ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് അപ്രതീക്ഷിതമായി പഴയ സ്വയംസേവകര്‍, എം.ആര്. പത്മനാഭനും അജയനും കാണാനായി വീട്ടില്‍ വന്നിരുന്നു. രണ്ടുപേരും ഭാരതീയ വിദ്യാനികേതനത്തിന്റെ പ്രവര്‍ത്തകരെന്ന നിലയ്ക്ക് പ്രശസ്ത സേവനം നിര്‍വഹിക്കുന്നവരാണ്. മണിയെന്നു വിളിക്കപ്പെട്ടിരുന്ന പത്മനാഭന് കോട്ടയം ജില്ലയിലെ ആനിക്കാട് ശാഖയില്‍ ബാലസ്വയംസേവകനായിരുന്ന കാലത്തേ പരിചയമുണ്ട്. ഞാന്‍ കോട്ടയം ജില്ലാ പ്രചാരകനായിരുന്ന 1964-67 കാലത്ത് അവിടത്തെ മുക്കാലി ശാഖയിലെ ഊര്‍ജസ്വലനായിരുന്ന ബാല സ്വയംസേവകനായിരുന്നു. കേരളത്തില്‍ പലയിടങ്ങളിലും പ്രചാരകനായി അവിടങ്ങളിലെ സംഘഗൃഹങ്ങളിലും സ്വയംസേവകരുടെ ഹൃദയങ്ങളിലും സ്ഥാനം ഉറപ്പിച്ചവരില്‍ ഒരാളാണ് മണി. അതിനുശേഷം വിദ്യാനികേതന്റെ വിദ്യാലയങ്ങളിലും സേവനമനുഷ്ഠിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്വന്തം നാട്ടിലെ പ്രശസ്തമായ പള്ളിക്കത്തോട് അരവിന്ദ വിദ്യാലയത്തിന്റെ നടത്തിപ്പില്‍ ചുമതല വഹിച്ച് വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്നു. ജനുവരി മൂന്നാം തീയതി ഞായറാഴ്ച പ്രസ്തുത വിദ്യാലയത്തിന്റെ ആദ്യത്തെ മന്ദിരത്തില്‍ അവിസ്മരണീയമായ ഒരു ചടങ്ങു നടന്നു. അതില്‍ പങ്കെടുക്കാന്‍ അവിടെ പോയിരുന്നു. ആ സമയത്തു അദ്ദേഹം സദസ്സിലും ഞാന്‍ വേദിയിലുമാകയാല് പരസ്പരം സംസാരിക്കാന്‍ അവസരമുണ്ടായില്ല. അദ്ദേഹത്തിന്റെ മനസ്സില്‍ അതുണ്ടാക്കിയ വേദന മൂലം ഏറ്റവും അടുത്തു ലഭ്യമായ അവസരത്തില്‍ അജയനെ കൂട്ടിനു വിളിച്ചു തൊടുപുഴയ്ക്കു വരികയായിരുന്നു.
അടിയന്തരാവസ്ഥക്കാലത്തു കോട്ടയം ജില്ലാ കാര്യവാഹ് സ്ഥാനം വഹിക്കുകയും പോരാട്ടത്തില്‍ പങ്കെടുത്ത് ജയില്‍വാസമനുഭവിക്കുകയും ചെയ്ത്, പിന്നെ ഏറെനാള്‍ പ്രചാരകനായി, താന്‍ പ്രവര്‍ത്തിച്ച സ്ഥലങ്ങളിലൊക്കെ സ്വയംസേവക ഹൃദയങ്ങളെ കീഴടക്കിയ കെ.എസ്. സോമനാഥനാണ് എന്നെ കൂട്ടി പള്ളിക്കത്തോട്ടിലേക്കുപോയത്.
അവിടത്തെ പരിപാടിയില്‍ പള്ളിക്കത്തോട് പഞ്ചായത്തിലെ സംഘബന്ധുക്കളായ എല്ലാപേരും ഉണ്ടായിരുന്നുവെന്നു തോന്നുന്നു. അങ്ങനെയൊരു പരിപാടി അവിടെ സംഘടിപ്പിച്ചതിന്റെ സാംഗത്യമാണ് പ്രധാനവും ശ്രദ്ധേയവും. സംഘപ്രവര്‍ത്തനത്തിന്റെ സ്വാധീനത്തില്‍ പെട്ട് ആ പ്രദേശത്തിന്റെ സര്‍വതോമുഖമായ അഭിവൃദ്ധി കൈവരിക്കുന്നതിന്റെ പരോക്ഷ ഫലമായി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞ പഞ്ചായത്തംഗങ്ങളെ അനുമോദിക്കാന്‍ നടത്തിയ സമാഗമമായിരുന്നു മൂന്നാം തീയതിയിലേത്. ആ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് കഴിഞ്ഞ ഏതാണ്ട് ഏഴുപതിറ്റാണ്ടുകാലത്തെ സംഘപ്രവര്‍ത്തനം കൊണ്ടാണെന്ന് അന്നാട്ടുകാര്‍ വിശ്വസിക്കുന്നു. അതിനു കാരണക്കാരായി അവര്‍ കരുതുന്ന പഴയകാല പ്രചാരകന്മാരെ കൂടി അന്നവിടെക്ഷണിച്ചുവരുത്തി ആദരിക്കുക എന്ന കൃത്യവും അവര്‍ നിര്‍വഹിച്ചു.
ഇന്ന് കേരളത്തിലെ ഏറ്റവും മുതിര്‍ന്ന പ്രചാരകരില്‍ ഒരാളും കേന്ദ്രീയ കാര്യകാരിണിയംഗവുമായ എസ്. സേതുമാധവന്റെ പ്രചാരക ജീവിതാരംഭത്തിലെ ആദ്യകാല മൂന്നുനാലു വര്‍ഷങ്ങള്‍ ആനിക്കാട് ഗ്രാമത്തിലായിരുന്നു. അന്ന് 20 വയസ്സില്‍ താഴെ മാത്രം പ്രായമായിരുന്ന അദ്ദേഹം ആ പ്രദേശത്തെ ഓരോ ഹിന്ദുഭവനത്തിലെയും ഉറ്റ അംഗത്തെപ്പോലെ ആയിരുന്നു. അവിടത്തെ രണ്ടുമൂന്നു തലമുറകള്‍ കഴിഞ്ഞിട്ടും അവരൊക്കെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച വ്യക്തിത്വമാണദ്ദേഹത്തിന്റെത്. എന്നെ കാണാനെത്തിയ മണിയെന്ന പത്മനാഭന്റെ വീട്ടിലായിരുന്നു താമസവും ഭക്ഷണവുമൊക്കെ. അതിന്റെ ഫലമായി പത്മനാഭന്റെ അച്ഛന് രാമന് നായര്‍ സംഘശിബിരങ്ങളിലെ അടുക്കളയുടെ മേല്നോട്ടക്കാരനായി പോകാറുണ്ടായിരുന്നു.
ആനിക്കാടിന് മറ്റൊരു ഭാഗ്യം കൂടിയുണ്ടായി. സേതുമാധവന് എത്തുന്നതിനു മുന്‍പ് ഇന്നത്തെ സാക്ഷാല്‍ എം.എ. സാര്‍ എന്നു വിളിക്കുന്ന എം.എ. കൃഷ്ണന്റെ സേവനം ലഭിക്കാനവസരമുണ്ടായി. തന്റെ വിദ്യാഭ്യാസാനന്തരം പ്രചാരകനാകാന്‍ തീവ്രമായ അഭിലാഷമുണ്ടായപ്പോള്‍ സംഘാധികാരിമാരെ അറിയിക്കുകയും, അന്നത്തെ സംഘത്തിന്റെ സാമ്പത്തിക നില പരിതാപകരമാകയാല്‍ സംസ്കൃതാധ്യാപകനായി വാഴൂര്‍ വിദ്യാധിരാജ ആശ്രമം വക വിദ്യാലയത്തില്‍ ചേരുകയും, ആശ്രമത്തില്‍ താമസിച്ചുകൊണ്ടു ചുറ്റുമുള്ള ഗ്രാമങ്ങളില്‍ ശാഖകള്‍ ആരംഭിക്കുകയും ചെയ്തു. സമീപ ഗ്രാമമായ ആനിക്കാട്ട് അദ്ദേഹമാണ് ശാഖകള്‍ തുടങ്ങിയത്.
സംഘത്തെ നെഞ്ചിലേറ്റിയ ആനിക്കാട്ട് വളരെ ദശകങ്ങളായുണ്ടായിരുന്ന വിദ്യാലയമായിരുന്നു ഇന്ന് എന്‍എസ്എസിന്റെ കീഴിലുള്ള ഹൈസ്കൂള്‍. നാട്ടുകാര്‍ സ്വാമി വിവേകാനന്ദന്റെ സ്മാരകമായി സ്ഥലവും ധനവും സമാഹരിച്ച് ആരംഭിച്ച സ്വാമി വിവേകാനന്ദ സ്മാരക ഹൈസ്കൂളില്‍ ഒട്ടേറെ സംഘപരിപാടികള്‍ നടന്നിട്ടുണ്ട്. അവിടെത്തന്നെയായിരുന്നു ശാഖയും വിദ്യാലയ നടത്തിപ്പും. തത്സംബന്ധമായി ഓരോ കാലത്തു നിലവില്‍ വന്ന നിയമങ്ങള്‍ മൂലം വലുതായ സാമ്പത്തിക ബാധ്യയുണ്ടാക്കിയതിനാല് അതിന്റെ ഭാരവാഹികള്‍ അതു നായര്‍ സര്‍വീസ് സൊസൈറ്റിക്കു കൈമാറി. ക്രമേണ അതിന്റെ പേരിലെ വിവേകാനന്ദന്റെ പേര് അപ്രത്യക്ഷമായി!
വിദ്യാനികേതന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ഔപചാരികമായി ആരംഭിച്ച 1980 കളില്‍ അവിടത്തെ മുതിര്‍ന്ന സ്വയംസേവകരും സംഘബന്ധുക്കളും ചേര്‍ന്നാരംഭിച്ചതാണ് അരവിന്ദ വിദ്യാലയം. എല്ലാ നിലയ്
ക്കും അന്യൂനവും അന്യാദൃശവുമാണാ സ്ഥാപനം. മുന്‍ പ്രാന്തപ്രചാരക് ഭാസ്കര്‍ റാവുജി, പരമേശ്വര്‍ജി, ഹരിയേട്ടന്, പരേതനായ വിദ്യാനികേതന്‍ മാര്‍ഗദര്‍ശി എ.വി. ഭാസ്കര്‍ജി മുതലായ എത്രയോ പേരുടെ നേതൃത്വവും ഉപദേശവും അതിനു ലഭിച്ചിട്ടുണ്ട്. മുന്‍ ഉപപ്രധാനമന്ത്രി ലാല്‍ കൃഷ്ണ അദ്വാനിയും പൂജനീയ സര്‍സംഘചാലക് മോഹന്‍ജി ഭാഗവതും മറ്റനേകം പ്രശസ്ത വ്യക്തികളും സംന്യാ
സിവര്യരും അവിടെ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു. അരവിന്ദയുടെ പ്രവര്‍ത്തന വിജയം മറ്റനേകതരം സേവന പ്രവര്‍ത്തനങ്ങള്‍ക്കും പ്രചോദനമായി. അങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ വെവ്വേറെ ട്രസ്റ്റുകള്‍ രൂപീകരിച്ചിരിക്കുന്നു. അതില്‍ ഏറ്റവും പ്രധാനം പൊന്‍കുന്നത്ത് വളരെക്കാലം മുടന്തി മുടന്തി പ്രവര്‍ത്തിച്ചിരുന്ന ഹിന്ദു മെഡിക്കല്‍ മിഷന് ആസ്പത്രി അരവിന്ദ ട്രസ്റ്റ് ഏറ്റെടുത്ത് നടത്തുന്നതാണ്. ബാലാശ്രമങ്ങളും വൃദ്ധസദനങ്ങളും ആരംഭിക്കാന്‍ പ്രചോദനവും മാര്‍ഗദര്‍ശനവും നല്‍കിയത് പല ഗ്രാമങ്ങളിലേയും പ്രവര്‍ത്തകര്‍ക്ക് ഉത്സാഹം ഉണ്ടാക്കുന്നു.
സംഗീത, സാഹിത്യ, കലാ, ബൗദ്ധിക മേഖലകളിലെ പ്രശസ്തരെ ക്ഷണിച്ചുവരുത്തി ആദരിക്കുന്ന പതിവും അവിടെയുണ്ട്. ഇവിടെനിന്ന് ലഭിച്ച ആദരവ് മറ്റെവിടെ ലഭിച്ചതിനെക്കാള്‍ ശ്രേഷ്ഠമെന്നു കരുതുന്നവരാണധികവും.
ഈ പ്രദേശത്തിന് പണ്ട് ആനിക്കാട് എന്നായിരുന്നു പറഞ്ഞുവന്നത്. മറ്റു പല ആനിക്കാട്ടുകളും ഉള്ളതിനാല്‍ തപാല്‍ ലഭിക്കുന്നതിലും മറ്റും ഉണ്ടായ ആശയ കുഴപ്പങ്ങള്‍ നീക്കാനാണത്രേ പള്ളിക്കത്തോട് എന്ന പേര് സ്വീകരിക്കപ്പെട്ടത്. ഇവിടെയുള്ള ദേവീക്ഷേത്രത്തിനു സമീപത്തുകൂടി ഒഴുകുന്ന ചെറുതോട് ദൈവിക സാന്നിദ്ധ്യമുള്ളത് എന്നയര്ത്ഥത്തില് പള്ളിക്കത്തോടായാതാണത്രേ. പഞ്ചായത്തിന്റെ പേര് പള്ളിക്കത്തോട് എന്നായി. അരവിന്ദ വിദ്യാലയം അതിന്റെ പ്രശസ്തി വര്‍ധിപ്പിച്ചു.
അവിടത്തെ പരിപാടിക്കു വരാന്‍ ക്ഷണം ലഭിച്ചിട്ടു വന്നെത്താന്‍ കഴിയാത്തവരുമുണ്ട്. അതിലൊരാളായ ശിവദാസ് രോഗാതുരനായി കോഴിക്കോട് ജില്ലയിലെ അത്തോളിക്കടുത്തു വീട്ടില്‍ കഴിയുകയാണ്. അദ്ദേഹം ഇവിടെ മുന്‍പ് സ്വന്തം സ്നേഹ മുദ്ര പതിപ്പിച്ച പ്രചാരകനായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ആലപ്പുഴ ജില്ലയിലായിരുന്നപ്പോള്‍ ഏറ്റ പോലീസ് ക്രൂരതയുടെ അവശിഷ്ടമായ ദേഹാസ്വാസ്ഥ്യങ്ങള്‍ മൂലം യാത്ര ഡോക്ടര്‍മാര്‍ നിഷേധിച്ചതിനാല്‍ വരില്ല എന്നറിയിച്ചിരുന്നു. കര്മക്ഷേത്രങ്ങളിലെ സഹപ്രവര്‍ത്തകരെക്കുറിച്ച് എന്നും ഹൃദയംഗമമായി സ്മരിക്കുന്ന അദ്ദേഹം, ഞാന്‍ അവിടെ പോകുന്നുണ്ടെന്നറിഞ്ഞപ്പോള്‍ പ്രത്യകമായി അന്വേഷണം അറിയിച്ചു.
സംഘപ്രവര്‍ത്തനം എത്ര കണ്ട് സര്വതോമുഖമാകാം എന്നതിനുദാഹരണമാണ് പള്ളിക്കത്തോട്. ഇതേ രീതിയില്‍ മറ്റു പലസ്ഥലങ്ങളുമുണ്ടാകാം. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പകയുടെയും സന്ദേശം പ്രസരിപ്പിക്കാതെ സ്നേഹത്തിന്റെയും ശാന്തിയുടെയും സൗഹൃദത്തിന്റെയും സന്ദേശമാണ് അന്തിമ വിജയത്തിലേക്കു എത്തിക്കുക എന്നതിന്റെ ഉദാഹരണം നേരില്‍ കണ്ടാണ് മൂന്നാം തീയതി മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: