Categories: India

ഗോവയില്‍ ഉല്ലസിക്കാന്‍ പോകുന്നവരുടെ ശ്രദ്ധയ്‌ക്ക്; ബീച്ചിലിരുന്ന് മദ്യപിച്ചാല്‍ 10,000 പിഴ; ഉത്തരവിറങ്ങി

Published by

പനാജി: മാലിന്യപ്രശ്‌നം അതിരൂക്ഷമായതോടെ ഗോവയിലെ ബീച്ചുകളിലിരുന്ന് മദ്യപിക്കുന്നതിന് വിലക്ക്. വിലക്ക് ലംഘിച്ചാല്‍ 10,000 രൂപ വരെ പിഴയീടാക്കുമെന്നും ഉത്തരവില്‍ പറയുന്നു. പോലീസിനാണ് ഇത് സംബന്ധിച്ച ചുമതല നല്‍കിയിരിക്കുന്നത്. ബീച്ചുകളില്‍ മദ്യപിക്കുന്നത് വിലക്കിയതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കാന്‍ ടൂറിസം വകുപ്പ് ബോര്‍ഡുകളും പ്രദേശത്ത് സ്ഥാപിച്ചു. ഗോവ വിനോദ സഞ്ചാര വകുപ്പാണ് വിലക്കേര്‍പ്പെടുത്തി ഉത്തരവ് പുറത്തിറക്കിയത്. പുതുവര്‍ഷാഘോഷത്തിന് ശേഷം മദ്യക്കുപ്പികളും മാലിന്യങ്ങളും ബീച്ചുകളില്‍ നിറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. മദ്യപാനികള്‍ വലിച്ചെറിയുന്ന കുപ്പികള്‍ പൊട്ടി സഞ്ചാരികള്‍ക്ക് പരിക്കേല്‍ക്കുന്നുണ്ട്. ഇതിന് ഒരു പരിഹാരം കാണുന്നതാണ് പുതിയ നിയമം. മദ്യപിക്കുന്നവരെ നിയന്ത്രിക്കാന്‍ ടൂറിസ്റ്റ് പോലീസ് സേനയുണ്ടാക്കാനും സര്‍ക്കാര്‍ ഒരുങ്ങുന്നുണ്ട്

മദ്യപിക്കുന്നത് കണ്ടെത്തിയാല്‍ വ്യക്തിക്ക് 2000 രൂപയും കൂട്ടം ചേര്‍ന്നാണ് മദ്യപിക്കുന്നതെങ്കില്‍ 10,000 രൂപ ചുമത്താനുമാണ് നിര്‍ദ്ദേശം. ഗോവയിലെ ബീച്ചുകളിലെ മാലിന്യം ദിവസേന മൂന്ന് തവണ വൃത്തിയാക്കുമെങ്കിലും മണലിനടിയില്‍ തിരയാന്‍ ബുദ്ധിമുട്ടായതിനാലാണ് പുതിയ തീരുമാനമെന്ന് ടൂറിസം വകുപ്പ് പറയുന്നു. ബീച്ച് ശുചീകരിക്കാനായി ഗോവ സര്‍ക്കാര്‍ പ്രതിവര്‍ഷം 10 കോടി രൂപയാണ് ചെലവഴിക്കുന്നത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by