പൊരിയുന്ന വയറിന്റെ പ്രണവ മന്ത്രങ്ങളെ
പരിണയിച്ചെന്നുമീ തീക്കാട്ടിലലയണോ?
കരുണയുടെ കലശധാര കൈകൊള്ളുവാന്‍
ഒരു ശിലാമൂര്‍ത്തിയായ് സ്തംഭിച്ചിരിക്കണോ?
ഒരു വിരഹഗാനത്തിന്റെ ഈരടിക്കുള്ളിലെ
മായാത്ത നൊമ്പരപ്പൊട്ടായി മാറണോ?
ആത്മനൊമ്പരത്തിന്റെ അഗ്നിനേത്രങ്ങളെ
താഴിട്ടു പൂട്ടി നീ കണ്ണീരു വാര്‍ക്കൊലാ
സിംഹമാണുള്ളിലുറങ്ങുന്ന ചേതന
ശങ്കയില്ലാതെ നീ സടകുടഞ്ഞീടുക
അഭയവരദമാം മുദ്രകള്‍ തേടാതെ
അവനവനാരെന്നറിയാന്‍ ശ്രമിക്കുക
സ്വയമൊരു മെഴുകുതിരിയായുരുകാതെ
കത്തിപ്പടരുന്നൊരഗ്‌നിയായി മാറുക
ലക്ഷ്യവേദത്തിനൊരുങ്ങുന്നൊരമ്പിന്റെ
ശക്തമാം വില്ലായി നടുവു നിവര്‍ക്കുക
കല്ലില്‍ കവിതയും ജീവനും നല്‍കുന്ന
കല്ലുളിനാക്കിന്‍ കരുത്തു കൈകൊള്ളുക
കൂടപ്പിറപ്പിനെ കാത്തു രക്ഷിക്കുവാന്‍
സമ്പാതിയെപ്പോല്‍ ചിറകുവിടര്‍ത്തുക
പുണ്യസാളഗ്രാമ ശിലയൊന്നുഹൃത്തിന്റെ
ആഴത്തില്‍ മുങ്ങിത്തപ്പിയെടുക്കുക
ചുടലഭസ്മത്തിലങ്ങഗ്‌നിയെ തേടുന്ന
പഴയ ഭ്രാന്തന്റെ ചിന്തയെ തേറുക
ഇന്ദ്രിയപഞ്ചകത്തേരുരുള്‍ചാലില്‍ നീ
ഭൂനാഗകന്യപോല്‍ ചീയാതിരിക്കുക
ഉടുതുണിക്കുത്തില്‍ പിടിമുറുക്കുന്നൊരാ
പഴയ ദുശ്ശാസനന്‍ വീണ്ടും ജനിക്കുന്നു
കലികാലസന്ധ്യയുടെ സോപാന മൂലയില്‍
ഇരുള്‍പെറ്റ കുഞ്ഞിന്‍ കരിനിഴല്‍ കേഴുന്നു
വറ്റാത്തൊരിച്ഛാശക്തിതന്‍ പാനകം
മോന്തി കുടിച്ചു നീ ശക്തനായ് തീരുക
ഉണ്ണികൃഷ്ണന്‍ മനയ്‌ക്കല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: