കടലിലെ തിര തൊട്ടി അഥവാ ബക്കറ്റിലെ വെള്ളത്തില്‍ ഉണ്ടാവില്ലെന്ന് പണ്ട് പറഞ്ഞത് പിണറായി വിജയനാണ്. പാര്‍ട്ടിക്കുള്ളില്‍ ചെങ്കതിരാവാന്‍ ഒരു പതിരും വല്ലാണ്ട് പരിശ്രമിക്കരുതെന്ന് അകത്തും പുറത്തും താക്കീത് നല്കിയതും വിജയനാണ്. പാര്‍ട്ടി ഒരു കടലാണെന്നും പാര്‍ട്ടിക്കുള്ളിലെ ആളോളെല്ലാം തൊട്ടി, സോറി, ബക്കറ്റിലെ വെള്ളമാണെന്നുമായിരുന്നല്ലോ വിജയന് അന്ന് ധ്വനിപ്പിച്ചത്. തൊട്ടികള്‍ കയറി സ്വയം കടലെന്ന് നിനച്ചപ്പോള്‍ ഉള്ള അമര്‍ഷം മൂലമാണ് പാര്‍ട്ടി സെക്രട്ടറിയായിരിക്കെ അദ്ദേഹം മാന്യനായത്.
വി.എസ്. അച്യുതാനന്ദനായിരുന്നു വിജയന്റെ ഇര. അച്യുതാനന്ദനെ കാണാന്‍ ജനങ്ങള്‍ കൂടുന്നു. നീട്ടിയും കുറുക്കിയും ആവര്‍ത്തിക്കുന്ന ആ പ്രസംഗം കേട്ട് കയ്യടിക്കുന്നു. ലക്ഷം ലക്ഷം പിന്നാലെ എന്ന് ആര്‍ത്തുവിളിക്കുന്നു. തനിക്ക് സിന്ദാബാദ് വിളിക്കാത്തവര്‍ അച്യുതാനന്ദന് വേണ്ടി മുറവിളി കൂട്ടുന്നതിലുണ്ടായ അസഹിഷ്ണുതയും അസൂയയും മൂലമാണ് അന്ന് വിജയന് തൊട്ടിയിലെ വെള്ളവും ഉഷാ ഉതുപ്പിന്റെ ഗാനമേളയും വെള്ളമടിച്ചാല്‍ വയറ്റില്‍ കിടക്കണം തുടങ്ങിയ പതിവ് പടക്കങ്ങളുമൊക്കെ എടുത്ത് വീശിയത്.
വിജയന്റെ ആളുകള്‍ പക്ഷേ അതിന് കണ്ടെത്തിയ വിശദീകരണം പാര്‍ട്ടി വ്യക്ത്യാരാധന വെച്ചുപൊറുപ്പിക്കില്ലെന്നാണ്. അതാണത്രെ വിജയന് കതിരൂരിലെ ചെങ്കതിരിനോട് പോലും അലര്‍ജിയുണ്ടാവാന്‍ കാരണം. വിഎസ് പാര്‍ട്ടിക്ക് മേലെ വളരാന്‍ തുടങ്ങിയപ്പോഴാണ് സഖാവ് വിജയന് ഇടപെട്ടതെന്നും അതിന് വിഭാഗീയത എന്ന് വിളിക്കരുതെന്നും അങ്ങനെ വിളിക്കുന്നവരെയൊക്കെ സിന്‍ഡിക്കേറ്റാക്കി ഒതുക്കിക്കളയുമെന്നും അവര്‍ അന്നേ പറഞ്ഞുവെച്ചിട്ടുണ്ട്. ഈ പാര്‍ട്ടിയെക്കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയാത്തവരാണ് വെട്ടിനിരത്തലെന്നും വിഭാഗീയതയെന്നുമൊക്കെയുള്ള അധിക്ഷേപവുമായി ഇറങ്ങുന്നതെന്ന് തലവന്‍ തന്നെ പ്രഖ്യാപിച്ചിട്ടുമുണ്ട്.
അലക്കിത്തേച്ച ചിരിയും മുഖത്തൊട്ടിച്ച് മുഖ്യമന്ത്രിയാകാന്‍ അഞ്ചാണ്ട് മുമ്പ് ഇറങ്ങിയപ്പോള്‍ ഇപ്പറഞ്ഞ ന്യായങ്ങളൊക്കെ വിജയന് പരണത്ത് വെച്ചുവെന്ന് ഇപ്പോള്‍ മലയാളിക്കറിയാം. താന്‍ ആള് വേറെ ജനുസ്സാണെന്ന് നിയമസഭയ്ക്കുള്ളില്‍ സ്വയംപൊങ്ങിത്തരം വിളമ്പുന്നിടം വരെ തരം താണിട്ടുണ്ട് മുഖ്യമന്ത്രിയിപ്പോള്‍. പാര്‍ട്ടിയുടെ ജനുസ്സ് കടലാണെന്നും തൊട്ടിയിലെ ജനുസ്സില്‍ പാര്‍ട്ടി കാണില്ലെന്നും വിജയനെ ഓര്‍മ്മിപ്പിക്കേണ്ടവര്‍ ഓര്‍മ്മിപ്പിക്കണ്ടതാണ്.
സ്വയംപൊങ്ങിത്തരത്തിന്റെ ആള്‍രൂപമാണ് മുഖ്യമന്ത്രിയെന്ന് അറിയാന്‍ കഴിഞ്ഞ അഞ്ചാണ്ട് കാലത്തെ അദ്ദേഹത്തിന്റെ തന്നെ പ്രസംഗങ്ങള്‍ കേട്ടാല്‍ മതി. താനൊരു വലിയ സംഭവമാണെന്ന് സ്വയം പറഞ്ഞുനടക്കുക മാത്രമല്ല, അതാണെന്ന് ഭാവിച്ച് ചെന്നുപെട്ട അമളികള്‍ ചെറുതൊന്നുമല്ല താനും. കേരളം ഒരു പ്രത്യേകതരം നാടാണെന്നും താന്‍ അവിടുത്തെ പ്രധാനമന്ത്രിയാണെന്നുമായിരുന്നു വിജയന്റെ ധാരണ. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കേരള മുഖ്യമന്ത്രി പദം എന്നത് സര്‍വാധിപതി ആകാന്‍ കിട്ടിയ അവസരമാണെന്ന് പാവം വല്ലാതെ ധരിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിജയന് എന്നും അന്തം വിട്ട അസൂയയാണ്. ലോകത്തെവിടെയുള്ള ഭരണാധികാരിയെ കാണുമ്പോഴും തനിക്കും അതുപോലെയൊക്കെയായാല്‍ കൊള്ളാമെന്നാണ് മോഹം. ചിലപ്പോള്‍ മോദി, ചിലപ്പോള്‍ ജോ ബൈഡന്, മറ്റ് ചിലപ്പോള്‍ ഷിജിന്‍പിങ്….. അങ്ങനെയങ്ങനെ… ഒരുതരം ദിവാസ്വപ്നമാണ് അത്. ഒരുമാതിരി കുഞ്ഞിക്കൂനന് മോഡല്‍ പൊങ്ങച്ചമാണ് വിജയന്റേത്. കണ്ടാല്‍ ആളൊരു സൂപ്പര്‍മാനാണെന്ന് പാര്‍ട്ടിക്കാര്‍ക്ക് തോന്നുമെങ്കിലും കയ്യിലിരുപ്പ് കൊണ്ട് തനിനിറം ഇതിനകം നാട്ടുകാര്‍ക്ക് മനസ്സിലായിട്ടുണ്ട്.
ബ്രണ്ണന്‍ കോളേജും ഊരിപ്പിടിച്ച കത്തികളും വടിവാളുകളും അതിന്റെ നടുക്ക് കൂടി രജനിസ്റ്റൈലില്‍ നടന്നുവരുന്ന പിണറായിയുമൊക്കെ ട്രോളന്മാര്ക്ക് ഹരമായതിന് പിന്നില്‍ സ്വയം പൊങ്ങിത്തരമായിരുന്നു. മുഖ്യമന്ത്രിയല്ലാത്ത വിജയനെ ‘ഇന്ദറ ചന്ദറന്’ തടയാനാവില്ലെന്ന് കണ്ടോണം എന്നായിരുന്നു മറ്റൊരു മാസ് ഡയലോഗ്. ഓഖിയടിച്ച തീരത്ത് ഉയര്‍ത്തിപ്പിടിച്ച പങ്കായം കണ്ട് ക്ലിഫ് ഹൗസിലെ ഏതോ മൂലയ്ക്ക് ഒളിച്ചിരുന്ന വിദ്വാനാണ് ഇമ്മാതിരി ഒടുക്കത്തെ ഡയലോഗ് വിട്ട് കീനേരി അച്ചു കളിക്കുന്നത്.
കാരാട്ട് മുതല്‍ യെച്ചൂരി വരെയും യെച്ചൂരി മുതല്‍ കാരാട്ട് വരെയും നീണ്ടുപരന്ന് ചുരുണ്ട് കൂടിക്കിടക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ അന്നം മുട്ടാതെ കിടക്കുന്നത് സഖാവ് വിജയന്റെ കോര്‍പ്പറേറ്റ് ഭരണം കൊണ്ടാണ് എന്നത് വാസ്തവമാണ്. പോരാഞ്ഞ് സദ്ദാംഹുസൈന് മുതല്‍ ആമസോണിലെ കാട്ടുതീ വരെ എന്തിനും തൊട്ടിപ്പിരിവ് എടുക്കാന്‍ ഉളുപ്പില്ലാത്ത സഖാക്കന്മാര് എമ്പാടുമുള്ളപ്പോള്‍ സ്വര്‍ണക്കടത്ത് മുതല്‍ ഡോളര്‍ക്കടത്ത് വരെ എല്ലാം വെളുപ്പിച്ചെടുക്കാനുള്ള സാങ്കേതിക വിദ്യ കൂട്ടിനുണ്ട്. അതിനെല്ലാം പുറമേ കെ.എം. മാണിയുടെ വീട്ടിലുണ്ടെന്ന് വിജയനും കൂട്ടരും പണ്ട് ഗവേഷിച്ച് കണ്ടെത്തിയ നോട്ടെണ്ണല്‍ യന്ത്രം ഉടയോന് സഹിതം ഇപ്പോള്‍ എകെജി സെന്ററില്‍ കുടിപ്പാര്‍പ്പാണ് താനും. അപ്പോള്‍പിന്നെ വിജയന് വേറെ ജനുസ്സാണെന്ന് സമ്മതിച്ചുകൊടുക്കേണ്ടിവരും. ഇത്തരം ഒരു ജനുസ്സ് വേറെ കിട്ടാനുണ്ടാവില്ല താനും. ഇനി സമ്മതിച്ചു കൊടുത്തില്ലെങ്കില്‍ കിറ്റ് തരാതെ പട്ടിണിക്കിടാനുള്ള പവറും വിജയനുണ്ടെന്ന് ‘ഓര്‍ക്കേണ്ടവര്‍ ഓര്‍ത്തിരുന്നാല്‍ നല്ലത്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: