കാസര്‍കോട്: മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം എസ്എസ്എല്‍സി, പ്ലസ്ടു, രണ്ടാം വര്‍ഷ വിഎച്ച്എസ്ഇ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ആരംഭിച്ചെങ്കിലും കൊവിഡ് ഭീഷണി സ്കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. കൃത്യമായ അകലം പാലിച്ച് ക്ലാസുകള്‍ ക്രമീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശമുണ്ട്. എന്നാല്‍ പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല.
പ്രാദേശിക സാഹചര്യമനുസരിച്ച് 50% വിദ്യാര്‍ഥികളെ ഒന്നോ രണ്ടോ ബാച്ചുകളായി പ്രവേശിപ്പിക്കാനാണ് നിര്‍ദേശം. എങ്കിലും ഗതാഗത സൗകര്യങ്ങള്‍ കുറവുള്ള ഹൈറേഞ്ച് മേഖലയില്‍ ഇത് അപ്രായോഗികമാണ്. ഒരു ബാച്ചില്‍ തന്നെയാണ് മിക്കവാറും വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ഉള്ളത്. ക്ലാസില്‍ ഒരു ബെഞ്ചില്‍ ഒരു വിദ്യാര്‍ഥി വീതം ഇരുന്നാലും സ്കൂള്‍ ബസ് ഇല്ലാത്ത സ്ഥലങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ ഓട്ടോയിലും ടാക്സി വാഹനങ്ങളിലും സാമൂഹിക അകലം പാലിക്കാതെ ഇരുന്നാണ് സ്കൂളിലെത്തുന്നത്.
9 മാസങ്ങള്‍ക്കു ശേഷം സ്കൂളിലെത്തിയ വിദ്യാര്‍ഥികള്‍ ഇടവേളകളില്‍ സൗഹൃദം പങ്കു വയ്ക്കുന്നതും അധ്യാപകര്‍ക്ക് തടയാനാവുന്നില്ല. അധ്യാപകരുടെ എണ്ണം കുറഞ്ഞതും നിയന്ത്രണങ്ങളില്‍ ഇളവിന് വഴിയൊരുങ്ങുന്നു. വിദ്യാര്‍ഥികള്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനു വിലക്കുണ്ടെങ്കിലും അതും പ്രായോഗികമല്ലെന്ന് അധ്യാപകര്‍ പറയുന്നു. സ്കൂള്‍ വാഹനങ്ങളില്‍ സുരക്ഷിത അകലം പാലിക്കാന്‍ സ്കൂള്‍ അധികൃതര്‍ ശ്രമിക്കാറുണ്ട്.
എന്നാല്‍ സ്കൂള്‍ വരുന്നതിന് പൊതുഗതാഗത മാര്‍ഗങ്ങളെ ആശ്രയിക്കുന്ന വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ഇത് നടപ്പാകുന്നില്ല. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ആരോഗ്യ പരിശോധനയ്ക്ക് എല്ലാ സ്കൂളിലും സൗകര്യമൊരുക്കിയിട്ടില്ല. ക്ലാസില്‍ സുരക്ഷിത അകലം പാലിച്ചാലും ലാബ് ഉപകരണങ്ങള്‍ എല്ലാ വിദ്യാര്‍ഥികളും ഒരു പോലെയാണ് ഉപയോഗിക്കുന്നത്. ശുചിമുറികളുടെ കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: