തിരുവനന്തപുരം: വിവിധ കാരണങ്ങളാല്‍ സസ്പെന്‍ഡ് ചെയ്ത ജീവനക്കാരെ സിഎംഡിയുടെ അനുമതി ഇല്ലാതെ തിരിച്ചെടുത്ത കെഎസ്ആര്‍ടിസി വിജിലന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.എം. ഷറഫ് മുഹമ്മദിന് സിഎംഡി ബിജുപ്രഭാകര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കി.
പോക്സോ വകുപ്പ് ചുമത്തിയ കേസില്‍ റിമാന്‍ഡ് ചെയ്ത കാസര്‍കോട് ഡിപ്പോയിലെ സെലക്ഷന് ഗ്രേഡ് അസിസ്റ്റന്റായ ഹരീഷ് എസ്. മുരളിയേയും, 2020 ഒക്ടോബര്‍ 12 ന് സസ്പെന്‍ഡ് ചെയ്ത അഞ്ച് മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരെയും ഒക്ടോബര്‍ 13ന് വിദേശ മദ്യം കടത്തിയ കേസില്‍ സസ്പെന്‍ഡ് ചെയ്ത പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവരെയും സിഎംഡിയുടെ അനുമതി ഇല്ലാതെ തിരിച്ചെടുത്ത നടപടിയിലാണ് നോട്ടീസ് നല്‍കിയത്.
പോക്സോ കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട ജീവനക്കാരന്റെ വകുപ്പുതല നടപടി സിഎംഡിയുടെ അനുമതിയില്ലാതെ തീര്‍പ്പാക്കി ജോലിയില്‍ പുനഃപ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയത് വിജിലന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഭാഗത്ത് നിന്നുള്ള ഗുരുതരമായ കൃതൃവിലോപവും ജാഗ്രതക്കുറവുമാണെന്നും ഈ കാരണങ്ങളാല്‍ അച്ചടക്ക നടപടി സ്വീകരിക്കാതിക്കാന്‍ മതിയായ കാരണമുണ്ടെങ്കില്‍ രണ്ട് ദിവസത്തിനകം മറുപടി സമര്‍പ്പിക്കണമെന്നും സിഎംഡി നല്കിയ കാരണം കാണിക്കല്‍ ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: