Categories: Samskriti

‘ഈശാവാസ്യമിദം സര്‍വം…’

ഈശാവാസ്യോപനിഷത്ത് ഒരു വിചിന്തനം

‘ഈശാവാസ്യമിദം സര്‍വം

യത് കിഞ്ച ജഗത്യാം ജഗത്

തേനത്യക്തേന ഭുഞ്ജീഥാഃ

മാ ഗൃധഃ കസ്യസ്വിദ്ധനം’  

ഇൗശാവാസേ്യാപനിഷത്തിലെ പ്രഥമമന്ത്രത്തിന്റെ പ്രഥമപാദമാണ് ‘ഈശാവാസ്യമിദം സര്‍വം’. വേദാന്തശാസ്ത്രത്തിന്റെ സ്വര്‍ണത്താക്കോലാണിത്.  

പ്രപഞ്ചം മുഴുവന്‍ യജ്ഞത്തില്‍ അധിഷ്ഠിതമാണ്. ഈ യജ്ഞത്തില്‍ പ്രകൃതിയും പ്രപഞ്ചവും ഒരു പോലെ സമ്മേളിക്കുന്നു. വിശ്വയജ്ഞത്തില്‍ മനുഷ്യന്‍ സ്വജീവിതയജ്ഞം നടത്തുകയായി. ഇതോര്‍മ്മിച്ചു കൊണ്ട് ഈ മന്ത്രഭാഗത്തിന്റെ അര്‍ഥം ലളിതമായി നമുക്കിങ്ങനെ പറയാം. ചലനാത്മകമായ ഈ ജഗത്തിലുള്ളതെല്ലാം ഈശ്വരനില്‍ വ്യാപ്തമായിരിക്കുന്നു.  

ഈശ്വരന്റെ വാസഭൂമിയാണ് ഈ ജഗത്ത്. ഇവിടെ ആര്‍ക്കും സ്വന്തമായി ഒന്നുമില്ല. എല്ലാം ഈശ്വരന്റേതുമാത്രം. ഈശ്വരന്‍ പ്രപഞ്ചത്തില്‍ മുഴുവന്‍ സന്നിവേശിച്ചിരിക്കുകയാണ്. ഈശാവാസ്യോപനിഷത്തിലെ മര്‍മപ്രധാനമായ പദമാണ് ‘വാസ്യം’. ‘വസ്’ ധാതുവിന് വസിക്കുക, മറയ്‌ക്കുക, ഉടുക്കുക എന്നീ മൂന്ന് അര്‍ഥങ്ങളുണ്ട്. ഈ അര്‍ഥവ്യത്യാസമനുസരിച്ച് വ്യാഖ്യാനഭേദങ്ങളുമുണ്ടായിട്ടുണ്ട്. ‘ആവസിക്കുക’ എന്നയര്‍ഥം അരവിന്ദഘോഷും ‘ആച്ഛാദനീയം’ (മറയ്‌ക്കല്‍) എന്ന അര്‍ഥം ശ്രീശങ്കരനും സ്വീകരിച്ചിരിക്കുന്നു. ജഗത്താകെ ഈശ്വരന്‍ നിറഞ്ഞു നില്‍ക്കുന്നു (ഈശ ആവാസ്യം) വെന്ന് അരവിന്ദന്‍ പറയുമ്പോള്‍ പരമാത്മാവിനാല്‍ ചരാചര പ്രപഞ്ചം മൂടപ്പെട്ട് (സര്‍വം ചരാചരം ആഛാദനീയം സ്വേന പരമാത്മനാ) വര്‍ത്തിക്കുന്നുവെന്ന് ശ്രീശങ്കരന്‍. ‘ആഛാദനീയം’ എന്ന പാഠമല്ല പരക്കെ അംഗീകരിച്ചിട്ടുള്ളത്.  

അത്യന്തസൂക്ഷ്മമായ പരമാണു മുതല്‍ അത്യന്തം സ്ഥൂലമായ ബ്രഹ്മാണ്ഡമടക്കമുള്ള എല്ലാ വസ്തുക്കളിലും ഈശ്വരന്‍ അധിവസിക്കുന്നു എന്നതാണ് പ്രഥമമന്ത്രത്തിന്റെ പ്രഥമപാദപ്പൊരുള്‍. തൂണിലും തുരുമ്പിലും പുല്ലിലും പുഴുവിലും ഈശ്വര ചൈതന്യം പ്രസ്ഫുരിക്കുന്നു. ഇക്കണ്ട ചരാചരാത്മകമായ വിശ്വം മുഴുവനും അതിലടങ്ങുകയായി.  

അണ്ഡജം, ഉദ്ഭിജം, സ്വേദജം, ജരായുജം എന്നിങ്ങനെ ജീവജാലങ്ങള്‍ നാലുവിധം. മുട്ട വിരിഞ്ഞുണ്ടാകുന്നവ അണ്ഡജം, മണ്ണില്‍ മുളയിടുന്നവ ഉദ്ഭിജം, ഈര്‍പ്പത്തില്‍ നിന്നുണ്ടാകുന്നവ സ്വേദജം, ഗര്‍ഭാശയത്തില്‍ നിന്ന് പിറക്കുന്നവ ജരായുജം. ഇവ കൂടാതെ മലയും പുഴയും കടലും ഗ്രഹതാരാസഞ്ചയവുമൊക്കെയും ഈശ്വരന്റെ ഇരിപ്പിടം.  

ഈ മന്ത്രഭാഗം പഠിക്കുമ്പോള്‍ മൂന്നു പദങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്ന്: ബധിഭൂതം, രണ്ട്: അധ്യാത്മം, മൂന്ന്: അധിദൈവം. സ്ഥൂലമായ ശരീരമാണ് അധിഭൂതം. സൂക്ഷ്മമായ ജീവനാണ് അധ്യാത്മം. അത്യന്ത സൂക്ഷ്മമായ ആത്മാവാണ് അധിദൈവം. അധിഭൂതമായ ശരീരം ഇല്ലാതാവും. അധ്യാത്മമെന്ന ജീവനും പ്രായേണ നശ്വരമാണ്. എന്നാല്‍ അധിദൈവമെന്ന ആത്മാവിന് നാശമേയില്ല. മനുഷ്യനില്‍ ആത്മാവിനെ അവലംബിച്ച് ജീവനും ജീവനെ അവലംബിച്ച് ശരീരവും നിലനില്‍ക്കുന്നു.  

ശരീരമില്ലെങ്കിലും ജീവനുണ്ട്. എന്നാല്‍ ജീവനില്ലെങ്കില്‍ ശരീരമില്ല. ജീവനില്ലെങ്കിലും ആത്മാവുണ്ട്. ആത്മാവില്ലെങ്കില്‍ ജീവനില്ല. ഇതിന് ഇതരേതര യോഗം എന്നു പറയും.  

ഇങ്ങനെ നോക്കുമ്പോള്‍ ഏതു വസ്തുവാണ് ഈശ്വവന്റെ ആവാസകേന്ദ്രമല്ലാതെയുള്ളത്? ബ്രഹ്മം സത്യമെന്നും ജഗത്ത് മിഥ്യയെന്നും ഈ മന്ത്രഭാഗം വ്യാഖ്യാനിച്ച് ശ്രീശങ്കരന്‍ സമര്‍ഥിക്കുന്നു. ‘ഇൗശാവാസ്യമിദം സര്‍വം യല്‍കിഞ്ച ജഗത്യാം ജഗത്’ എന്ന മന്ത്രഭാഗം മാത്രം വ്യാഖ്യാനിച്ച് മഹാത്മാഗാന്ധി എഴുതുന്നു. ‘ ഈ മഹത്തായ ജഗത്തില്‍ കാണുന്നതെല്ലാം ഈശ്വരനാല്‍ വ്യാപിക്കപ്പെട്ടിരിക്കുന്നു. ജഗത്തിന്റെ പാലകനും സ്രഷ്ടാവുമായ ഇൗശ്വരന്‍ അതിലെ അവസാനത്തെ അന്നുവരെ എല്ലാറ്റിനെയും ആശ്രയിച്ചു നില്‍ക്കുന്നു.  

ഈ മന്ത്രഭാഗത്തിലാണ് അഹിംസാ സിദ്ധാന്തത്തിന്റെ വിത്തും വേരും. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ അഹിംസാ മന്ത്രം മുഴക്കുവാന്‍ പ്രേരണ നല്‍കിയത് ഈശമാണ്. മഹാത്മജി തുടരുന്നു, ‘ഈശ്വരന്‍ ഇല്ലാതിരിക്കുന്ന ഒന്നുമില്ല. ഇതിന് അപവാദമില്ല. എല്ലാം ഇൗശ്വരന്റെ കാല്‍ക്കല്‍ സമര്‍പ്പിക്കുക. അഥവാ ഭഗവദ്ഗീതയുടെ ഭാഷയില്‍ എല്ലാ പരിത്യജിക്കുക’.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക