പത്തനംതിട്ട: നിയമസഭാതെരെഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയപ്പോള്‍ ശബരിമലയില്‍ ഭക്തിപ്രകടനവുമായി ദേവസ്വം മന്ത്രി. മകരവിളക്കിനോടനുബന്ധിച്ച് സന്നിധാനത്ത് എത്തിയ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭക്തിപൂര്‍വ്വമുള്ള ക്ഷേത്രദര്‍ശനം അയ്യപ്പഭക്തരില്‍ ആഹ്ലാദവും അമ്പരപ്പും ഒരുപോലെ ഉളവാക്കി. 2018ലെ മണ്ഡലമകരവിളക്കുത്സവക്കാലത്തിന്റെ ഓര്‍മ്മകള്‍ ഉള്ളവര്‍ മന്ത്രി പ്രായശ്ചിത്തം ചെയ്യുകയാണോ എന്നും സംശയിച്ചു.
ശബരിമലആചാരസംരക്ഷണത്തിനായി മുന്നില്‍ നിന്നവര്‍ പന്തളത്ത് അയ്യപ്പന്റെ മണ്ണില്‍ കഴിഞ്ഞ തദ്ദേശതിരെഞ്ഞെടുപ്പില്‍ നേടിയ വിജയം മന്ത്രിയുടെ കണ്ണുതുറപ്പിച്ചതാണോ എന്ന സംശയവും ചിലര്‍ ഉന്നയിച്ചു. ഗുരുവായൂരില്‍ ദര്‍ശനം നടത്തിയതിന് പാര്‍ട്ടിയോട് സമാധാനം ബോധിപ്പിക്കേണ്ടിവന്നയാള്‍ ശബരീശ സന്നിധിയില്‍ കാണിക്കയിട്ട് തൊഴുന്നതും തന്ത്രിയും മേല്‍ശാന്തിയും നല്‍കിയ പ്രസാദം ഭക്തിപൂര്‍വ്വം സ്വീകരിക്കുന്നതും ഒട്ടു കൗതുകത്തോടെ ഭക്തര്‍ക്ക് നോക്കിക്കാണാനാവൂ. ദേവസ്വം മന്ത്രിയായി പലവട്ടം സന്നിധാനത്ത് എത്തിയിട്ടുണ്ടെങ്കിലും ഇത്രത്തോളം ഭക്തി പ്രകടിപ്പിച്ചിരുന്നില്ലത്രേ. ഔദ്യോഗിക പത്രക്കുറിപ്പുപ്രകാരം ദേവസ്വം മന്ത്രിയുടെ ശബരിമലദര്‍ശനം ഇപ്രകാരമായിരുന്നു.
മകരവിളക്കിനോട് അനുബന്ധിച്ച് സന്നിധാനത്തെത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്നലെ രാവിലെ എഴേമുക്കാലോടെ ശബരീശ ദര്‍ശനം നടത്തി. തുടര്‍ന്ന് ദേവസ്വം ഓഫീസിലെത്തി മകരവിളക്കിനോട് അനുബന്ധിച്ച് നടത്തിയ അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തി. തന്ത്രി കണ്ഠര് രാജീവരുമായും മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റിയുമായും കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് 8.14ന് നടത്തിയ മകരസംക്രമ പൂജയില്‍ മന്ത്രി പങ്കെടുത്തു. തിരുനടയില്‍ കാണിക്കയര്‍പ്പിച്ച് തൊഴുത മന്ത്രിക്ക്, തന്ത്രി അഭിഷേകം നടത്തിയ നെയ്യും മേല്‍ശാന്തി പ്രസാദവും കൈമാറി. ഇതിന് ശേഷമാണ് മന്ത്രി സോപാനത്ത് നിന്നും മടങ്ങിയത്. പിന്നീട് സന്നിധാനത്തെ വാവര് നടയിലും മന്ത്രി ദര്‍ശനം നടത്തി. ഇവിടെയും കാണിക്കയര്‍പ്പിച്ച് പ്രസാദവും വാങ്ങിയാണ് ദര്‍ശനം പൂര്‍ത്തിയാക്കിയത്.
മന്ത്രിയോടൊപ്പം രാജു എബ്രഹാം എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍.വാസു, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. കെ.എസ്.രവി, പി.എം. തങ്കപ്പന്‍, ദേവസ്വം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ എം. മനോജ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ബി.എസ്.തിരുമേനി തുടങ്ങിയവരുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: