പത്തനംതിട്ട: ശരണമന്ത്രമലരുകള്‍ പൊന്നലുക്കുകള്‍ചാര്‍ത്തിയസന്നിധാനത്ത് തിരുവാഭരണംചാര്‍ത്തിയ അയ്യപ്പസ്വാമിയെ കൈവണങ്ങി,കിഴക്കന്‍ചക്രവാളത്തില്‍ ഉദിച്ചുയര്‍ന്ന മകരനക്ഷത്രത്തേയും പൊന്നമ്പലമേട്ടില്‍ തെളിഞ്ഞ മകരവിളക്കിനേയും വന്ദിച്ച് ഭക്തര്‍ ശബരിമലയിറങ്ങി.കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായിരുന്നതിനാല്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഭക്തര്‍കുറവായിരുന്നെങ്കിലും തിരുവാഭരണവിഭൂഷിതനായ ശബരീശനെകാണാന്‍ ആയിരങ്ങള്‍ സന്നിധാനത്ത് എത്തിയിരുന്നു.
മകരസംക്രമസന്ധ്യയില്‍ മണിണ്ഠസ്വാമിക്ക് ചാര്‍ത്താനായി പന്തളം കൊട്ടാരത്തില്‍ നിന്നുംകൊടുത്തയച്ച തിരുവാഭരണങ്ങളുമായുള്ളഘോഷയാത്ര ഇന്നലെ വൈകിട്ട് ആറരയോടെ സന്നിധാനത്ത് എത്തി. തിരുവാഭരണപേടകങ്ങളെ ശരംകുത്തിയില്‍നിന്നും ദേവസ്വംബോര്‍ഡ് അധകൃതരും അയ്യപ്പഭക്തസംഘടനകളും, നാഗസ്വരം, പഞ്ചവാദ്യം, തകില്, ചെണ്ടമേളം, കര്‍പ്പൂരാഴി, തീവെട്ടി എന്നിവയുടെ അകമ്പടിയോടെ ശരണമന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു.തിരുവാഭരണപേടകം പതിനെട്ടാംപടിയിലേക്കും വെള്ളിപ്പെട്ടിയും കൊടിപ്പെട്ടിയും മാളികപ്പുറത്തേക്കും കൊണ്ടുപോയി. പതിനെട്ടാംപടികടന്നെത്തിയ തിരുവാഭരണപേടകത്തെ തിരുമുറ്റത്ത് ദേവസ്വംപ്രസിഡന്റിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച് ശ്രീകോവിലിനുമുന്നിലേക്ക് ആനയിച്ചു. തുടര്‍ന്ന് തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി എന്നിവര്‍ചേര്‍ന്ന് തിരുവാഭരണപേടകം ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോയി.നടഅടച്ചശേഷം തിരുവാഭരണങ്ങള്‍ അയ്യപ്പവിഗ്രഹത്തില്ചാര്ത്തി നടതുറന്ന് ദീപാരാധന നടത്തി. ഈസമയം പൊന്നമ്പലമേട്ടില്‍ കര്‍പ്പൂരദീപം തെളിഞ്ഞു. കിഴക്കെ മാനത്ത് മകരനക്ഷത്രവും ഉദിച്ചുയര്‍ന്നു. ദീപാരാധനയ്ക്ക് ശേഷം അയ്യപ്പസ്വാമിയെദര്ശിക്കാനായി ഭക്തരുടെ വന്‍തിരക്ക് അനുഭവപ്പെട്ടു.ഇന്നലെ രാവിലെ 8.14 നായിരുന്നു മകരസംക്രമപൂജ.തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും കൊടുത്തുവിട്ട അയ്യപ്പ മുദ്രയിലെ നെയ്യ് പൂജാവേളയില്‍ തന്ത്രി കണ്ഠര് രാജീവര് അയ്യപ്പ വിഗ്രഹത്തില്‍ അഭിഷേകം നടത്തി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍.വാസു, അംഗങ്ങളായ കെ.എസ്.രവി, പി.എം.തങ്കപ്പന്, സ്പെഷ്യല്‍ കമ്മീഷണര്‍ എം.മനോജ്, ദേവസ്വം കമ്മീഷണര്‍ ബി.എസ്. തിരുമേനി, എ.ഡി.ജി.പി. എസ്. ശ്രീജിത്ത്, ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, എ.ഡി.എം. ഡോ. അരുണ്‍ വിജയ്, ചീഫ് എന്‍ജിനിയര്‍ ജി.കൃഷ്ണകുമാര്‍, ദേവസ്വം വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി എസ്പി. പി.ബിജോയ്, സന്നിധാനം പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ കെ.രാധാകൃഷ്ണന്, പത്തനംതിട്ട എസ്പി. പി.ബി.രാജീവ്,ഹരിവരാസനം അവാര്ഡ്ലഭിച്ച വീരമണിരാജു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: