ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പഠിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച സമിതിയെ അംഗീകരിക്കില്ലെന്ന് സിപിഎം. സുപ്രീം കോടതിയുടെ തീരുമാനത്തില്‍ തൃപ്തിയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കണമെന്നതാണ് കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യം. നിയമങ്ങള്‍ പാസാക്കിയ പാര്‍ലമെന്റ് തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും യെച്ചൂരി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ആദ്യം കര്‍ഷകരുമായി ചര്‍ച്ച നടത്തണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. അതില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണം. കോടതി നിയോഗിച്ച സമിതിയുടെ ഉദ്ദേശം വ്യക്തമല്ല. സ്വാമിനാഥന്‍ കമീഷന്റെ നിര്‍ദേശങ്ങള്‍ ഇപ്പോഴും പാലിച്ചിട്ടില്ല. നിലവിലെ നിയമം പാര്‍ലമെന്റ് പിന്‍വലിക്കണമെന്നും യെച്ചൂരി പ്രതികരിച്ചു. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ സമരം തുടങ്ങിയശേഷം ഇതുവരെ എട്ടിലധികം തവണ കര്‍ഷകരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇതു മറച്ചുവെച്ചാണ് ഇപ്പോള്‍ കോടതി നിയോഗിച്ച സമിതിക്കെതിരെ സിപിഎം രംഗത്തെത്തിയിരിക്കുന്നത്.
















