തൃശൂര്‍: ശ്രീവടക്കുന്നാഥ ക്ഷേത്രത്തില്‍ മകരസംക്രമ സന്ധ്യയില്‍ 15,008 എള്ള് കിഴിയിട്ട മണ്‍ചിരാതുകളില്‍ ദീപാഞ്ജലി നടത്തി. ക്ഷേത്രം മേല്‍ശാന്തി ചെറുമുക്ക് ശ്രീരാജ് നാരായണന് ആദ്യ തിരി തെളിയിച്ചു. ശബരിമലയില്‍ മകരജ്യോതി തെളിഞ്ഞ സമയത്ത് ചിരാതുകളില്‍ ദീപം തെളിയിച്ചതോടെ ക്ഷേത്രം പ്രഭാപൂരിതമായി. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്.
മകരസംക്രമത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ അയ്യപ്പസ്വാമിക്ക് രാവിലെ അഷ്ടാഭിഷേകം, വൈകീട്ട് പുഷ്പാഭിഷേകം എന്നിവ നടന്നു. കുറ്റുമുക്ക് ബ്രദേഴ്സിന്റെ നേതൃത്വത്തില്‍ 50ഓളം കലാകാരന്മാര് പങ്കെടുത്ത ഉടുക്കുകൊട്ട് ശാസ്താപാട്ടും ഉണ്ടായി. ദേവസ്വം മെമ്പര്‍ എം.ജി നാരായണന്, അസി. കമ്മീഷണര്‍ വി. എന്‍. സ്വപ്ന, മാനേജര്‍ എം. മനോജ് കുമാര്‍, സമിതി പ്രസിഡന്റ് പി. പങ്കജാക്ഷന്, സെക്രട്ടറി ടി. ആര് ഹരിഹരന്, ജോയിന്റ് സെക്രട്ടറി സന്തോഷ്, വൈസ് പ്രസിഡന്റ് അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
മകരസംക്രമ സന്ധ്യയില്‍ ശബരിമല അയ്യപ്പ സേവാ സമാജം, ക്ഷേത്രസംരക്ഷണ സമിതി, ഹിന്ദുഐക്യവേദി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ വടക്കുന്നാഥക്ഷേത്ര പ്രദക്ഷിണ വഴിയില്‍ ദീപക്കാഴ്ച ഒരുക്കി. ക്ഷേത്രം മേല്‍ശാന്തി പയ്യപ്പിള്ളി മാധവന് നമ്പൂതിരി നല്കിയ വിളക്കില്‍ നിന്ന് ആദ്യതിരി കത്തിച്ച് ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സെക്രട്ടറി മുരളി കോളങ്ങാട്ട്, ക്ഷേത്രസംരക്ഷണ സമിതി ജില്ലാ അധ്യക്ഷന്‍ സതീഷ് ചന്ദ്രന് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
പ്രദക്ഷിണവഴിയില്‍ പൂര്‍ണമായും ഭക്തര്‍ മണ്ചെരാതുകളില് എള്ളുതിരി കത്തിച്ചു. ശബരിമല അയ്യപ്പ സേവാ സമാജം ജില്ലാ ട്രഷറര്‍ കെ.ദാസന്, ജോ.സെക്ര. ബാലന് പൂത്തോള്‍, ശബരി മാതൃസമിതി സംസ്ഥാന ഉപാദ്ധ്യക്ഷ ജലജ പിള്ള, സംസ്ഥാന കമ്മറ്റി അംഗം ഉഷ മരുതൂര്‍, വിശ്വഹിന്ദു പരിഷത്ത് ജില്ലാ അധ്യക്ഷന്‍ മോഹന്‍ മേനോന്, എസ്എഎസ്എസ് അഖിലേന്ത്യാ അഡ്മിന് ഷണ്മുഖാനന്ദന്, മോഹനകൃഷ്ണന്, സഞ്ജയ്, രാമന് തുടങ്ങിയവര്‍ നേതൃത്വം നല്കി. ബിജെപി സംസ്ഥാന വക്താവ് അഡ്വ.ബി.ഗോപാലകൃഷ്ണന്, കോര്പ്പറേഷന് കൗണ്‍സിലര്‍മാരായ പൂര്‍ണിമ സുരേഷ്, കെ.ജി നിജി എന്നിവര്‍ സന്നിഹിതരായി. ക്ഷേത്രസംരക്ഷണ സമിതി വടക്കുന്നാഥന് ശാഖയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സ്ത്രീകളടക്കമുള്ള ഭക്തര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: