തിരുവനന്തപുരം: വരുമാന കണക്കില്‍ നൂറുകോടി കാണാനില്ലെന്ന കെഎസ്ആര്‍ടി സിഎംഡി ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തല്‍ ശരിവച്ച് ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്ത്. 2010-13 കാലയളവില്‍ 100.75 കോടി രൂപ ചെലവാക്കിയതിന് കണക്കില്ല. ബാങ്ക് ട്രഷറി വഴിയുള്ള വരവ് ചെലക്ക് കണക്കുകളുടെ രേഖകളും സൂക്ഷിച്ചിട്ടില്ല. യൂണിറ്റുകള്‍ക്ക് നല്കിയ തുകയില്‍ കണക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അക്കൗണ്ട് ഓഫിസര്‍ ഉള്‍പ്പെടെയുള്ള ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് കണക്കുകള്‍ രേഖപ്പെടുത്തുന്നതില്‍ പിഴവ് വരുത്തിയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് മനഃപ്പൂര്‍വം ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണോയെന്ന സംശയവും റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവും റിപ്പോര്‍ട്ടിലുണ്ട്.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പെന്ഷന് ആന്റ് ഓഡിറ്റ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ എം ശ്രീകുമാറിനെ എറണാകുളം സെന്‍ട്രല്‍ സോണ്‍ അഡ്മിനിസ്ട്രേഷന് ഓഫിസറായി ഇന്നലെ സ്ഥലം മാറ്റിയത്. കണക്കിലെ പൊരുത്തക്കേടുകളില്‍ ശ്രീകുമാറിനോട് വിശദീകരണം തേടിയിട്ടുണ്ട്. വിശദീകരണം കിട്ടിയ ശേഷം വിജിലന്‍സ് അന്വേഷണത്തിന് സിഎംഡി ശുപാര്‍ശ ചെയ്യുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: