ജീവിച്ചിരുന്നപ്പോള്‍ ജന്മനാടും അവിടുത്തെ കിരാത കമ്യുണിസ്റ്റ് ഭരണവും വേട്ടയാടിയിട്ടും ലോക സാഹിത്യത്തിലെ പൂമുഖത്തിണ്ണയില്‍ കസേര വലിച്ചിട്ട് ഇരിപ്പുറപ്പിച്ച അതുല്യ പ്രതിഭയാണ് ബോറിസ് പാസ്റ്റര്‍നാക്ക്. ഇരുമ്പുമറകളുള്ള ഒരു ഭരണകൂടവും അതിന്റെ ഉരുക്കുമുഷ്ടികളുള്ള കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും ജീവിത കാലം മുഴുവന്‍ സമ്മര്‍ദ്ദം ചൊലുത്തിയിട്ടും തന്റെ ബോധ്യങ്ങള്‍ക്കപ്പുറത്ത് ഭരണാധികാരികള്‍ക്ക് രുചിക്കുന്ന രീതിയില്‍ എഴുതാന്‍ പാസ്റ്റര്‍നാക്ക് തയ്യാറായില്ല. ഡോക്ടര്‍ ഷിവാഗോ എന്ന അതുല്യ നോവല്‍ എഴുതിയ പാസ്റ്റര്‍നാക്കിനെ 1958 ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം തേടിയെത്തി. ഭരണകൂട ഭീകരതയുടെയും കമ്യൂണിസ്റ്റ് ക്രൂരതയുടെയും ഇരയായ അദ്ദേഹം ചരമമടഞ്ഞിട്ടു 60 സംവത്സരം കഴിഞ്ഞിരിക്കുന്നു.
1890 ല്‍ മോസ്കോ സ്കൂള്‍ ഓഫ് പെയിന്റിങ്ങിലെ പ്രൊഫസറും, അന്നത്തെ പ്രശസ്തനായ പെയിന്ററും ആയിരുന്ന ലിയോണിഡ് പാസ്റ്റര്‍ നാക്കിന്റെ നാലുമക്കളില്‍ ഒരുവനായി ഒരു സമ്പന്ന ജൂത കുടുംബത്തിലാണ് ബോറിസ് ജനിച്ചത്. അമ്മ റോസാ ഒരു സംഗീതജ്ഞയും പിയാനോ വാദകയുമായിരുന്നു. അതിനാല്‍തന്നെ ബോറിസിന്റെ കുട്ടിക്കാലം കാവ്യമയമായിരുന്നു. അവന്റെ രക്ഷിതാക്കള്‍ വിശ്വസാഹിത്യകാരനും അന്നത്തെ സാഹിത്യതാരവുമായിരുന്ന ലിയോ ടോള്‍സ്റ്റോയിയുടെ അടുപ്പക്കാരായിരുന്നു. നന്നേ ചെറുപ്പത്തില്‍ രാഷ്ട്രീയ- സാഹിത്യ-പ്രത്യയശാസ്ത്ര ചര്‍ച്ചകള്‍ കേട്ട് വളര്‍ന്നത് കൊണ്ടുതന്നെ ബോറിസ് രാഷ്ട്രീയാഭിമുഖ്യമുള്ള ഒരാളായി വളര്‍ന്നു വന്നു. കുട്ടിക്കാലത്ത് കുറച്ചുകാലം സംഗീതവും അഭ്യസിച്ചു. അതിനുശേഷം മോസ്കോ സര്‍വകലാശാലയില്‍ ചേര്‍ന്ന് നിയമം പഠിച്ചു. താല്‍പ്പര്യ രാഹിത്യം കാരണം നിയമപഠനം തുടരാന്‍ കഴിഞ്ഞില്ല.
ജര്‍മനിയിലെ മാര്‍ബര്‍ഗ് യൂണിവേഴ്സിറ്റിയില്‍ സുപ്രസിദ്ധ ചിന്തകനായ ഹെര്‍മല്‍ കോഹന്റെ കീഴില്‍ ഫിലോസഫി പഠിക്കാന്‍ തുടങ്ങി. അതിനു ശേഷം കുറേക്കാലം ഇറ്റലിയില്‍ അലഞ്ഞു തിരിയുകയും, 1914 ഓടുകൂടി റഷ്യയില്‍ തിരിച്ചെത്തുകയും ചെയ്തു. അക്കാലത്ത് ആദ്യത്തെ കവിതാസമാഹാരം പുറത്തുവന്നു. ആ പുസ്തകത്തിന് വലിയൊരു ആരാധകവൃന്ദത്തെ നേടിയെടുക്കുവാന്‍ കഴിഞ്ഞു. റഷ്യയില്‍ ഫ്യൂച്ചറിസ്റ്റ് പ്രസാധനവുമായി അദ്ദേഹം സഹകരിച്ചു. അതിന്റെ നേതാക്കളില്‍ ഒരാളായ മയക്കോവ്സ്കിയുടെ അടുപ്പക്കാരനും ആരാധകനുമായി ബോറിസ് മാറി. താമസിയാതെ ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഒരപകടത്തില്‍ കാലിന്റെ സ്വാധീനം നഷ്ടപ്പെട്ടതിനാല്‍ നിര്‍ബന്ധിത സൈനിക സേവനത്തില്‍ നിന്നും ബോറിസ് ഒഴിവാക്കപ്പെട്ടു. എന്നാലും യുദ്ധകാലം മുഴുവന്‍ യുറാള്സിലെ ഒരു ഫാക്ടറിയിലെ ജീവനക്കാരനായി അദ്ദേഹം കഴിഞ്ഞുകൂടി.
ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍, റഷ്യ യുദ്ധത്തിന്റെ നടുവില്‍ കിതയ്ക്കുമ്പോള്‍ ലെനിനും കൂട്ടരും രാജ്യത്തു കലാപമുയര്‍ത്തി. റഷ്യയില്‍ ഭരണമാറ്റമുണ്ടായി. സാറിസ്റ്റുഭരണം അവസാനിക്കുകയും ആഭ്യന്തര കലാപത്തിനൊടുവില്‍ ലെനിന് അധികാരം പിടിച്ചെടുക്കുകയും ചെയ്തു. ഇക്കാലത്ത് ബോറിസ് കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കീഴില്‍ ഒരു ലൈബ്രേറിയനായി ജോലിനോക്കി. ആ കാലയളവില്‍ മൈ സിസ്റ്റര്‍ ലൈഫ് എന്ന കവിത എഴുതി. ഇതൊരു ഗാനാത്മക- പ്രണയഭരിത കൃതി ആയിരുന്നു. മലയാളത്തിലെ ഇടപ്പള്ളി -ചങ്ങമ്പുഴ ലൈന്‍. അതിനു മുന്‍പ് പുറത്തു വന്ന മറ്റു കവിതാ സമാഹാരങ്ങള്‍ കൂടി ഇതോടെ അനുവാചകരുടെ ശ്രദ്ധ ആകര്‍ഷിച്ചു. കമ്യൂണിസ്റ്റ് റഷ്യയിലെ ഏറ്റവും പ്രസിദ്ധനായ യുവകവിയായി ബോറിസ് ഉയര്‍ന്നു. 1931 ല്‍ ആത്മകഥാരൂപത്തിലുള്ള Safe Conduct എന്ന പുസ്തകം പുറത്തുവന്നു.
ഷഡാനോവ് ഡോക്ട്രിന്‍
ഇതിനു സമാന്തരമായി റഷ്യയുടെ രാഷ്ട്രീയ രംഗങ്ങളില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്മേല് ഇരുമ്പു ചങ്ങലകള്‍ വലിഞ്ഞു മുറുകുകയായിരുന്നു. കിരാതമായ കമ്മ്യൂണിസ്റ്റ് ഭരണകൂടം എഴുത്തുകാര്‍ക്ക് മൂക്കുകയര്‍ ഇടാന്‍ തുടങ്ങി.
1924 ല്‍ ലെനിന് മരിക്കുകയും, സ്റ്റാലിന്റെ ഏകാധിപത്യ ഭരണം അതിന്റെ തേരോട്ടം ആരംഭിക്കുകയും ചെയ്തു. സ്റ്റാലിന്റെ പ്രൊപ്പഗാണ്ട മന്ത്രി ആന്ദ്രേയ് ഷഡാനോവ് കലാ സാഹിത്യ രംഗങ്ങളുടെ കടിഞ്ഞാണ്‍ ഏറ്റെടുത്തു. 1934 ല്‍ എഴുത്തുകാരുടെ രാജ്യാന്തര സമ്മേളനത്തില്‍ മുഖ്യപ്രസംഗം നടത്തിയ ഷഡാനോവ് കമ്മ്യൂണിസ്റ്റ് ചേരിയില്‍ നിന്നുകൊണ്ട് എഴുതാത്തവരെ മനുഷ്യ വിരുദ്ധരായി പ്രഖ്യാപിച്ചു. ഇതേ സമ്മേളനത്തില്‍ റഷ്യയുടെ പ്രതിനിധിയായി പങ്കെടുത്ത മാര്‍ക്സിം ഗോര്‍ക്കി ‘സാഹിത്യകാരന്മാരെ നിങ്ങള്‍ ആരുടെ ചേരിയില്‍’ എന്ന ചോദ്യം ഉന്നയിച്ചു. കമ്മ്യൂണിസ്റ്റ് റഷ്യയോടൊപ്പം അല്ലാത്തവരെല്ലാം ഹിറ്റ്ലറിനോടൊപ്പമാണെന്നു പറഞ്ഞു വെച്ചു.
പാസ്റ്റര്‍നാക്കിന്റെ കവിതകള്‍ കമ്യൂണിസ്റ്റ് മാപിനി ഉപയോഗിച്ച് അളക്കപ്പെട്ടു. അവയില്‍ പ്രത്യയശാസ്ത്ര പ്രതിബദ്ധത ഇല്ലെന്ന് അവര്‍ കണ്ടെത്തി. അതേ കാലഘട്ടത്തില്‍ പാസ്റ്റര്‍നാക്കിന്റെ ദി ലാസ്റ്റ് സമ്മര്‍ എന്ന പുസ്തകം റഷ്യയിലെ പുസ്തക ശാലകളില്‍ നിന്നും പിന്‍വലിക്കപ്പെട്ടു. റഷ്യയിലെമ്പാടും എഴുത്തുകാര്‍ വേട്ടയാടപ്പെടുന്ന കാലഘട്ടമായിരുന്നു അത്. പാസ്റ്റര്‍നാക്കിന്റെ അടുത്ത സുഹൃത്തായ മയക്കോവ്സ്കി ഭരണകൂടത്തിന്റെ ഈ സമ്മര്‍ദ്ദം സഹിക്കാതെ 1930 ല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. വിമര്‍ശനങ്ങള്‍ നേരിടാനാകാതെ പാസ്ടര് നാക്ക് കവിത എഴുത്തു നിര്‍ത്തി. വിദേശ ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹം ഉപജീവനാര്‍ത്ഥം ലോക ക്ലാസ്സിക്കുകള്‍ റഷ്യനിലേക്കു പരിഭാഷപ്പെടുത്താന്‍ തുടങ്ങി. അദ്ദേഹത്തിന്റെ ഷേക്സ്പിയര് തര്‍ജ്ജമകള്‍ നിരൂപക ശ്രദ്ധ പിടിച്ചുപറ്റി.
രണ്ടാം ലോകമഹായുദ്ധകാലത്ത് വീണ്ടും രണ്ടു കവിതാ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ പാര്‍ട്ടിയുടെ അച്ചടക്ക ദണ്ഡ് അദ്ദേഹത്തിനു നേരെ വീണ്ടും തിരിഞ്ഞു. അതിനാല്‍ ഈ കാലയളവില്‍ അന്നേവരെയുള്ള ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ ഡോക്ടര്‍ ഷിവാഗോ എന്ന പുസ്തകം പാസ്റ്റര്‍നാക്ക് എഴുതി തീര്‍ത്തു. ആ കാലയളവിലാണ് എഴുത്തുകാരുടെ യഥാര്‍ത്ഥ മൂക്കുകയറായ ഷഡാനോവ് ഡോക്ട്രിന്‍ അവതരിപ്പിക്കപ്പെട്ടത്. പിന്നീടങ്ങോട്ട് സോവിയറ്റ് യൂണിയനിലെ സര്‍ഗ്ഗരചനകള്‍ ഷഡാനോവ് ഡോക്ട്രിന്‍ അനുസരിച്ചായേ പറ്റൂ എന്ന നില വന്നു. തലച്ചോറിനെയും ചിന്തകളെയും ഭരണകൂടം പരിപൂര്‍ണ്ണമായി നിയന്ത്രിക്കാന്‍ തുടങ്ങിയത് ഷഡാനോവിസത്തിന്റെ ഉദയത്തിനു ശേഷമാണ്.
ഡോക്ടര്‍ ഷിവാഗോ എന്ന ക്ലാസ്സിക്
ഡോക്ടറും കവിയുമായ യൂറി ഷിവാഗോയും നഴ്സായ ലാറയും തമ്മിലുള്ള പ്രണയ ജീവിതമാണ് ഈ നോവലിലെ ഇതിവൃത്തം. കഥയിലെ യൂറി ഷിവാഗോ വിവാഹിതനും കൂടിയാണ്. വിപ്ലവത്തിനും ഭരണകൂടത്തിനും ഇടയില്‍പ്പെട്ട സാധാരണ ജനങ്ങളുടെ ജീവിതം ഡോക്ടര്‍ ഷിവാഗോയില്‍ കാണാം. അതൊരു നിഷ്പക്ഷ കൃതിയാണ്. മാര്‍ക്സിം ഗോര്ക്കിയെപ്പോലെയുള്ള കമ്യൂണിസ്റ്റ് എഴുത്തുകാര്‍ സ്റ്റേറ്റിനും വിപ്ലവത്തിനും മംഗളപത്രങ്ങള്‍ എഴുതി സമര്‍പ്പിക്കുമ്പോള്‍ താരതമ്യേന ജീവിത ഗന്ധിയായിരുന്ന ഡോക്ടര്‍ ഷിവാഗോ എന്ന നോവല്‍ കമ്യൂണിസ്റ്റ് നിരൂപകര്‍ക്കു സഹിക്കാവുന്നതിലപ്പുറമായിരുന്നു.
ഷഡാനോവ് ഡോക്ട്രിന്‍ ഉപയോഗിച്ച് ഡോക്ടര്‍ ഷിവാഗോയും കീറിമുറിച്ചു വിലയിരുത്തപ്പെട്ടു. അതി്റപപ്രകാരം പ്രണയം പിന്തിരിപ്പനും കേവലം വ്യക്തി അധിഷ്ഠിതവുമായിരുന്നു. മൂന്നു വര്‍ഷം ഡോക്ടര്‍ ഷിവാഗോ ഇരുമ്പു മറയുടെ ഉള്ളില്‍ കഴിഞ്ഞു.
പാസ്റ്റര്‍നാക്കിന്റെ കാമുകിയായ ഓള്‍ഗയാണ് ഇതിലെ നായികയായ ലാറ. ബോള്‍ഷെവിക് വിപ്ലവകാരികളുടെ ക്രൂരതകളെക്കുറിച്ചു പച്ചയായി പറയുവാന്‍ ബോറിസ് തന്നെപ്പോലെയുള്ള ഒരു കഥാപാത്രത്തെ സൃഷ്ടിച്ച് അതൊക്കെ നോവലിലൂടെ വിളിച്ചു പറഞ്ഞു. കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായി തീര്‍ന്ന പാസ്റ്റര്‍നാക്കിന്റെ കാമുകിയായായതിലൂടെ ഓള്‍ഗ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും കണ്ണിലെ കരടായി. പാസ്റ്റര്‍നാക്കിനെ ദുര്‍ബലനാക്കാന്‍ അവര്‍ ഓള്‍ഗയെ അറസ്റ്റു ചെയ്തു. പിന്നീട് കടുത്ത പീഡനങ്ങളും നീണ്ട വിചാരണയുമായിരുന്നു. അഞ്ച് വര്‍ഷത്തേക്ക് അവര്‍ തടവിനു ശിക്ഷിക്കപ്പെട്ടു. അതിനിടെ സ്റ്റാലിന് മരണപ്പെടുകയും ക്രൂഷ്ചേവ് അധികാരം പിടിക്കുകയും, ഓള്‍ഗ സ്വതന്ത്രയാവുകയും ചെയ്തു. റഷ്യയിലെ പ്രസിദ്ധീകരണ ശാലകളൊന്നും ഡോക്ടര്‍ ഷിവാഗോ പ്രസിദ്ധീകരിക്കുവാന്‍ തയ്യാറായില്ല. അതിനിടെ ക്രൂഷ്ചേവ് സ്റ്റാലിന് എന്ന നരാധമനെ തുറന്നുകാട്ടി. ലോകമെമ്പാടുമുള്ള സ്റ്റാലിന് ഭക്തര്‍ ഞെട്ടിത്തരിച്ചുനില്‍ക്കെ ഡോക്ടര്‍ ഷിവാഗോയുടെ ഇറ്റാലിയന്‍ പരിഭാഷ പുറത്തു വന്നു. അതിന്റെ പ്രസിദ്ധീകരണം തടയുവാന്‍ റഷ്യ ആവുന്നത് ശ്രമിച്ചു. സമാന്തരമായി ഫ്രഞ്ച് ഇംഗ്ലീഷ്, ജര്‍മ്മന്‍ പരിഭാഷകള്‍ പുറത്തുവന്നു.
ഹേഗ് കേന്ദ്രമായി സ്ഥാപിക്കപ്പെട്ട ഒരു പ്രസാധനാലയം ഡോക്ടര്‍ ഷിവാഗോയുടെ റഷ്യന്‍ പതിപ്പ് പുറത്തിറക്കുകയും അത് റഷ്യയിലെമ്പാടും പ്രചരിപ്പിക്കുകയും ചെയ്തു.. അതേ കാലയളവില്‍ തന്നെ മുട്ടത്തുവര്‍ക്കിയുടെ മലയാള പരിഭാഷ ദീപിക പത്രത്തില്‍ അച്ചടിച്ചു വന്നു.
നൊബേല്‍ പുരസ്കാരം വിലക്കി
അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന കോലാഹലങ്ങളുടെ സമ്മര്‍ദ്ദം പാസ്റ്റര്‍ നാക്കിന്റെ ആരോഗ്യത്തെ ക്ഷയിപ്പിച്ചു. 1958 ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ഡോക്ടര്‍ ഷിവാഗോയ്ക്ക് ലഭിച്ചു.അതിനു മുന്നേ ആറു തവണ മറ്റു പുസ്തകങ്ങളുമായി നൊബേല്‍ സമ്മാനത്തിനുള്ള അന്തിമ ലിസ്റ്റില്‍ അദ്ദേഹം എത്തിച്ചേര്‍ന്നിരുന്നു. നൊബേല്‍ സമ്മാനം തിരസ്കരിക്കണമെന്നു റഷ്യന്‍ സര്‍ക്കാര്‍ അദ്ദേഹത്തോടാവശ്യപ്പെട്ടു. സമ്മാനം വാങ്ങിക്കാന്‍ റഷ്യ വിട്ടുപോയാല്‍ തിരികെ വരന് സാധിക്കില്ലെന്നും പറഞ്ഞു. കടുത്ത മാനസിക സമ്മര്‍ദ്ദത്തിനൊടുവില്‍ 1960 മെയ് 30 നു ബോറിസ് പാസ്റ്റര്‍നാക്ക് അന്തരിച്ചു. അദ്ദേഹത്തിന്റെ മരണം റഷ്യന്‍ പത്രങ്ങളില്‍ ചെറിയ കോളം വാര്‍ത്തയായി ഒതുങ്ങിയെങ്കിലും ശവസംസ്കാര ചടങ്ങില്‍ ആയിരങ്ങള്‍ പങ്കെടുത്തു..
പാസ്റ്റര്‍നാക്കിന്റെ മരണ ശേഷം റഷ്യന്‍ ചാരസംഘടനയായ കെജിബി ഓള്‍ഗയെയും മകള്‍ ഐറിനെയും അറസ്റ്റു ചെയ്തു. ഡോക്ടര്‍ ഷിവാഗോയുടെ റോയല്‍റ്റി ഓള്‍ഗ കൈപ്പറ്റി എന്നാരോപിച്ച് അവരെ തടങ്കല്‍ പാളയത്തിലയച്ചു.
ഇത്രയധികം സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടും കമ്മ്യൂണിസ്റ്റ് ഭീകരതയ്ക്കെതിരെ പിടിച്ചു നിന്നുകൊണ്ട് രാജ്യം വിട്ടുപോകാതെ ബോറിസ് പാസ്റ്റര്‍നാക്ക് തന്റെ ജീവിതം കൊണ്ട് ഒരു ലോക ക്ലാസിക് രചിക്കുകയായിരുന്നു.
ഇന്ന് റഷ്യയിലും ലോകമെമ്പാടും ഏറെ വായനക്കാരുള്ള ഒരു പുസ്തകമാണ് ഡോക്ടര്‍ ഷിവാഗോ. കമ്യൂണിസ്റ്റ് വിപ്ലവത്തിന്റെ പേരില്‍ ബോള്‍ഷെവിക്കുകള്‍ റഷ്യയില്‍ കാട്ടിക്കൂട്ടിയ പേക്കൂത്തിനെക്കുറിച്ച് ലോകത്തോട് ആദ്യമായി വിളിച്ചുപറഞ്ഞത് ഡോക്ടര്‍ ഷിവാഗോ ആണ്.
30 കൊല്ലത്തിനു ശേഷം പെരിസ്ട്രോയിക്കയുടെ കാലത്ത് 1987 ല്‍ ഡോക്ടര്‍ ഷിവാഗോ ഔദ്യോഗികമായി റഷ്യയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 1989 ല്‍ പാസ്റ്റര്‍നാക്കിന്റെ മകന് സ്റ്റോക്ക് ഹോമിലെത്തി അച്ഛനുവേണ്ടി പുരസ്കാരം ഏറ്റുവാങ്ങി. അന്നേവരെ സ്വീഡിഷഷ് അക്കാദമിയുടെ രേഖകളില്‍ നൊബേല്‍ സമ്മാനം നിരസിച്ചു എന്നെഴുതിച്ചേര്ത്തിരുന്നത് സമ്മാനം ഏറ്റുവാങ്ങാന്‍ സര്‍ക്കാര്‍ അനുവദിച്ചില്ല എന്നു തിരുത്തി എഴുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: