കണ്ണൂര്‍: ദേശീയപാത വികസനത്തിനായി തുരുത്തിയില്‍ സ്ഥലമളന്ന് തിട്ടപ്പെടുത്താനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പ്രതിഷേധം. ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കും മുന്നില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. നിര്‍ദിഷ്ട ദേശീയപാത വികസനത്തിനായി ഭാഗമായി പാപ്പിനിശ്ശേരി തുരുത്തി കോളനി നിവാസികളെ കുടിയൊഴിപ്പിക്കാനെത്തിയ സംഘത്തിന് മുന്നിലാണ് പ്രദേശവാസിയായ രാഹുല്‍ കൃഷ്ണ എന്ന യുവാവ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
സ്ഥലമേറ്റെടുപ്പിന് ദേശീയപാത അധികൃതര്‍ എത്തിയതോടെ കോളനി നിവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. വന്‍ പോലിസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥരെത്തിയത്. പ്രദേശത്തെത്തിയ ഉദ്യോഗസ്ഥരെ തടയാനെത്തിയ കോളനി നിവാസികളും പോലീസും ഉന്തും തള്ളുമുണ്ടായി. പ്രതിഷേധത്തെ തുടര്‍ന്ന് സമരസമിതി നേതാവിനെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 9 മണിയോടെയാണ് സ്ഥലമേറ്റെടുപ്പു നടപടികളുമായി അധികൃതര്‍ എത്തിയത്.
കോളനിക്ക് പുറത്ത് സ്ഥലം വിട്ടു നല്കാന് സമ്മതം നല്‍കിയവരുടെ സ്ഥലവും ഭൂമിയുമാണ് ആദ്യഘട്ടത്തില്‍ അളക്കുന്നതെന്ന് കാണിച്ചാണ് സര്‍വേ തുടങ്ങിയത്. എന്നാല്‍ പിന്നീട് ഉച്ചയോടു കൂടി കോളനിയുടെ മറ്റ് ഭാഗങ്ങള്‍ അളക്കുന്നതിലേക്ക് കടന്നു. ഇതോടെ ആളുകള്‍ സംഘടിച്ചെത്തി. ഇതിനിടയിലാണ് രാഹുലിന്റെ വീടിനടുത്ത് അളവ് നടന്നത്. ഇതോടെ അകത്തു കരുതിയിരുന്ന പെട്രോളുമായി രാഹുല്‍ കൃഷ്ണ പുറത്തെത്തി ദേഹമാസകലം ഒഴിക്കുകയായിരുന്നു. കൂടി നിന്നവരുടെ നേരെയും പെട്രോള്‍ ഒഴിച്ചു. പോലിസിന്റെയും മാധ്യമപ്രവര്‍ത്തകരുടെയും മേല്‍ പെട്രോള്‍ തെറിച്ചു. ഉടന്‍ വെള്ളമൊഴിച്ച് രാഹുലിനെ ആശുപത്രിയിലേക്ക് മാറ്റി.
പ്രദേശത്ത് ആളുകളെ സംഘടിപ്പിച്ചതിനും പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതിനും സമരസമിതി നേതാവ് നിഷില്‍ കുമാറിനെ കസ്റ്റഡിയിലെടുത്തു. കൂടുതല്‍പേരെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമിച്ചത് പ്രതിഷേധത്തിന് കാരണമായി. 29 വീടുകളാണ് പരിസരത്തുള്ളത്. 12 വീട്ടുകാര്‍ സ്ഥലം വിട്ടുനല്‍കാന്‍ സമ്മതം നല്‍കിയിട്ടുണ്ടെന്നാണ് റവന്യൂ അധികൃതര്‍ പറയുന്നു. എന്നാല്‍ വ്യാജ സമ്മതപത്രമാണിതെന്നും അശാസ്ത്രീയമായി റോഡ് നിര്‍മിക്കുന്നതിനെ തുടര്‍ന്ന് തങ്ങളുടെ കോളനി ഇല്ലാതാവുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. 1000 ദിവസത്തോളമായി തുരുത്തി നിവാസികള്‍ കുടിയൊഴിക്കലിനെതിരേ കുടില്‍കെട്ടി സമരം നടത്തി വരികയാണ്. ഇതിനിടയിലാണ് സര്‍വ്വേയ്ക്കായി ഉദ്യോഗസ്ഥരെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: