല്ല, അതില്‍ നിന്ന് കൂടുതല്‍ കടമെടുക്കാതെ എങ്ങിനെ തലയൂരാമെന്നാണ് ഒരു ധനമന്ത്രി വഴികാണിച്ചുകൊടുക്കേണ്ടത്.
ക്ഷേമപദ്ധതികള്‍ മാത്രം പ്രഖ്യാപിക്കുക വഴി തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞേക്കും പക്ഷെ അത് നാടിന്റെ ഭാവി ശോഭനമാക്കില്ല. ലോട്ടറിയെയും മദ്യത്തെയും മാത്രം വരുമാനത്തിന് ആശ്രയിക്കുന്നത് പാവങ്ങളെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും സാമ്പത്തികമായി ദുര്‍ബലപ്പെടുത്താനേ സഹായി്ക്കൂ. മദ്ധ്യവര്‍ഗ്ഗവും പണക്കാരും വളരുമ്പോള്‍ പാവങ്ങളും ദുര്‍ബ്ബലവിഭാഗങ്ങളും അതുപോലെ തുടരുന്നതിലേക്കാണ് ഇത് നയിക്കുക. കമ്മ്യൂണിസത്തിന്റെ തന്റെ അടിസ്ഥാനസത്തയ്ക്ക് വിരുദ്ധമാണ് ഈ രീതി.
ഗിരീഷ്കുമാര്‍ പി ബി
പ്രതികരിക്കാൻ ഇവിടെ എഴുതുക: