പാരീസ്: ഫ്രഞ്ച് സൂപ്പര്‍ കപ്പില്‍ പിഎസ്ജിക്ക് കിരീടം. ഫൈനലില്‍ മേര്സിലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി. സൂപ്പര്‍ താരം നെയ്മര്‍, മൗറോ ഇക്കാര്‍ഡി എന്നിവരുടെ ഗോളിലാണ് പിഎസ്ജി കിരീടത്തിലേക്കെത്തിയത്. 39-ാം മിനിറ്റില്‍ ഇക്കാര്‍ഡിയാണ് പിഎസ്ജിക്കായി ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് ഒരു ഗോളിന്റെ ലീഡുമായി ആദ്യ പകുതി അവസാനിപ്പിച്ച പിഎസ്ജി 85-ാം മിനിറ്റില്‍ ലീഡ് വര്‍ധിപ്പിച്ചു. പെനാല്‍റ്റിയിലൂടെ നെയ്മറാണ് ഗോള്‍ നേടിയത്. കളി തീരാന്‍ ഒരു മിനിറ്റ് ശേഷിക്കെ ദിമിത്രി പായേറ്റ് മേര്സലിനായി ആശ്വാസ ഗോള്‍ നേടി.
പരിക്കിന്റെ പിടിയിലായിരുന്ന നെയ്മര്‍ കഴിഞ്ഞ ഡിസംബറിന് ശേഷം ഇതാദ്യമായാണ് കളിക്കാനിറങ്ങിയത്. സീസണില്‍ മികച്ച പ്രകടനം നടത്താനാകാതെ പോയ ഇക്കാര്‍ഡിക്കും ഫൈനലിലെ ഗോള്‍ ആശ്വാസമായി. പിഎസ്ജിക്കൊപ്പം പരിശീലകനായെത്തിയ പൊച്ചട്ടീനോയുടെ ആദ്യ കിരീടമാണിത്. കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കുകയാണ് ലക്ഷ്യമെന്നും ആദ്യത്തേത് എന്നും പ്രത്യേകത നിറഞ്ഞതാണെന്നും പൊച്ചട്ടീനോ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: