കൊച്ചി : സംസ്ഥാനത്ത് ആദ്യബാച്ച് കോവിഡ് വാക്സിന് വിതരണത്തിനായി എത്തി. സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് കോവിഷീല്‍ഡ് വാക്സിന് രാവിലെ 10.55 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് എത്തിയത്. മുംബൈയില്‍ നിന്നും ഗോ എയര്‍ വിമാനത്തിലാണ് വാക്സിന് എത്തിച്ചത്.
കാര്‍ഗോ വിഭാഗത്തിലെ ഗേറ്റ് നമ്പര്‍ നാലിലൂടെയാണ് കേരളത്തിലേക്കുള്ള വാക്സിന് വിമാനത്താവളത്തില്‍ നിന്നും പുറത്തെത്തിച്ചത്. 25 ബോക്സുകളായി 1,33,500 ഡോസ് വാക്സിനുകളാണ് എത്തിയത്. വൈകിട്ട് ആറിന് അടുത്ത ബാച്ച് തിരുവനന്തപുരത്ത് എത്തും. വാക്സിനുമായുള്ള ആദ്യ വാഹനം കോഴിക്കോട് ജില്ലയിലേക്ക് പോകും.
ബിജെപിയുടെ ജില്ലാ പ്രസിഡന്റടക്കമുള്ളവര്‍ എത്തി കോവിഡ് വാക്സിന് കൊണ്ടുപോകുന്ന വാഹനത്തെ മാല ചാര്‍ത്തിയാണ് സ്വീകരിച്ചത്. കനത്ത പോലീസ് സുരക്ഷയിലാണ് വാക്സിന് സംഭരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നത്. കേരളത്തില്‍ 4,35,500 ഡോസ് കൊവിഷീല്‍ഡ് വാക്സിനാണ് ആദ്യ ഘട്ടത്തില്‍ കേന്ദ്രം എത്തിക്കുന്നത്. 10 ഡോസ് അടങ്ങുന്ന ഒരു കുപ്പിയാണ് വയല്‍. 1100 ഡോസ് മാഹിയില്‍ വിതരണം ചെയ്യാനുള്ളതാണ്. കൊറോണ രോഗികളുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വാക്സിന് വിതരണത്തില്‍ പ്രഥമ പരിഗണന നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കേരളം ആവശ്യപ്പെട്ടിരുന്നു.
ഓരോ കേന്ദ്രങ്ങളില്‍ നിന്നും ദിവസേന 100 പേര്‍ക്ക് വാക്സിന് നല്‍കും. സര്‍ക്കാര്‍സ്വകാര്യ മേഖലകളിലെ 359549 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന് നല്‍കുക. വാക്സിന്റെ ലഭ്യത അനുസരിച്ച് ഓരോ ജില്ലകളിലും നൂറിലധികം കേന്ദ്രങ്ങള്‍ ഒരുക്കാനാണ് സര്‍ക്കാര്‍ നീക്കം.
വാക്സിന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ മേഖല സംഭരണ ശാലകളിലേക്കാണ് ആദ്യം എത്തിക്കുക. ഇവിടെ നിന്നും പ്രത്യേകം ക്രമീകരിച്ച വാഹനങ്ങളില്‍ വിവിധ ജില്ലകളിലെ വാക്സിനേഷന് കേന്ദ്രങ്ങളിലെത്തിക്കും. എറണാകുളം ജില്ലയില്‍ 12, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 വീതം ബാക്കി ജില്ലകളില്‍ 9 വീതം എന്നിങ്ങനെ 133 വാക്സിനേഷന് കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഉള്ളത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും കോവിഡ് വാക്സിന് എറണാകുളം ജനറല്‍ ആശുപത്രിയിലെ റീജനല്‍ വാക്സിന് സ്റ്റോറില്‍ എത്തിക്കും. അവിടെ നിന്നും ഉച്ചക്ക് തന്നെ മറ്റ് സമീപ ജില്ലകളായ പാലക്കാട്, കോട്ടയം, തൃശൂര്‍, ഇടുക്കി, എറണാകുളം വാക്സിന് റീജനല്‍ സ്റ്റോറില്‍ നിന്ന് അയക്കും. 63,000 പേരാണ് എറണാകുളം ജില്ലയില്‍ പ്രതിരോധ മരുന്നിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 12 കേന്ദ്രങ്ങളിലായാണ് പ്രതിരോധ കുത്തിവെപ്പ് എറണാകുളത്ത് നടത്തുക.
1.80 ലക്ഷം ഡോസ് വാക്സിന് പ്രത്യേക താപനില ക്രമീകരിച്ച 25 ബോക്സുകളിലായാണ് എത്തിച്ചിട്ടുള്ളത്. ഒരു ബോക്സില്‍ 12000 ഡോസ് വീതം 25 ബോക്സുകള്‍ ഉണ്ടാവും. ഇതില്‍ 15 ബോക്സുകള്‍ എറണാകുളത്തിനാണ്. എറണാകുളത്താണ് കൂടുതല്‍ പേര്‍ക്കുള്ള കുത്തിവെപ്പ് എടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: