തിരുവനന്തപുരം: കേരളം വന്‍ സാമ്പത്തിക തകര്‍ച്ചയിലെന്ന് നിയമസഭയില്‍ വച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. വളര്‍ച്ചാനിരക്ക് കൂപ്പുകുത്തി, കടം കുത്തനെ കൂടി, വരുമാനം വന്‍തോതില്‍ ഇടിഞ്ഞു, ചെലവ് അനിയന്ത്രിതമായി ഉയര്‍ന്നു. പിണറായി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും പിടിപ്പുകേടും ക്രമക്കേടുകളും കൃത്യമായി വരച്ചുകാട്ടുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കൊറോണയും പ്രകൃതി ദുരന്തങ്ങളും സാമ്പത്തിക തകര്‍ച്ചയ്ക്കുള്ള പല കാരണങ്ങളില്‍ രണ്ടെണ്ണം മാത്രമാണ്. കാര്‍ഷിക മേഖലയിലെ വലിയ തകര്‍ച്ചയാണ് ഒരു പ്രധാന കാരണമെന്നും സൂചനയുണ്ട്. ദേശീയ തലത്തില്‍ കൊറോണക്കാലത്തും കാര്‍ഷിക മേഖല ശക്തമായി നിലകൊണ്ടപ്പോഴാണ് കേരളത്തില്‍ മറിച്ചായത്. മുന്‍ വര്‍ഷം കാര്‍ഷിക രംഗത്തെ വളര്‍ച്ച മൈനസ് 2.38 ശതമാനമായിരുന്നു. അത് മൈനസ് 6.62ശതമാനത്തിലേക്കാണ് ഇടിഞ്ഞത്.
ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് കുത്തനെ കുറഞ്ഞു. റവന്യൂ വരുമാനത്തില്‍ വന്‍ ഇടിവുണ്ടായി, തനത് നികുതി വരുമാനവും കാര്‍ഷികരംഗവും പൂജ്യത്തിനും താഴെയാണ് (മൈനസ്) എത്തിയത്. ചെലവിന്റെ 74.70 ശതമാനവും ശമ്പളവും പെന്‍ഷനും നല്‍കാനാണ് ഉപയോഗിക്കുന്നതെന്നും ആഭ്യന്തര കടം കുത്തനെ കൂടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുന്‍പ് കേരളത്തിന്റെ വളര്‍ച്ചാനിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലായിരുന്നു. ഇതാണ് കുത്തനെ താഴേക്ക് പോയത്. വളര്‍ച്ച മുന്‍ വര്‍ഷത്തെ 6.49 ശതമാനത്തില്‍ നിന്ന് 2019-20ല്‍ 3.45 ശതമാനത്തിലേക്കാണ് വീണത്. മൊത്തം സംസ്ഥാന മൂല്യവര്‍ധന 6.2 ശതമാനത്തില്‍ നിന്ന് 2.58 ശതമാനമായി കൂപ്പുകുത്തി. മൂന്നു വര്‍ഷമായി നേരിടുന്ന പ്രകൃതിദുരന്തങ്ങളും കൊറോണയും സമ്പദ് വ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്. വളര്‍ച്ചാനിരക്ക് കുറഞ്ഞതും വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധി വര്‍ധിപ്പിച്ചു. കൊവിഡിനെ തുടര്‍ന്നുള്ള അടച്ചിടല്‍ ഇത് രൂക്ഷമാക്കി. കൊവിഡ് വ്യാപനം മൂലം 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സമ്പദ് വ്യവസ്ഥ 26 ശതമാനമായി ചുരുങ്ങുമെന്നും വിലയിരുത്തിയിട്ടുണ്ട്.
റവന്യൂ വരുമാനം വന്‍തോതിലാണ് കുറഞ്ഞത്. 2018-19 നെ അപേക്ഷിച്ച് 2629.8 കോടിയുടെ കുറവ്. തനത് നികുതി വരുമാനം ഒമ്പതില്‍ നിന്ന് മൈനസ് 0.6 ആയി. അതേസമയം, നികുതിയേതര വരുമാനം വര്‍ധിച്ചു. എന്നാല്‍, മൊത്തം ബാധ്യതപ്പെട്ട ചെലവ് വര്‍ധിച്ചു. മൊത്തം റവന്യൂ ചെലവിന്റെ 74.70 ശതമാനം പെന്‍ഷനും ശമ്പളത്തിനും മറ്റുമായി ചെലവിടുന്നു.
സംസ്ഥാനത്തിന്റെ കടബാധ്യത 2,60,311.37 കോടിയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കടബാധ്യതയില്‍ 64.08 ശതമാനം ആഭ്യന്തര കടം ആണ്. ആഭ്യന്തര കടം 1,65,960 കോടിയായി വര്‍ധിച്ചു. ആഭ്യന്തര കടത്തിന്റെ വര്‍ധനവ് 9.91 ശതമാനവുമായി. പണപ്പെരുപ്പം 2020ല്‍ ആറ് മുതല്‍ ഏഴ് ശതമാനം വരെ ഉയര്‍ന്നു. കാര്‍ഷിക മേഖലയും അനുബന്ധ മേഖലയുടെയും വളര്‍ച്ച നിരക്ക് നെഗറ്റീവ് ആയി തന്നെ തുടരുകയാണ്. കാര്‍ഷിക വായ്പ 73,034 കോടിയായി. പണപ്പെരുപ്പം 2020ല്‍ ആറ് മുതല്‍ ഏഴ് ശതമാനം വരെ ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയായി. 2020ലെ ഒമ്പത് മാസത്തിനിടെ ഉണ്ടായ നഷ്ടം 25,000 കോടിയാണ്.
നെല്ലിന്റെയും പച്ചക്കറിയുടെയും ഉത്പാദനം വര്‍ധിച്ചതും കൃഷിഭൂമിയുടെ അളവ് വര്‍ധിച്ചതും മാത്രമാണ് ഏക ആശ്വാസം. നെല്ലുത്പാദനം 1.52 ശതമാനമെന്നത് എന്നത് 5.24 ആയി വര്‍ധിച്ചു. കരനെല്‍ കൃഷി 46 ശതമാനത്തിലെത്തി. പച്ചക്കറി ഉത്പാദനം 23 ശതമാനം വര്‍ധിച്ചുവെന്നും ഇന്നലെ ധനമന്ത്രി നിയമസഭയുടെ മേശപ്പുറത്തുവച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രവാസികള്‍ കൂട്ടത്തോടെ തിരികെ വരുന്നു
2018ലെ കേരള മൈഗ്രേഷന്‍ സര്‍വെ പ്രകാരം ആകെ പ്രവാസികളുടെ 60 ശതമാനം തിരിച്ചെത്തിയെന്നാണ് കണ്ടെത്തല്‍. 12.95 ലക്ഷം പ്രവാസികളാണ് തിരിച്ചെത്തിയത്. കൊവിഡ് വ്യാപനം ഇതിന്റെ തോത് വര്‍ധിപ്പിക്കുമെന്നും വിലയിരുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: