തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വാക്സിന് കുത്തിവയ്പ്പിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും എല്ലാ ഒരുക്കങ്ങളുമായി. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാണ് വാക്സിനേഷന് നടക്കുന്നത്.
എറണാകുളം ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി സംവദിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഓരോ ആള്‍ക്കും 0.5 എം.എല്‍. കൊവീഷീല്‍ഡ് വാക്സിനാണ് കുത്തിവയ്പ്പിലൂടെ നല്‍കുന്നത്. ആദ്യ ഡോസ് എടുത്തു കഴിഞ്ഞാല്‍ 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നല്‍കുക. രണ്ടു ഡോസും എടുത്താലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ.
എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതവും ഉണ്ടാകും. ബാക്കി ജില്ലകളില്‍ ഒമ്പത് കേന്ദ്രങ്ങള്‍ വീതമാണ് ഉണ്ടാകുക. വാക്സിനേഷന് നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ എറണാകുളം ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ലോഞ്ചിങ് ദിനത്തില്‍ ടൂവേ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തി.
നേരിട്ട് സംവദിക്കാനാണ് ടൂവേ കമ്മ്യൂണിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. ആദ്യ ദിവസം ഒരു കേന്ദ്രത്തില്‍ നിന്നും 100 പേര്‍ക്കാണ് വാക്സിന് നല്‍കുന്നത്. രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെയാണ് വാക്സിന് നല്‍കുക. വാക്സിന് എടുത്തു കഴിഞ്ഞാല്‍ 30 മിനിറ്റ് നിര്‍ബന്ധമായും ഒബ്സര്‍വേഷനിലിരിക്കണം. എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് അവിടത്തെ ഉദ്യോഗസ്ഥന് ബോധവത്ക്കരണം നല്‍കും. വാക്സിനേഷന് കേന്ദ്രത്തില്‍ ഡോക്ടറുടെ സേവനവും ലഭ്യമാക്കും. ചെറിയ ബുദ്ധിമുട്ടുണ്ടെങ്കില്‍ പോലും പരിഹരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: