ബ്രിസ്ബെയ്ന്‍: ഇത്രത്തോളം ഒരു ടീമിനെ പരുക്കലട്ടുന്നത് ക്രിക്കറ്റ് ചരിത്രത്തില്‍ അപൂര്‍വമായിരിക്കും. ആദ്യ പതിനൊന്നില്‍ കളിക്കേണ്ട ഏഴിലധികം താരങ്ങള്‍ പലപ്പോഴായി പൊഴിഞ്ഞ് പോയി. ഇന്ന് ബുംറ കൂടി പുറത്തിരുന്നാല്‍ മുഹമ്മദ് സിറാജാകും ഇന്ത്യന്‍ ബൗളിങ്ങിനെ നയിക്കുക. കിരീടം നിലനിര്‍ത്താന്‍ രണ്ടും കല്‍പ്പിച്ച് ബ്രിസ്ബെയ്നിലിറങ്ങുന്ന ഇന്ത്യക്ക് വില്ലനായി മുന്നില്‍ നില്‍ക്കുന്നത് പരിക്ക് തന്നെ.
മുന്‍ നിര താരങ്ങളില്ലാതെ, അവസാന മത്സരം വരെ പോരാട്ടം അവസാനിപ്പിക്കാതെയുള്ള ഇന്ത്യന്‍ ടീമിന്റെ മുന്നേറ്റം അവിസ്മരണീയമാണ്. തോല്‍വി മുന്നില്‍ കണ്ട സിഡ്നിയിലെ കഴിഞ്ഞ ടെസ്റ്റില്‍ ഇന്ത്യ നടത്തിയ ചെറുത്തു നില്‍പ്പ് പ്രശംസയില്‍ നിറയുന്നതിനിടെയാണ് ഗാബ ടെസ്റ്റെത്തുന്നത്. ബ്രിസ്ബെയ്നില്‍ സമനില പോലും ഇന്ത്യക്ക് പരമ്പര ഉറപ്പിക്കും. മറുവശത്ത് വിജയത്തില്‍ കുറഞ്ഞൊന്നും ഓസ്ട്രേലിയ ലക്ഷ്യമിടുന്നില്ല.
കഴിഞ്ഞ ടെസ്റ്റില്‍ വിജയം കൈവിട്ടു പോയതിന്റെ വിമര്‍ശനങ്ങള്‍ക്കിടയിലാണ് ഓസീസ് ടീം. വിജയിക്കുന്നവര്‍ക്ക് പരമ്പര എന്ന നിലയിലായതിനാല്‍ ഇരു ടീമും ആക്രമിച്ച് കളിക്കാനാണ് സാധ്യത. നിര്‍ണ്ണായക സമയങ്ങളില്‍ കരുത്താര്‍ജിക്കുന്ന യുവതാരങ്ങളാണ് ഇന്ത്യന്‍ പടയുടെ കരുത്ത്.
ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതുള്ള പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്സല്‍വുഡ് എന്നിവര്‍ അണിനിരക്കുന്ന ഓസീസ് ബൗളിങ്ങിന് ഇന്ത്യ പകരം വയ്ക്കുന്നത് ബുംറയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജ് അടക്കമുള്ള യുവ താരങ്ങളെ. ഓസീസ് നിരയില്‍ പരിക്കേറ്റ ഓപ്പണര്‍ പുക്കോവ്സ്കിക്ക് പകരം മാര്‍കസ് ഹാരിസ് തിരിച്ചെത്തിയേക്കും. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ അഭാവം ബൗളിങ്ങിന് പുറമെ ബാറ്റിങ് നിരയിലും ഇന്ത്യക്ക് തിരിച്ചടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: