കൊച്ചി: എറണാകളും ജനറല്‍ ആശുപത്രിയില്‍ ആദ്യം കൊവിഡ് വാക്സീന് സ്വീകരിച്ചത് പ്രമുഖ ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം. വാക്സീന് സ്വീകരിച്ചത് സുഖകരമായ അനുഭവമായെന്ന് വാക്സിന് സ്വീകരിച്ച ശേഷം അദ്ദേഹം പറഞ്ഞു. ഒരു പ്രശ്നങ്ങളും ഉണ്ടായില്ല, വളരെ പരിശീലനം ലഭിച്ച നഴ്സിങ് സ്റ്റാഫാണ് എടുത്തത്, വളരെ ചെറിയ സൂചിയാണ്. ഉള്ളിലേക്കു കയറുന്നതു പോലും അറിയുന്നില്ല. സുഖകരമായ അനുഭവമാണ്. ആദ്യ വാക്സീനുകള്‍ എടുക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരെ തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജോസ് ചാക്കോ പെരിയപ്പുറത്തിന് ശേഷം ഡി എം ഒ ഡോ. എന്‍.കെ. കുട്ടപ്പന്, മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ ഡോ. ജോസഫ് ചാക്കോ, മുന്‍ ഡി എം ഒ ഡോ. ജുനൈദ് റഹ്മാന്, ഡെപ്യൂട്ടി ഡി എം ഒ ഡോ. സവിത, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിത എന്നിവര്‍ വാക്സിന് സ്വീകരിച്ചു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെ രജിസ്റ്റര്‍ ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ വാക്സിന് സ്വീകരിച്ചു. രാവിലെ 10.30 ന് കോ വിഡ് വാക്സിനേഷന് യജ്ഞത്തിന്റെ ദേശീയ തല ഉദ്ഘാടനത്തിനു ശേഷമാണ് വാക്സിനേഷന് ആരംഭിച്ചത്.
ജനറല്‍ ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ ബ്ലോക്കിലെ ഒന്നാം നിലയിലാണ് വാക്സിനേഷന് മുറി ക്രമീകരിച്ചിരുന്നത്. രജിസ്റ്റര്‍ ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ തിരിച്ചറിയല്‍ രേഖ വെരിഫൈ ചെയ്ത ശേഷമാണ് വാക്സിനേഷന് മുറിയില്‍ പ്രവേശിച്ചത്. വാക്സിന് സ്വീകരിച്ച ശേഷം അര മണിക്കൂര്‍ വിശ്രമിക്കണം. ഏതെങ്കിലും വിധത്തിലുള്ള അസ്വസ്ഥതകള്‍ തോന്നിയാല്‍ അടിയന്തര ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കിയിരുന്നു. ജനറല്‍ ആശുപത്രിയിലെ 100 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യ ദിവസം വാക്സിന് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: