‘അവിദ്യയാ മൃത്യും തീര്ത്ത്വാ
വിദ്യയാമൃതമശ്നുതേ’
അതിപ്രശസ്തമായ ഇൗശാവാസ്യോപനിഷത്തിലെ അതിവിശിഷ്ടമായ മന്ത്രസ്വരങ്ങളാണിത്. കൃത്യമായി പറഞ്ഞാല്‍ പതിനൊന്നാമത്തെ മന്ത്രം. പതിന്നാലാം മന്ത്രത്തിന്റെ അന്ത്യത്തിലും ‘അമൃതം അശ്നുതേ’ എന്ന പദയോഗം കാണാം.
വിദ്യ, അവിദ്യ എന്ന സങ്കല്പങ്ങളെ ഈശം വിവേചിക്കുന്നു. ഇൗശാവാസ്യത്തിലെ വിദ്യയും അവിദ്യയും മുണ്ഡകോപനിഷത്തിലെ പരാവിദ്യക്കും അപരാവിദ്യക്കും തുല്യമാണ്. വിദ്യ പരാവിദ്യയും അവിദ്യ അപരാവിദ്യയും. വിദ്യ പരമാത്മാജ്ഞാനമാണ്. അവിദ്യ ലൗകിക വിജ്ഞാനമാണെന്ന് എന്നറിയുക.
പരമാത്മാ ജ്ഞാനത്തോടു കൂടാത്ത അറിവുകള്‍ ഭൗതിക പുരോഗതി മാത്രം ഉളവാക്കും. ലൗകികവിദ്യാ പാരംഗതര്‍ അതു തന്നെയാണ് പരമമായ വിദ്യയെന്ന് ധരിക്കുന്നു. യഥാര്‍ഥ അറിവു നേടാതെ ലൗകികവിദ്യ മാത്രം ആര്‍ജിക്കുന്നവര്‍ അന്ധകാരത്തില്‍ പതിക്കുന്നു. പിന്നീട് ആത്മജ്ഞാനം നേടുമ്പോള്‍ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് ഉയരുകയും ചെയ്യും.
ജഗത്തിനേയും ഈശ്വരനേയും സമന്വയിപ്പിക്കുന്ന ഋഷി തന്റെ ദര്‍ശനത്തെ ജീവിതത്തിലുടനീളം വ്യാപിപ്പിക്കണമെന്ന് പറയുകയാണ് ഈ മന്ത്രത്തിലൂടെ. അവിദ്യയിലൂടെ മൃത്യുരൂപമായ ജീവിതത്തെ തരണം ചെയ്ത് വിദ്യയിലൂടെ അമൃതത്തെ അനുഭവിക്കൂ എന്ന് ഈശാവാസ്യം ഉപദേശിക്കുന്നു.
അവിദ്യയെ ഉപാസിക്കുന്നത് ആരാണ്? ഉപനിഷത്ത് ഉത്തരവും നല്കുന്നു. ധനാഭിലാഷികള് തന്നെ. എങ്ങനെയും സമ്പത്ത് സ്വരൂപിക്കുക. ബ്രഹ്മജ്ഞാനം ഒഴികെ മറ്റെല്ലാ അറിവുകളും നേടിയവരാണിവര്‍. സമ്പത്തിന്റെ അതിമോഹം മൂലം പരദ്രോഹം ചെയ്യുന്ന ഇവരാണ് ഉപനിഷത് ദൃഷ്ടിയില് ഏറ്റവും മോശക്കാര്.
ഇന്ദ്രിയവേദ്യമായ ലൗകിക ജ്ഞാനത്തെയോ, ബുദ്ധിവിഷയമായ ശാസ്ത്രജ്ഞാനത്തെയോ അല്ല വിദ്യാശബ്ദം സൂചിപ്പിക്കുന്നത്. മറിച്ച് അദൈ്വതമായ ആത്മജ്ഞാനമാണ് വിദ്യ. അതു തന്നെയാണ് അമൃതത്വം.
മറ്റൊരു പ്രമേയം ഈശാവാസ്യം അവതരിപ്പിക്കുന്നു. സംഭൂതിയും അസംഭൂതിയും. ഉല്പത്തിയുള്ളത് സംഭൂതി. ഇല്ലാത്തത് അസംഭൂതി. വിദ്യ, അവിദ്യ, സംഭൂതി, അസംഭൂതി ഇവയെ ഒന്നിച്ചു കാണണം. സംഭൂതി ഭൗതിക ജീവിതത്തിനും അസംഭൂതി അലൗകിക ജീവിതത്തിനുമെന്ന് ശ്രീശങ്കരന് വ്യാഖ്യാനിക്കുന്നു. അലൗകിക ജീവിതമെന്നതിന് മരണാനന്തര ജീവിതമെന്നു വിവക്ഷ. നിസംഗജീവിതം നയിക്കാത്തവനെ ഐഹികജീവിതവും പാരത്രിക ജീവിതവും രക്ഷിക്കുകയില്ല.
ഈശാവാസ്യ മഹര്‍ഷി ഈശ്വരനെ കവിയായും പ്രപഞ്ചത്തെ കവിതയായും കല്പിക്കുന്നു. കവി അര്‍ഥം നല്കിയ ശാശ്വതസൃഷ്ടിയാണ് ഇക്കണ്ട വിശ്വം. പ്രപഞ്ചത്തിനും ഈശ്വരനും കര്‍മത്തിനും ജ്ഞാനത്തിനും വിദ്യക്കും അവിദ്യയ്ക്കും സംഭൂതിക്കും അസംഭൂതിക്കും അങ്ങനെ വിരുദ്ധകോടിയില്‍ നില്ക്കുന്ന സമസ്തദ്വന്ദ്വങ്ങളെയും ഒന്നിപ്പിച്ച് ഏകത്വത്തോടു കൂടിയ സത്തയാണെന്ന് വിളംബരം ചെയ്യുന്നു.
സാധാരണ മനുഷ്യരുടെ കര്‍മങ്ങളും അറിവുള്ളവരുടെ ഈശ്വരാരാധനാപരമായ കര്‍മങ്ങളും നിസ്സംഗതയോടെ ചെയ്യണം. വിദ്യ നേടിയവന് നിസംഗനെങ്കില് ഇരുട്ടില്‍ നിന്നും ഇരുട്ടിലേക്ക് പോകും. കര്‍മത്തിന്റെ പാരതന്ത്ര്യത്തില്‍ നിന്നും ഭക്തിവഴി നിസംഗത നേടാം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: