കട്ടപ്പന: ഇടുക്കി ജില്ലയിലെ ആറ് പോലീസ് ക്യാന്റീനുകളുടെ നടത്തിപ്പില്‍ ഗുരുതര ക്രമക്കേടുകളെന്ന് മൂന്നംഗ ഉന്നത സമിതിയുടെ റിപ്പോര്‍ട്ട്. സാമ്പത്തിക ക്രമക്കേടുകളും ഭരണപരമായ കെടുകാര്യസ്ഥതയും സര്‍വീസ് ചട്ട ലംഘനവും നടത്തിയതായും കമ്മിറ്റി കണ്ടെത്തി. തൊടുപുഴ, പീരുമേട്, കട്ടപ്പന, അടിമാലി, മൂന്നാര്‍, നെടുങ്കണ്ടം എന്നിവിടങ്ങളിലാണ് കാന്റീനുകള്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ 14 വര്‍ഷമായി നടത്തിയിരുന്ന ക്യാന്റീനുകളാണ് ഇവയിലധികവും.
നിര്‍മാണം, പ്രവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള അനുമതികളും എവിടെ നിന്നും നേടിയിട്ടില്ല. അടുത്തിടെ നെടുങ്കണ്ടം പോലീസ് കാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ചതുമായി ബന്ധപ്പെട്ടു കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് കാന്റീന്‍ നടത്തിപ്പുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ പുറത്തുവരുന്നത്.
പിന്നാലെ ജില്ലയിലെ പോലീസ് കാന്റീനുകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് എസ്പി ആര്‍. കറുപ്പ സ്വാമി ഡിജിപിക്ക് കഴിഞ്ഞ മാസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഡിസംബര്‍ 20ന് കാന്റീനുകള്‍ അടച്ച് പൂട്ടിക്കുകയും ചെയ്തു. സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇവിടെ നിന്ന് ഭക്ഷണം ലഭിച്ചിരുന്നതിനാല്‍ അന്ന് ഇത് വലിയ വിവാദമായിരുന്നു.
തുടര്‍ന്നാണ് ഡിജിപി റെയില്‍വേ എസ്പി ആര്‍. നിശാന്തിനി, എറണാകുളം റേഞ്ച് ഐജി കാളിരാജ് മഹേഷ്‌കുമാര്‍ ഉള്‍പ്പെട്ട , കണ്ണൂര്‍ റൂറല്‍ എസ്പി നവനീത് ശര്‍മ എന്നിവരുള്‍പ്പെട്ട മൂന്നംഗ സമിതിയെ നിയോഗിച്ചത്. പോലീസ് കാന്റീനുകള്‍ കച്ചവട ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും സാമ്പത്തിക നേട്ടം മാത്രമാണ് ലക്ഷ്യമിട്ടിരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
പോലീസ് കാന്റീനുകള്‍ നടത്തിയിരുന്നത് കയ്യേറിയ ഭൂമിയിലായിരുന്നുവെന്നും കാന്ററീന്‍ നടത്തിപ്പില്‍ നിന്ന് ലഭിച്ചിരുന്ന ലാഭം വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് വകമാറ്റിയിരുന്നതായും കണ്ടെത്തി. താല്‍പര്യമില്ലാതിരുന്നിട്ടും നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ബന്ധപൂര്‍വം കാന്റീനില്‍ ജോലി ചെയ്യേണ്ടി വന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ബാങ്കുകളില്‍ നിന്നും മറ്റു മാര്‍ഗങ്ങളില്‍ നിന്നും ഫണ്ട് സ്വരൂപിച്ച് വ്യാവസായി അടിസ്ഥാനത്തിലാണ് കാന്റീന്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും മറ്റു കച്ചവടക്കാരും അസോസിയേഷനുകളും കാന്റീന്റെ പ്രവര്‍ത്തനത്തെപ്പറ്റി ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
ബില്‍ഡിംഗുകളുടെ പ്രവര്‍ത്തനം നിയമപരമാക്കുന്നതുവരെ സ്ഥാവര സ്വത്തുക്കള്‍ ഇടുക്കി എസ്പി ഏറ്റെടുക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രവര്‍ത്തനം നിയമാനുസൃതമാക്കിയാല്‍ പോലീസുകാര്‍ക്കുള്ള മെസായി ഈ കെട്ടിടങ്ങളുപയോഗിക്കാം. ഒരു കമ്മിറ്റി രൂപീകരിച്ച് അക്കൗണ്ടുകള്‍ ഓഡിറ്റു ചെയ്യണമെന്നും റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവിക്ക് സമര്‍പ്പിക്കമെന്നും പറയുന്ന റിപ്പോര്‍ട്ട് പോലീസുകാരെ ആരെയും മെസ് ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ പാടില്ലെന്നും ഇതിനായി ദിവസ വേതനത്തിന് ആളെ നിയമിക്കാമെന്നും വ്യക്തമാക്കുന്നു. നിലവില്‍ റിപ്പോര്‍ട്ട് ഡിജിപിയുടെ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: