ന്യൂദല്‍ഹി: രാജ്യത്തിന് ഇത് അഭിമാനനിമിഷം. കോവിഡ് എന്ന മഹാമാരിയില്‍ നിന്ന് മാനവരാശിയെ രക്ഷിച്ചെടുക്കാന്‍ ഉതകുന്ന വാക്സിനേഷനു രാജ്യത്ത് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വാക്സിനേഷനു തുടക്കം കുറിച്ചത്. സാധാരണയായി ഒരു വാക്സിന് വികസിപ്പിക്കാന്‍ വര്‍ഷങ്ങള്‍ ആവശ്യമാണെന്നും എന്നാല്‍ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍, കോവിഡിന് എതിരായി ഒന്നല്ല രണ്ട് ‘മേയ്ഡ് ഇന്‍ ഇന്ത്യ’ വാക്സിനുകള്‍ തയ്യാറായിക്കഴിഞ്ഞുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. രാജ്യത്തിന്റെ ദേശീയതയും പ്രതിഭയും ലോകത്തിന് മനസിലായ നിമിഷമാണ് ഇതെന്നും പ്രധാനമന്ത്രി. രാജ്യവ്യാപക കോവിഡ് വാക്സിനേഷന് യജ്ഞം ഉദ്ഘാടനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിന് എതിരായ മറ്റ് വാക്സിനുകളുടെ വികസിപ്പിക്കലും രാജ്യത്ത് അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് വാക്സിന്റെ രണ്ടു ഡോസുകളും പ്രധാനപ്പെട്ടതാണെന്ന് ജനങ്ങളെ ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ്. രണ്ട് ഡോസുകളും സ്വീകരിക്കുന്നതിന് ഒരു മാസത്തെ ഇടവേളയുണ്ടാകണമെന്ന് വിദഗ്ധര്‍ പറഞ്ഞിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതിനു ശേഷം മാസ്ക് മാറ്റുക, സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങിയ തെറ്റുകള്‍ ചെയ്യരുത്. കാരണം രണ്ടാമത്തെ ഡോസിനു ശേഷമാണ് പ്രതിരോധശേഷി രൂപപ്പെടുന്നതെന്നും മോദി പറഞ്ഞു. മൂന്നു കോടി മുന്നണി പോരാളികള്‍ക്ക് വാക്സിനുകള്‍ കേന്ദ്രസര്‍ക്കാര്‍ സൗജന്യമായാണ് നല്‍കുന്നത്.
ഇതിനിടെ മറ്റ് വാക്സിനുകളുടെ വികസിപ്പിക്കലും അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രത്തില്‍ ഇതുവരെ ഇത്രയും വലിയതോതില്‍ വാക്സിനേഷന് നടത്തിയിട്ടില്ല. മൂന്നുകോടിയില്‍ താഴെ ജനസംഖ്യയുള്ള നൂറിലധികം രാജ്യങ്ങളുണ്ട്. എന്നാല്‍ ഇന്ത്യ ആദ്യഘട്ടത്തില്‍ മാത്രം മൂന്നുകോടി ജനങ്ങള്‍ക്ക് കോവിഡ് വാക്സിന് നല്‍കുകയാണ്. രണ്ടാംഘട്ടത്തില്‍ ഇത് മുപ്പതു കോടി ആക്കേണ്ടതുണ്ട്- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: