വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് യുഎസ് കാപ്പിറ്റോളില്‍ നടന്ന അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് അദ്ദേഹത്തെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിനെതിരെ വാദിക്കാൻ തന്റെ സ്വകാര്യ അഭിഭാഷകൻ റൂഡി ജിയൂലിയാനിയെ സമീപിച്ചേക്കാമെന്ന് ട്രംപിന്റെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച ട്രംപിന്റെ നിയമ പോരാട്ടത്തിന് നേതൃത്വം നൽകിയത് റൂഡി ജിയൂലിയാനിയായിരുന്നു. അദ്ദേഹത്തിന്റെ സഹായം ട്രംപിന് ലഭിക്കുമെന്നാണ് ട്രംപിന്റെ വക്താക്കള്‍ പറയുന്നത്. ഇംപീച്ച്‌മെന്റ് ശ്രമങ്ങളിൽ ജിയൂലിയാനി പ്രധാന പങ്കുവഹിക്കുമെന്ന് വൈറ്റ് ഹൗസിന്റെ ബാഹ്യ ഉപദേഷ്ടാവും പറയുന്നു.
25-ാം ഭേദഗതി നടപ്പാക്കാനും ട്രംപിനെ സ്ഥാനത്തുനിന്ന് നീക്കാനും വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനും ട്രംപിന്റെ ക്യാബിനറ്റിനും ഹൗസ് ഡമോക്രാറ്റുകൾ തിങ്കളാഴ്ച നിര്‍ദ്ദേശം നല്‍കുമെന്ന് പ്രതിനിധി ടെഡ് ലിയു പറഞ്ഞു. “അമേരിക്കൻ സർക്കാരിനെതിരെ മനഃപ്പൂര്‍വ്വം അക്രമത്തിന് പ്രേരിപ്പിക്കുകയും, സര്‍ക്കാര്‍ സ്വത്തുവകകള്‍ നശിപ്പിക്കുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളിലും തെറ്റായ പ്രവർത്തനങ്ങളിലും ട്രംപ് ഏർപ്പെട്ടു” എന്ന് അവർ ആരോപിക്കുന്നു. ബുധനാഴ്ച, സായുധ പ്രക്ഷോഭകർ യുഎസ് ക്യാപിറ്റോളിലേക്ക് അതിക്രമിച്ചു കയറി, പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയം സാധൂകരിക്കുന്നതിനായി നടന്നുകൊണ്ടിരുന്ന ഇലക്ടറല്‍ വോട്ടുകൾ എണ്ണുന്നത് നിർത്തലാക്കാന്‍ നടത്തിയ ആക്രമണത്തില്‍ ഒരു പോലീസ് ഓഫീസറടക്കം അഞ്ച് പേര്‍ കൊല്ലപ്പെടുകയും മന്ദിരത്തിന് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. തന്റെ അനുയായികളോട് ക്യാപിറ്റോളിലേക്ക് പോകാനും, ശക്തി തെളിയിക്കാനും ട്രംപ് ആഹ്വാനം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു.
2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ ആരോപണത്തെക്കുറിച്ച് മുൻ സ്പെഷ്യൽ കൗൺസൽ റോബർട്ട് മുള്ളറുടെ അന്വേഷണത്തിൽ ആരോപണ വിധേയരായ മുന്‍ അഭിഭാഷകരെ ചുമതലപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന വസ്തുത കണക്കിലെടുത്ത് പ്രസിഡന്റിന്റെ അഭിഭാഷകരെ തിരഞ്ഞെടുക്കുന്നതില്‍ പരിമിതികളുണ്ട്.
കഴിഞ്ഞ വർഷം ഇംപീച്ച്‌മെന്റ് വിചാരണയ്‌ക്കിടെ പ്രതിരോധ സംഘത്തെ നയിക്കാൻ സഹായിച്ച വൈറ്റ് ഹൗസ് കൗൺസിലർ പാറ്റ് സിപ്പോലോൺ, ക്യാപിറ്റോളിലെ ഉപരോധത്തെത്തുടർന്ന് കഴിഞ്ഞ ആഴ്ച രാജിവയ്‌ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ ദീർഘകാല അഭിഭാഷകരായ ജയ് സെകുലോയും അദ്ദേഹത്തെ പ്രതിരോധിക്കാൻ സാധ്യതയില്ലെന്നറിയുന്നു.
ഹാർവാർഡ് ലോ പ്രൊഫസർ എമെറിറ്റസ് അലൻ ഡെർഷോവിറ്റ്സ് വെള്ളിയാഴ്ച പറഞ്ഞത് ട്രംപ് സഹായം ആവശ്യപ്പെട്ടാൽ അദ്ദേഹത്തെ ബഹുമാനിക്കുമെന്നാണ്. എന്നാല്‍, ഞായറാഴ്ച താൻ തീരുമാനമെടുത്തിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. 25-ാം ഭേദഗതി പെൻസ് ആവശ്യപ്പെടുന്നില്ലെങ്കിൽ ഡെമോക്രാറ്റുകൾ പ്രസിഡന്റിനെ ഇംപീച്ച് ചെയ്ത് ഈ ആഴ്ച മുന്നോട്ട് പോകുമെന്ന് ഹൗസ് സ്പീക്കർ നാൻസി പെലോസി പറഞ്ഞു. പെൻസ് പരാജയപ്പെട്ടാൽ, ട്രംപിനെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യാന്‍ ഡമോക്രാറ്റുകൾ ഉടൻ പ്രവര്‍ത്തനം തുടങ്ങുമെന്ന് പെലോസി തന്റെ അംഗങ്ങൾക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: